ദോഹ: ഖത്തറിന്റെ മണ്ണിൽ മുപ്പത്തിരണ്ട് രാജ്യങ്ങൾ തുടക്കമിട്ട ലോക കിരീടത്തിനായുള്ള പോരാട്ടം. അട്ടിമറികളും അവിശ്വസനീയമായ തിരിച്ചുവരവുകളും വിസ്മയ പ്രകടനങ്ങളും... ആവേശക്കൊടുമുടിയേറിയ പോരാട്ടത്തിനൊടുവിൽ ടീമുകളുടെ എണ്ണം പതിനാറും എട്ടും നാലുമായി ചുരുങ്ങി..... ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങൾ മാത്രം.... ഖത്തർ ലോകകപ്പ് കിരീടത്തിലേക്ക് ഇനി വേണ്ടത് രണ്ട് ജയത്തിന്റെ ദൂരം മാത്രം. സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവുകയാണ്.

ലോകകപ്പ് ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ആദ്യ മത്സരത്തിൽ നാളെ അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഷൂട്ടൗട്ട് കടമ്പ കടന്നെത്തുന്ന അർജന്റീന ക്രൊയേഷ്യയും. 90 മിനിറ്റിലെ പോരിൽ ഒരു ഗോൾ വ്യത്യാസത്തിൽ എതിരാളികളെ വീഴ്‌ത്തിയ മൊറോക്കോയും ഫ്രാൻസും . അവസാന നാല് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ചൊവ്വാള്ച രാത്രി ഇന്ത്യൻ സമയം രാത്രി 12.30ന് വിസിൽ മുഴങ്ങും.

തുടക്കത്തിലെ വീഴ്ചയിൽ നിന്ന് സട കുടഞ്ഞെഴുന്നേറ്റ അർജന്റീന.... ലയണൽ മെസ്സിയും പടയാളികളും ഒരുമിച്ച് പോരാടുന്നു.ഷൂട്ടൗട്ടിലെ ഓരോ കിക്കും താരങ്ങളുടെ ആത്മവിശ്വാസം തുറന്നു കാട്ടുന്നു.വൈകാരികമായി കൂടി മറുപടി നൽകാൻ തുടങ്ങിയ മെസ്സി ക്രൊയേഷ്യക്കെതിരെ കാത്തുവെച്ചിരിക്കുന്നത് എന്താകും എന്ന് കണ്ടറിയണം.

മോഡ്രിച്ചിന് ചുറ്റും വലയം തീർത്ത് കളിക്കുന്ന ക്രൊയേഷ്യ ബ്രസീലിനെ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. സെറ്റ് പീസ് അവരങ്ങൾ മുതലെടുക്കുന്ന ഉയരക്കൂടുതലുള്ള താരങ്ങൾ ക്രൊയേഷ്യൻ സാധ്യതകൾ വർധിപ്പിക്കുന്നു.

കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ഫ്രഞ്ച് പട ഇംഗ്ലണ്ടിനെ മറികടന്നാണ് എത്തുന്നത്. മധ്യനിരയും മുന്നേറ്റ നിരയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. അട്ടിമറികൾക്കപ്പുറം ടീമെന്ന നിലയിൽ കാട്ടുന്ന ഒത്തിണക്കമാണ് എതിരാളികളായ മൊറോക്കോയുടെ വിജയമന്ത്രം.ഗോൾ വഴങ്ങാൻ മടിക്കുന്ന മൊറോക്കൻ പ്രതിരോധപ്പട ഫ്രാൻസിന് വെല്ലുവിളിയാകും.

ചരിത്രനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുക ലയണൽ മെസിയോ അതോ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ലോക ഫുട്ബോളിലെ മികച്ച കളിക്കാരൻ കളിക്കുന്ന ടീമുമായി പോരിനൊരുങ്ങുകയാണ് ക്രൊയേഷ്യ. മെസിയെ പൂട്ടിയാലെ ക്രൊയേഷ്യക്ക് രക്ഷയുള്ളൂ. അർജന്റീനയുമായി കൊമ്പ്കോർക്കാനൊരുങ്ങുമ്പോൾ അക്കാര്യം വ്യക്തമാക്കുകയാണ് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. 'മികച്ച കളി പുറത്തെടുക്കാനാണ് ഞങ്ങൾ വന്നത്, ഒരു കളിക്കാരനെതിരെ മാത്രം കളിക്കാനല്ല'- മോഡ്രിച്ച് വ്യക്തമാക്കുന്നു

