- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, ശക്തമായ ആയുധത്തെ നിങ്ങൾക്ക് ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല; ജീവിതം നമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നു; ഇന്ന് നമ്മൾ തോറ്റിട്ടില്ല; പകരം ഒരു പാഠം പഠിച്ചു, വലിയ പാഠം'; പോർച്ചുഗീസ് കോച്ചിന് മറുപടിയുമായി ജോർജിന റോഡ്രിഗസ്
ദോഹ: ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന് മറുപടിയുമായി ക്രിസ്റ്റിയാനോയുടെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. ക്രിസ്റ്റിയാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന സാന്റോസിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും പിന്നീട് ഗ്രൗണ്ടിൽ ഇറങ്ങിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നുവെന്നും ജോർജിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ വ്യക്തി ഇന്നും തെറ്റായ തീരുമാനമെടുത്തു. നിങ്ങൾക്ക് ഏറെ ആരാധനയും ബഹുമാനവുമുള്ള വ്യക്തിയാണ് അയാൾ. നിങ്ങൾ കളത്തിലിറങ്ങുമ്പോൾ കളി എങ്ങനെയാണ് മാറിമറിയുന്നതെന്ന് ആ വ്യക്തി പല തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് ഏറെ വൈകിപ്പോയി. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ നിങ്ങൾക്ക് ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല. ജീവിതം നമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നു. ഇന്ന് നമ്മൾ തോറ്റിട്ടില്ല. പകരം ഒരു പാഠം പഠിച്ചു. വലിയ പാഠം' ജോർജിന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ക്രിസ്റ്റിയാനോയുടെ ചിത്രത്തിനൊപ്പം കുറിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പുറത്തിരിക്കുന്നത്. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും താരം പുറത്തായിരുന്നു. അന്ന് ഹാട്രിക് നേടിയ ഗോൺസാലോ റാമോസാണ് മൊറോക്കോയ്ക്കെതിരേയും കളിച്ചത്. 51-ാം മിനിറ്റിൽ റൂബൻ നവാസിന് പകരം ക്രിസ്റ്റ്യാനോ ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.
ഫലം മൊറോക്കോയ്ക്കെതിരെ പോർച്ചുഗൽ തോൽക്കുകയും ചെയ്തു. ഇതോടെ പോർച്ചുഗൽ സെമി കാണാതെ പുറത്ത്. ക്രിസ്റ്റ്യാനോയാവട്ടെ തന്റെ അവസാന ലോകകപ്പാണ് കളിച്ചിരുന്നത്. ഇത്തരത്തിൽ അവസാനിക്കണമെന്ന് അദ്ദേഹവും കരുതിക്കാണില്ല. റൊണാൾഡോയെ ഫസ്റ്റ് ഇലവനിലേക്ക് പരിഗണിക്കാത്ത പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെതിരെ രൂക്ഷ വിമർശനമാണ് ജോർജിന റോഡ്രിഗസ് ഉയർത്തുന്നത്. താരത്തെ പുറത്തിരുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ജോർജിന ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടു.
ഇതാദ്യമായിട്ടില്ല ജോർജിന സാന്റോസിനെതിരെ സംസാരിക്കുന്നത്. സ്വിറ്റ്സർലൻഡിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോഴും ജോർജിന സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോർജിന ഇൻസ്റ്റയിൽ കുറിച്ചത്. ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര് മുഴക്കുന്നത് ഒരുസമയവും നിർത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെർണാണ്ടോയും കൈകോർത്ത് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോർജിന കുറിച്ചിട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്