- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിൽ ശേഷിക്കുന്നത് നാല് ടീമുകൾ; നാല് മത്സരങ്ങളും; ആരു നേടും ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും; ഗോൾവേട്ടയിൽ മുന്നിൽ എംബപ്പെ; പിന്നാലെ മെസിയും ജിറൂദും ക്രമാരിച്ചും
ദോഹ: ഖത്തർ ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകുകയാണ്. 32 ടീമുകൾ തുടങ്ങിയ കിരീട പോരാട്ടം നാലിലേക്ക് ചുരുങ്ങിയിരിക്കുന്നു. ക്വാർട്ടർ അവസാനിച്ചപ്പോൾ 158 ഗോളുകളാണ് ഇതുവരെ പിറന്നത്. കിലിയൻ എംബപ്പെയാണ് ഗോൾവേട്ടയിൽ മുന്നിൽ. അർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളിൽ നിന്നായി രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേരാണ് ഗോൾഡൻ ബൂട്ടിനായി ഇത്തവണ പോരടിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ആറ് ഗോളുമായി ഹാരി കെയ്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയുടെ പേരിൽ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബപ്പെ പേരിൽ ചേർത്തു. അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ലയണൽ മെസ്സിയാണ് രണ്ടാമത്. അഞ്ച് കളിയിൽ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഒളിവിയർ ജിറൂദുമുണ്ട് 4 ഗോളുമായി മെസ്സിക്കൊപ്പം. രണ്ട് ഗോളുകൾ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യൻ നിരയിലെ ഗോൾ വേട്ടക്കാരൻ.
മൊറോക്കോയുടെ മുന്നേറ്റത്തിൽ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകൾ. അർജന്റീനയുടെ ജൂലിയൻ അൽവാരസും രണ്ട് ഗോൾ നേടി. സെമിഫൈനലിൽ ജയിക്കുന്നവർക്ക് ഫൈനലും തോൽക്കുന്നവർക്ക് ലൂസേഴ്സ് ഫൈനലുമുള്ളതിനാൽ രണ്ട് കളികളാണ് നാല് ടീമുകളിലെ താരങ്ങൾക്കും ഇനി ബാക്കിയുള്ളത്. അന്തിമഘട്ടത്തിൽ ടോപ് സ്‌കോററിനും മികച്ച താരത്തിനുമായുള്ള പോരാട്ടം ഇവരിലേക്ക് ഒതുങ്ങുകയാണ്.
കനകകിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി. കളിമെനയാനും ഗോളടിക്കാനും മെസി തന്നെ മുന്നിൽ. തുടക്കത്തിലെ തിരിച്ചടി നേരിട്ട അർജന്റീനയെ കൈപിടിച്ച് ഉയർത്തി. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസി
നാളെയാണ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. നാളെ രാത്രി 12.30ന് അർജന്റീന, ക്രൊയേഷ്യയെ നേരിടും. കലാശപ്പോരാട്ടത്തിനും വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിലാണ് മത്സരം. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ്, മൊറോക്കോയെ നേരിടും. മാറോക്കോയും ക്രൊയേഷ്യയും ഇതുവരെ ലോക ചാംപ്യന്മാരായിട്ടില്ല.
ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാവാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമി ഫൈനൽ പോരാട്ടത്തിന് മുന്പുള്ള പരിശീലനത്തിലാണ് നാല് ടീമുകളും. മെസിയും ഡി മരിയയും അടക്കമുള്ള അർജന്റീന താരങ്ങളെല്ലാം മുഴുവൻ സമയവും പരിശീലനത്തിന് ഉണ്ടായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ പരിക്ക് ഭീഷണിയെ തുടർന്ന് മുഴുവൻ സമയവും കളിക്കാതിരുന്ന റൊഡ്രീഗോ ഡീ പോളും പരിശീലനത്തിൽ ഉടനീളം ഉണ്ടായിരുന്നു. അടുത്ത മത്സരത്തിൽ ഡീ പോൾ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ക്രൊയേഷ്യൻ ടീമിനും ഇന്ന് അവസാന പരിശീലന സെഷനുണ്ട്.
സ്പോർട്സ് ഡെസ്ക്