ദോഹ: നിലവിലെ ചാമ്പ്യന്മാർ എന്ന പെരുമയോടെയെത്തി അതിനൊത്ത പ്രകടനവുമായി മുന്നേറുന്ന ഫ്രാൻസിനെ മൊറോക്കോ ഇന്ന് അട്ടിമറിക്കുമോ? ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിയിൽ ബുധനാഴ്ച ചരിത്രം വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മൊറോക്കോ ജയിച്ചാൽ, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകും. ഫ്രാൻസാണെങ്കിൽ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും.

ഇംഗ്ലണ്ടിനെ മറികടന്നാണ് ഫ്രാൻസ് സെമിയിലെത്തിയതെങ്കിൽ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പന്മാരെ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. കിക്കോഫ് അൽ ഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30-ന്.

ചരിത്രത്തിലാദ്യാമായാണ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ലോകകപ്പിന്റെ സെമിയിൽ പന്ത് തട്ടാനൊരുങ്ങുന്നത്. മൊറോക്കോയുടെ സെമി പ്രവേശനം ഇതികം തന്നെ ഗംഭീരമാക്കിക്കഴിഞ്ഞു നാട്ടുകാർ. ഇപ്പോഴിതാ സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ.

ഇതിനായി 13,000 സൗജന്യ ടിക്കറ്റുകളാണ് ഫെഡറേഷൻ വിതരണം ചെയ്തത്. 30 ചാർട്ടേഡ് ഫ്ളൈറ്റുകളും സജ്ജമാക്കിക്കഴിഞ്ഞു. ഏകദേശം 45,000ത്തോളം മൊറോക്കൻ ആരാധകർ മത്സരം നടക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചുരിക്കിപ്പറഞ്ഞാൽ മൊറോക്കോയിൽ കളി നടക്കുന്നത് പോലെയാകും അൽബെയ്ത്തിലെ സാഹചര്യം. പതിനൊന്ന് പേർക്ക് പുറമെ ഇരമ്പിയാർക്കുന്ന കാണികളെക്കൂടി മറികടക്കേണ്ടി വരും ഫ്രാൻസിന്.

കഴിഞ്ഞ തവണ ക്രെയേഷ്യയെ തോൽപിച്ചായിരുന്നു ഫ്രാൻസിന്റെ കിരീടധാരണം. ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാൻ ഉറച്ച് തന്നെയാണ് മൊറോക്കോയും എത്തുന്നത്. വരച്ച വരയിൽ എതിരാളിയെ നിർത്തുന്ന പ്രതിരോധമാണ് കരുത്ത്. എത്രതവണ ഈ മഹാപ്രതിരോധം ഫ്രാൻസിന് തകർക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഫ്രാൻസിന്റെ സാധ്യതകൾ. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ടീമിന്റെ ഗോൾ ശ്രമങ്ങൾ. അതിന് ചുക്കാൻ പിടിക്കുന്നത് ഹക്കിമിയും.

മൊറോക്കോയുടെ പെരുമ ഇങ്ങനെയൊക്കെയാണെങ്കിലും തെല്ലും ഭയമില്ലാതെയാണ് ഫ്രാൻസിന്റെ വരവ്. ഗോളടിക്കാനും അടിപ്പിക്കാനും ടീമിൽ ആളുണ്ട്. ടോപ്പ് സ്‌കോർ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്താണ് എംബാപെയും ജിറൂദും. ഖത്തറിൽ ഫ്രാൻസിന്റെ എൻജിനാണ് ഗ്രിസ്മാൻ. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട സംഘത്തിൽ കാര്യമായ മാറ്റത്തിന് സാധ്യത ഇല്ല.