ദോഹ: ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അട്ടിമറികളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച മൊറോക്കോയും ഏറ്റുമുട്ടാനിരിക്കെ പതിനൊന്ന് മാസങ്ങൾക്ക് മുമ്പ് സൂപ്പർ താരം കിലിയൻ എംബാപ്പെ നടത്തിയ പ്രവചനമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഇരുടീമുകളുടെയും സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും അഷ്റഫ് ഹക്കീമിയും അടുത്ത സുഹൃത്തുക്കളുമാണ്. ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കു വേണ്ടി കളിക്കുന്ന ഇരുവരും മാസങ്ങൾക്കുമുൻപ് ഖത്തറിൽ കണ്ടുമുട്ടിയപ്പോൾ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമെന്നായിരുന്നു അന്ന് എംബാപ്പെ പ്രവചിച്ചത്.

2022 ജനുവരിയിൽ ലോകകപ്പ് വേദിയായ ഖത്തറിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ''ഞങ്ങളിപ്പോഴുള്ളത് എജ്യുക്കേഷനൽ സിറ്റി സ്റ്റേഡിയത്തിലാണ്. നല്ല സ്റ്റേഡിയമാണ്. 40,000 പേരെ ഇവിടെ ഉൾക്കൊള്ളാനാകും.''-വിഡിയോയിൽ എംബാപ്പെ പറയുന്നു.

ഫ്രഞ്ച്-ടുണീഷ്യ മത്സരത്തിൽ ഞങ്ങൾ വിജയിക്കും. അതിനുശേഷം ഞങ്ങൾ മൊറോക്കോയോട് കളിക്കുമെന്നും താരം തുടരുന്നു. എനിക്ക് എന്റെ സുഹൃത്തിനെ തകർക്കേണ്ടിവരും. അതെന്റെ ഹൃദയം തകർക്കുന്നതാണെങ്കിലും ഇത് ഫുട്ബോളല്ലേ.. അങ്ങനെയൊക്കെയാണ്. എനിക്കവനെ കൊന്നേ മതിയാകൂവെന്നും എംബാപ്പെ കൂട്ടിച്ചേർത്തു. ഇതിനിടയിൽ 'ഞാൻ അവനെ ചവിട്ടാൻ പോകുകയാണ്' എന്ന് ഹക്കീമി എംബാപ്പെയോട് പറയുന്നുണ്ട്.



എന്നാൽ ഫ്രാൻസും ടുണീഷ്യയും തമ്മിലുള്ള മത്സരം എംബാപ്പെയുടെ പ്രവചനം പോലെയായിരുന്നില്ല. ഒരൊറ്റ ഗോളിന് ടുണീഷ്യ ഫ്രാൻസിനെ തോൽപ്പിച്ചിരുന്നു. നിലവിൽ മികച്ച ഫോമിലാണ് എംബാപ്പെ. അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഫ്രഞ്ച് സ്ട്രൈക്കർ. രണ്ട് അസിസ്റ്റുകളും താരത്തിന്റെ അക്കൗണ്ടിലുള്ളത്. പുതിയ സീസണിൽ പി.എസ്.ജിക്കായി 14 മത്സരങ്ങളിൽനിന്ന് 12 ഗോളും രണ്ട് അസിസ്റ്റുമായി മികച്ച ഫോമിലാണ് താരം ലോകകപ്പിനെത്തിയത്. മറുവശത്ത്, പി.എസ്.ജിക്കു വേണ്ടി ഇത്തവണ മൂന്ന് ഗോളടിച്ച ഹകീമിക്ക് ലോകകപ്പിൽ ലക്ഷ്യം കാണാനായിട്ടില്ല.

കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് ആക്രമണത്തെ തടയാൻ അശ്രഫ് ഹക്കീമിയുടെ മൊറോക്കോയ്ക്ക് ആകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കരുത്തന്മാരെ മറിച്ചിട്ട് സെമി ഫൈനലിലേക്ക് കുതിച്ച ആഫ്രിക്കൻ സംഘം നാളെ ഫ്രാൻസിനെയും തകർത്ത് ചരിത്രമെഴുതുമോ എന്നും ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.