ദോഹ: ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരേ ആദ്യ ഗോൾ പേരിൽ കുറിച്ചതോടെ സൂപ്പർ താരം ലയണൽ മെസ്സി നേട്ടങ്ങളുടെ നെറുകയിൽ. ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡ് നേട്ടമാണ് മെസ്സി കരസ്ഥമാക്കിയത്. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസ്സി ഗോൾ നേടിയത്. ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അത്. ലോകകപ്പിൽ അർജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട നേടിയ പത്ത് ഗോളുകളുടെ നേട്ടമാണ് ഇതിഹാസ താരം മറികടന്നത്.

മത്സരത്തിനിറങ്ങിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ലോഥർ മത്ത്യാസിന്റെ റെക്കോർഡിനൊപ്പവും മെസ്സിയെത്തി. ഇരുവരും ലോകകപ്പിൽ 25 മത്സരങ്ങളാണ് കളിച്ചത്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാൾഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്. അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചു.

ക്യാപ്റ്റനായി മെസി 19 മത്സരങ്ങളാണ് കളിച്ചത്. റഫാ മാർക്വസും ഈ നേട്ടത്തിൽ മെസിക്കൊപ്പമുണ്ട്. 16 മത്സരങ്ങൾ കളിച്ച മറഡോണയാണ് ഇവർക്ക് പിറകിലുള്ളത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ മിനിറ്റുകൾ കളിച്ചതിന്റെ റെക്കോർഡ് പൗളോ മാൾഡീനിയുടെ പേരിലാണ്. 2217 മിനിറ്റാണ് മാൾഡീനി കളിച്ചത്. ഇന്നത്തെ മത്സരം അധിക സമയത്തേക്ക് നീങ്ങിയാൽ മെസിക്ക് ഈ റെക്കോഡ് മറികടക്കാനാകും. 2014 മിനുട്ടുകളാണ് മെസി നിലവിൽ കളിച്ചത്.

അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ലോകകപ്പ് ഗോൾവേട്ടയിൽ അർജന്റീനയുടെ മുന്നേറ്റ നിരക്കാരായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മെസ്സിയും തുല്യനിലയിലാണുണ്ടായിരുന്നത്. 10 ഗോളുകൾ വീതമാണ് ഇവർ നേടിയിരുന്നത്. എന്നാൽ ഇന്നത്തെ ഗോളോടെ മെസി മുമ്പിലെത്തി. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ.

2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഒമ്പത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു. ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്ലി സ്നെയ്ജ്ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 15 എണ്ണത്തിലാണ് പങ്കെടുത്തത്.