- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകിരീടം തൊട്ടരികെ!; അർജന്റീന ഫൈനലിൽ; ഗോളടിച്ചും ഗോളടിപ്പിച്ചും 'മെസി മാജിക്'!; ഇരട്ട ഗോളുമായി വിസ്മയിപ്പിച്ച് ജൂലിയൻ അൽവാരസ്; മറുപടിയില്ലാതെ ക്രൊയേഷ്യ മടങ്ങി; നീലക്കടലായി ആർത്തിരമ്പി ലുസൈൽ സ്റ്റേഡിയം; അതിരുകളില്ലാത്ത ആഘോഷവുമായി ആരാധകർ; ഫൈനലിൽ എതിരാളി ഫ്രാൻസ് - മൊറോക്കോ മത്സര വിജയി
ദോഹ: നീലക്കടലായി ആർത്തിരമ്പിയ ലുസെയ്ൽ സ്റ്റേഡിയത്തിലെ ആരാധകരെ സാക്ഷിയാക്കി നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ കീഴടക്കി അർജന്റീന ലോകകപ്പ് ഫൈനലിൽ. വസന്തമായി വിടർന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയൻ അൽവാരസ് എന്ന അത്ഭുതം കൂടി ചേർന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്കുള്ള അർജന്റീനയുടെ മുന്നേറ്റം രാജകീയമായി. നാലു കൊല്ലം മുൻപത്തെ മാനക്കേടിന് അതേ നാണയത്തിൽ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാർഥത്തിൽ മുക്കിക്കളയുകയായിരുന്നു ലുസൈൽ സ്‌റ്റേഡിയത്തിൽ നീലപ്പട.
എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോൾ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അർജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മെസ്സിയാണ് ഗോൾ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തിയൊൻപതാം മിനിറ്റിൽ ആൽവരസ് ലീഡ് ഇരട്ടിയാക്കി.
അറുപത്തിയൊൻപതാം മിനിറ്റിൽ മെസ്സിയുടെ ഒരു മാജിക്കൽ പാസിൽ നിന്ന് ആൽവരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കൽക്കൂടി വല ചലിപ്പിച്ചു. 2014 ന് ശേഷം അർജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലിൽ മൊറോക്കോയോ ഫ്രാൻസോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.
ആദ്യ ഗോൾ 34ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മെസ്സി നേടി. ഇതോടെ, ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്‌ക്കൊപ്പമെത്തി. 39ാം മിനിറ്റിൽ അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത് യുവതാരം അൽവാരസായിരുന്നു. സ്റ്റേഡിയത്തെ ആവേശത്തിലാഴ്‌ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്.
വലതുവിങ്ങിലൂടെ മെസ്സി നടത്തിയ ഒറ്റയാൾ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്‌സിന്റെ നടുമുറ്റത്ത് ജൂലിയൻ അൽവാരസിലേക്ക്. തളികയിലെന്നവണ്ണം മെസ്സി നൽകിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയൻ അൽവാരസിന്റെ കിടിലൻ ഫിനിഷ്. 71ാം മിനിറ്റിലാണ് അൽവാരസ് മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയത്.
സെമിഫൈനൽ പോരാട്ടത്തിന്റെ ആദ്യപകുതിയിൽ അർജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് അർജന്റീന നിർണായക ലീഡെടുത്തത്. 34ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സൂപ്പർതാരം ലയണൽ മെസ്സിയും 39ാം മിനിറ്റിൽ യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു രണ്ടാം ഗോൾ. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയുന്നതിനായി താരത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ അർജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതൽ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോർണർ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോങ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാൻ ടീമിനായില്ല.
ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കൂടുതൽ സമയവും കാഴ്ചക്കാരായി. പക്ഷേ ഗാലറിയിൽ ആവേശം പടർത്തിയ മുന്നേറ്റങ്ങളിലൂടെയും വന്നത് അർജന്റീന നിരയിൽ നിന്നാണ്. ഇടയ്ക്ക് ക്രൊയേഷ്യൻ താരം ഗ്വാർഡിയോളിന്റെ പാളിയ ക്ലിയറൻസിൽ നിന്നും പന്ത് ലയണൽ മെസ്സിയിലേക്ക് അപകടകരമായി നീങ്ങിയെങ്കിലും താരത്തിന് ശക്തമായ ഷോട്ടെടുക്കാൻ സാധിച്ചില്ല.
