ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട ശേഷം മാസ്മരിക പ്രകടനത്തിലൂടെ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെ എത്തിച്ചിരിക്കുകയാണ് ലയണൽ മെസി. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ഒരു ഗോളും അസിസ്റ്റും താരം നേടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.

ജൂലിയൻ അൽവാരസ് രണ്ടു ഗോളുകൾ നേടിയപ്പോൾ കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് വഴങ്ങിയ മൂന്നു ഗോളുകളുടെ തോൽവിക്ക് പകരം വീട്ടാനും മെസിക്കും അർജന്റീനക്കും കഴിഞ്ഞു.

ഓരോ മത്സരത്തിലും തന്റെ അതുല്യ പ്രതിഭയിലൂടെ ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ് മെസി. ഇന്നലത്തെ മത്സരത്തിൽ പിറന്ന മൂന്നാം ഗോളിന് മെസി നടത്തിയ നീക്കം അതിനൊരു ഉദാഹരണമാണ്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി കണക്കാക്കപ്പെട്ട ഗ്വാർഡിയോളിനെയാണ് ആ നീക്കത്തിൽ മെസി നിശബ്ദനാക്കിയത്. മത്സരത്തിനു ശേഷം മെസിയെ പ്രശംസിച്ച് രംഗത്തു വന്നവരിൽ ബ്രസീലിയൻ ഇതിഹാസം റിവാൾഡോയുമുണ്ടായിരുന്നു.

 
 
 
View this post on Instagram

A post shared by Rivaldo Ferreira (@rivaldo)

ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് റിവാൾഡോ രംഗത്ത് എത്തിയത്. അടുത്ത ഞായറാഴ്ച ദൈവം മെസ്സിക്ക് കിരീടമണിയിക്കുമെന്ന് റിവാൾഡോ പറഞ്ഞു. ലോകകിരീടം മെസ്സി എന്നോ അർഹിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനലിൽ ഇനി ഏതായാലും ബ്രസീലും നെയ്മറുമില്ല. അതുകൊണ്ട് അർജന്റീനയ്ക്കൊപ്പം നിൽക്കുന്നു. ലയണൽ മെസീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാമ്പ്യനാകേണ്ടയാളാണ്. പക്ഷെ, എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച അവൻ താങ്കളെ കിരീടമണിയിക്കും.-ഇൻസ്റ്റഗ്രാമിൽ റിവാൾഡോ കുറിച്ചു.

വ്യക്തിത്വം കൊണ്ടുതന്നെ ഈ കിരീടം നീ അർഹിച്ചതാണെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. നീ എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഫുട്ബോൾ കാരണവും താങ്കൾ കിരീടത്തിന് അർഹനാണ്. എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.

ലുസൈൽ സ്റ്റേഡിയത്തിൽ മെസി നിറഞ്ഞാടിയ സെമി പോരാട്ടത്തിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അർജന്റീന ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. മത്സരത്തിൽ ഒരു പെനാൽറ്റി ഗോളിനു പുറമെ അതിശയിപ്പിക്കുന്ന ഗോൾ അസിസ്റ്റുമായി താരം ആരാധകരുടെ മനംനിറച്ചു. മത്സരത്തിലെ താരവും മെസി തന്നെയായിരുന്നു. ഇതടക്കം നാല് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരമാണ് ഇത്തവണ ലഭിച്ചത്. അഞ്ച് ഗോളുമായി ഗോൾവേട്ടയിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പയ്ക്ക് ഒപ്പത്തിനൊപ്പമാണ്.

ഇന്ന് നടക്കുന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ മെസിക്കും സംഘത്തിനും നേരിടാനുള്ളത്. ലോകകിരീടത്തിനൊപ്പം ഗോൾഡൻ ബോളിനും ബൂട്ടിനും താരം ഏറെക്കുറെ അവകാശം ഉറപ്പിച്ചുകഴിഞ്ഞു.

ഇത് തന്റെ അവസാന ലോകകപ്പാകുമെന്നാണ് മെസി ഇന്ന് വെളിപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവി ടീമിനെ കൂടുതൽ കരുത്തരാക്കി. ഓരോ കളിയും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന തിരിച്ചറിവുണ്ടായിരുന്നു. ആ ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്നും ലഭിച്ചതെല്ലാം തങ്ങൾ അർഹിക്കുന്നതാണെന്നും മെസി കൂട്ടിച്ചേർത്തു.