ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിന്റെ ആദ്യപകുതിയിൽ അർജന്റീന രണ്ട് ഗോളിന് മുന്നിൽ. അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് അർജന്റീന നിർണായക ലീഡെടുത്തത്. 34ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സൂപ്പർതാരം ലയണൽ മെസ്സിയും 39ാം മിനിറ്റിൽ യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു രണ്ടാം ഗോൾ. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.

ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയുന്നതിനായി താരത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ, ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപ്പെയ്‌ക്കൊപ്പമെത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ അർജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതൽ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോർണർ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോങ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ ടീമിനായില്ല.

ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കൂടുതൽ സമയവും കാഴ്ചക്കാരായി. പക്ഷേ ഗാലറിയിൽ ആവേശം പടർത്തിയ മുന്നേറ്റങ്ങളിലൂടെയും വന്നത് അർജന്റീന നിരയിൽ നിന്നാണ്. ഇടയ്ക്ക് ക്രൊയേഷ്യൻ താരം ഗ്വാർഡിയോളിന്റെ പാളിയ ക്ലിയറൻസിൽ നിന്നും പന്ത് ലയണൽ മെസ്സിയിലേക്ക് അപകടകരമായി നീങ്ങിയെങ്കിലും താരത്തിന് ശക്തമായ ഷോട്ടെടുക്കാൻ സാധിച്ചില്ല. ഇതിനിടെയാണ് അർജന്റീന അപ്രതീക്ഷിതമായി ലീഡെടുത്തത്.

31-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റം നടത്തിയ ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പന്ത് പെരിസിച്ചിന് കൈമാറി. എന്നാൽ പെരിസിച്ചിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ അർജന്റീനയുടെ തകർപ്പൻ മുന്നേറ്റം. പന്തുമായി മുന്നേറിയ ജൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാർഡ് നൽകുകയും അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. 

കിക്കെടുത്തത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. 34-ാം മിനിറ്റിൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലിവാകോവിച്ചിനെ നിസ്സഹായനാക്കി വലകുലുക്കി. ഈ ഗോളോടെ മെസ്സി അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 

39-ാം മിനിറ്റിലാണ് അൽവാരസിന്റെ സോളോ ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അൽവാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവിൽ ഗോൾകീപ്പർ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തിരമ്പി. മെസ്സിയാണ് അൽവാരസിന് പന്തുനൽകിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

41ാം മിനുട്ടിൽ മെസിയെടുത്ത കോർണർ ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30നാണ് മത്സരം തുടങ്ങിയത്. അർജന്റീന 4-4-2 ഫോർമാറ്റിലും ക്രൊയേഷ്യ 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.