31-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റം നടത്തിയ ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പന്ത് പെരിസിച്ചിന് കൈമാറി. എന്നാൽ പെരിസിച്ചിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ അർജന്റീനയുടെ തകർപ്പൻ മുന്നേറ്റം. പന്തുമായി മുന്നേറിയ ജൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാർഡ് നൽകുകയും അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്തത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. 34-ാം മിനിറ്റിൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലിവാകോവിച്ചിനെ നിസ്സഹായനാക്കി വലകുലുക്കി. ഈ ഗോളോടെ മെസ്സി അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
39-ാം മിനിറ്റിലാണ് അൽവാരസിന്റെ സോളോ ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അൽവാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവിൽ ഗോൾകീപ്പർ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തിരമ്പി. മെസ്സിയാണ് അൽവാരസിന് പന്തുനൽകിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
പിന്നാലെ 42-ാം മിനിറ്റിൽ മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകർപ്പൻ ഹെഡ്ഡർ അവിശ്വസനീയമാം വിധം ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്താൻ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും വിഫലമായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ക്രൊയേഷ്യ രണ്ട് മാറ്റങ്ങൾ വരുത്തി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. 49-ാം മിനിറ്റിൽ അർജന്റീനയുടെ പരെഡെസിന്റെ ശക്തികുറഞ്ഞ ലോങ്റേഞ്ചർ ഗോൾകീപ്പർ ലിവാകോവിച്ച് കൈയിലൊതുക്കി. 58-ാം മിനിറ്റിൽ മെസ്സി തകർപ്പൻ കുതിപ്പ് നടത്തി പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ ലിവാകോവിച്ച് ആ ശ്രമം വിഫലമാക്കി.
62-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ ലോവ്റെനിന്റെ ഉഗ്രൻ ഹെഡ്ഡർ എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തിയെടുത്തു. 69-ാം മിനിറ്റിൽ ക്രൊയേഷ്യയെ തകർച്ചയിലേക്ക് തള്ളിയിട്ടുകൊണ്ട് അർജന്റീന വീണ്ടും ലീഡുയർത്തി. ഇത്തവണയും അൽവാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസ്സി നൽകിയ അളന്നുമുറിച്ച പാസ് അൽവാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ ലോകോത്തരമായ അസിസ്റ്റ് ആരാധകരെ അമ്പരപ്പിച്ചു. ഇതോടെ അർജന്റീന വിജയമുറപ്പിച്ചു.
75-ാം മിനിറ്റിൽ ഇരട്ടഗോളുമായി തിളങ്ങിയ അൽവാരസിന് പകരം സൂപ്പർ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പിൽ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാൻ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അർജന്റീന ശ്രമിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു.
ബോർന സോസ, മാരിയോ പസാലിച്ച് എന്നിവർക്കു പകരം നിക്കോളാ വ്‌ലാസിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ കളത്തിലെത്തി. മിനിറ്റുകൾക്കുള്ളിൽ ബ്രോസോവിച്ചിനു പകരം പെട്‌കോവിച്ചുമെത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ പരേദസിനു പകരം ലിസാൻഡ്രോ മാർട്ടിനസിനെ അർജന്റീന പരിശീലകനും കളത്തിലിറക്കി. മത്സരം 80 മിനിറ്റ് പിന്നിട്ടതോടെ ക്രൊയേഷ്യ പരിശീലകൻ ലൂക്കാ മോഡ്രിച്ചിനെ തിരിച്ചുവിളിച്ചു. അപ്പോൾത്തന്നെ കളിയുടെ വിധി ഏതാണ്ട് വ്യക്തമായിരുന്നു.
നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മഞ്ഞക്കാർഡുകൾ കണ്ട് സസ്‌പെൻഷനിലായ മാർക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോ കളിച്ചു. ലിസാൻഡ്രോ മാർട്ടിനസിനു പകരം ലിയാൻഡ്രോ പരേദസും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ക്രൊയേഷ്യ അർജന്റീനയ്ക്കെതിരെ ഇറങ്ങിയത്.
സ്പോർട്സ് ഡെസ്ക്