'തീർച്ചയായും മെസി മികച്ച കളിക്കാരൻ തന്നെയാണ്. അദ്ദേഹത്തെ തടയുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നിരുന്നാലും മികച്ച കളി പുറത്തെടുക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു- മോഡ്രിച്ച് വ്യക്തമാക്കി. റയൽ മാഡ്രിഡിന്റെ ഡി.എൻ.എ തന്നെയാണ് ക്രൊയേഷ്യൻ ടീമിലെന്നും അതുകൊണ്ട് അവസാന നിമിഷം വരെ ലക്ഷ്യം കൈവിടാതെ മുന്നേറുമെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തു.

ക്രൊയേഷ്യ- അർജന്റീന സെമിഫൈനൽ രണ്ട് ഗോൾകീപ്പർമാർ തമ്മിലുള്ള പോരാട്ടം കൂടിയാണ്. മെസിക്ക് വേണ്ടി മരിക്കാനും തയ്യാറെന്ന് പറയുന്ന എമിലിയാനോ മാർട്ടിനെസ് ഒരു വശത്ത്. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ കരുത്ത് കൂടുന്ന ഡൊമനിക് ലിവാകോവിച്ച് മറുവശത്തും. മെസി എത്രത്തോളം മാർട്ടിനെസെന്ന ഗോൾ കീപ്പറോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷമുള്ള ദൃശ്യങ്ങൾ പറയും. എമിയുടെ സേവുകളാണ് മെസിയുടെ ലോകകപ്പെന്ന സ്വപ്നം നീട്ടിയെടുത്തത്.

മെക്സിക്കോക്കെതിരായ ഈ പറക്കും സേവിനോടും ഓസ്ട്രേലിയക്കെതിരായ ഈ റിഫ്ലക്സിനോടും എന്നെന്നും കടപ്പെട്ടിരിക്കും ഏതൊരു അർജന്റീന ആരാധകനും. 2021ൽ തന്റെ 28ആം വയസിലാണ് അർജന്റീനൻ കുപ്പായമണിയാൻ എമിക്ക് അവസരം കിട്ടിയത്. എന്നാൽ ഇന്ന് സ്‌കലോണിയുടെ ടീമിൽ മെസി കഴിഞ്ഞാൽ സ്ഥാനമുറപ്പുള്ള ഒരേയൊരു താരം എമിയാണ്. അസാധ്യ മെയ്വഴക്കം, ഹൈ ബോളുകൾ തട്ടിയകറ്റാനുള്ള മികവ്. എല്ലാത്തിനുപ്പുറം പെനാൽറ്റി കിക്കുകൾക്ക് മുന്നിൽ പതറാത്ത വീര്യം. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ലോകകപ്പിലും ഗോൾഡൻ ഗ്ലൗലേക്ക് എമിയെ അടുപ്പിക്കുന്നു ഈ ഗുണങ്ങൾ.

കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളാണ് ക്രൊയേഷ്യ. ഫ്രാൻസിനോട് അന്ന് തോറ്റതിന് പിന്നാലെ വീണ്ടുമൊരു ഫൈനൽ പ്രവേശം സ്വപ്നം കാണുകയാണ് മോഡ്രിച്ചും സംഘവും. ക്രൊയേഷ്യയും അർജന്റീനയും ഇതുവരെ അഞ്ച് തവണ കൊമ്പുകോർത്തിട്ടുണ്ട്, ഇരു ടീമുകളും തമ്മിൽ മത്സരിച്ചപ്പോൾ 12 ഗോളുകൾ പിറന്നു. ഇരു ടീമുകളും രണ്ട് കളി വീതം ജയിച്ചപ്പോൾ ഒരെണ്ണം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

അതേസമയം ക്രൊയേഷ്യക്കെതിരായ അർജന്റീനയുടെ സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓർസാറ്റ്. ഹോളണ്ടിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അർജന്റൈൻ ടീം വ്യാപക പരാതി ഉയർത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചത്.