- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഒട്ടേറെ വിവാദ തീരുമാനങ്ങൾ; പുറത്തെടുത്തത് 18 മഞ്ഞക്കാർഡുകൾ; മെസ്സിയുടെ വിമർശനത്തിന് വിധേയനായ വിവാദ റഫറി ഇനി ലോകകപ്പിനില്ല; ലാഹോസിനെ നാട്ടിലേക്ക് മടക്കി അയച്ച് ഫിഫ; അർജന്റീന - ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ഡാനിയേല ഓർസാറ്റ്
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന- നെതർലൻഡ്സ് ക്വാർട്ടർ പോരാട്ടത്തിനിടെ വിവാദ തീരുമാനങ്ങൾ കൊണ്ട് നിറംകെടുത്തിയ വിവാദ റഫറി അന്റോണിയോ മത്തേയു ലാഹോസ് ഇനി ലോകകപ്പിനുണ്ടാകില്ല. ലാഹോസിനെ ഫിഫ നാട്ടിലേക്കയച്ചതായാണ് റിപ്പോർട്ട്. കളിയിലെ റഫറിയുടെ സമീപനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങൾ രംഗത്തുവന്നിരുന്നു. ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചതോടെ ഏതാനും റഫറിമാരുടെ സേവനം ഫിഫ മതിയാക്കി. ഇതിലാണ് വിവാദ റഫറിയും ഉൾപ്പെട്ടത്.
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി, ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാൻ അൽപം കൂടി നിലവാരമുള്ള റഫറിമാറെ നിയോഗിക്കണമെന്നാണ് മെസി പറഞ്ഞത്. നടപടിയെടുക്കുമെന്നുള്ളതിനാൽ കൂടുതലൊന്നും സംസാരിക്കുന്നില്ലെന്നും മെസി പറഞ്ഞു.
റഫറിയോട് മോശമായി പെരുമാറിയതിനും വിമർശിച്ചതിനും മെസി അടക്കമുള്ള അർജന്റീന താരങ്ങൾക്ക് ഫിഫയുടെ വിലക്ക് വരുമോയെന്നും ക്രൊയേഷ്യയുമായുള്ള നിർണായക സെമി പോരാട്ടം മെസിക്ക് നഷ്ടമാകുമോയെന്നും ആശങ്കയുയർന്നിരുന്നു.
ലോകകപ്പിലെ വാശിയേറിയ നെതർലാൻഡ്‌സ്-അർജന്റീന പോരാട്ടത്തിൽ മത്സരം നിയന്ത്രിച്ച അന്റോണിയോ മാത്യു ലാഹോസ് എട്ട് അർജന്റീന താരങ്ങൾക്കും ആറ് നെതർലാൻഡ് താരങ്ങൾക്കും മഞ്ഞക്കാർഡ് കാണിച്ചിരുന്നു. ഷൂട്ടൗട്ടിനൊടുവിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രീസിനെ ലഹോസ് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കിയതിനും മൈതാനം സാക്ഷിയായി.
Mateu Lahoz has been sent home and will no longer referee at the World Cup. pic.twitter.com/O2apPDnBpL
- SPORTbible (@sportbible) December 12, 2022
താരങ്ങൾക്ക് മാത്രമല്ല കോച്ചിങ് സ്റ്റാഫിനും മഞ്ഞക്കാർഡ് കിട്ടി. ആകെ 18 മഞ്ഞക്കാർഡുകളാണ് പുറത്തെടുത്തത്. ലോകകപ്പിലെ എക്കാലത്തെയും റെക്കോഡാണ് ഇത്. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും കാർഡ് ലഭിച്ചവരിൽ ഉൾപ്പെടും.
ലൂസേഴ്സ് ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പിൽ അവശേഷിക്കുന്നത്. ഈ മത്സരങ്ങളിൽ ലാഹോസ് ഉണ്ടാവില്ല. എന്നാൽ ലാഹോസിനെ ഒഴിവാക്കിയെന്ന് ഫിഫയോ റഫറിയിങ് പാനലോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്പാനിഷ് ലീഗിലും വിവാദ തീരുമാനങ്ങളിലൂടെ നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ചയാളാണ് ലാഹോസ്.
അതേസമയം ക്രൊയേഷ്യ- അർജന്റീന സെമി ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് ഇറ്റാലിയൻ റഫറി ഡാനിയേല ഓർസാറ്റ് ആയിരിക്കും. നെതർലൻഡ്സിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അർജന്റൈൻ ടീം വ്യാപക പരാതി ഉയർത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചത്. ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളാണ് ഓർസാറ്റ്. ഈ ലോകകപ്പിലെ ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരവും നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒർസാറ്റിന്റെ പേരിനാണ് മുൻതൂക്കം. കളിയുടെ ഒഴുക്ക് നഷ്ടമാവാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും,കളിക്കാരെ സൗഹാർദ പൂർവ്വം നിലയ്ക്ക് നിർത്തുന്നതിലും മിടുമിടുക്കനാണ് ഒർസാറ്റ്. അർജന്റീനയുടെ മെക്സികോക്കെതിരായ മത്സരം നിയന്ത്രിച്ചതും ഇതേ ഒർസാറ്റാണ്. അന്ന് നല്ല രീതിയിൽ മത്സരം നിയന്ത്രിച്ചതിനാലാണ് ടെക്നിക്കൽ മീറ്റിംഗിൽ അർജന്റൈൻ പ്രതിനിധികൾ ഒർസാറ്റോയെ എതിർക്കാതിരുന്നത്.
യൂറോ കപ്പ് ഫൈനൽ, ചാമ്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ നിയന്ത്രിച്ച പരിചയം 46കാരനായ ഒർസാറ്റിനുണ്ട്. കഴിഞ്ഞ ലോകകപ്പിലാണ് ഒർസാറ്റ് ആദ്യമായി ലോകകപ്പിൽ അരങ്ങേറിയത്. ഡെന്മാർക്ക്-ക്രൊയേഷ്യ പോരാട്ടത്തിൽ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.
സ്പോർട്സ് ഡെസ്ക്