- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ആ പെനാൽറ്റി അനുവദിക്കാൻ പാടില്ലായിരുന്നു; അദേഹം വളരെ മോശം റഫറിമാരിൽ ഒരാളാണ്; ആദ്യത്തെ പെനാൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു'; റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ തുറന്നടിച്ച് മോഡ്രിച്ചും ഡാലിച്ചും
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന - ക്രൊയേഷ്യ സെമി ഫൈനൽ പോരാട്ടം നിയന്ത്രിച്ച ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ തുറന്നടിച്ച് ക്രൊയേഷ്യൻ നായകൻ ലൂക മോഡ്രിച്ചും പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ചും. മെസി ഗോളാക്കി മാറ്റിയ പെനാൽറ്റിയെ കുറിച്ചാണ് ആരോപണം. മോശം റഫറിമാരിൽ ഒരാൾ എന്നാണ് മോഡ്രിച്ച് ഒർസാറ്റോയെ വിശേഷിപ്പിച്ചത്.
'പെനാൽറ്റി വരെ ഞങ്ങൾ നന്നായി കളിച്ചിരുന്നു. ആ പെനാൽറ്റി അനുവദിക്കാൻ പാടില്ലായിരുന്നു. ഞാൻ സാധാരണയായി റഫറിമാരെ കുറിച്ച് സംസാരിക്കാറില്ല. എന്നാൽ ഇന്ന് സംസാരിക്കാതിരിക്കാനാവില്ല. അദേഹം വളരെ മോശം റഫറിമാരിൽ ഒരാളാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്. ഞാൻ മുമ്പും അദേഹം നിയന്ത്രിച്ച മത്സരത്തിൽ കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓർമ്മകളില്ല. അദേഹമൊരു ദുരന്തമാണ്. എങ്കിലും അർജന്റീനയെ ഞാൻ അഭിനന്ദിക്കുന്നു. മത്സരം വിജയിച്ചതിന്റെ ക്രഡിറ്റ് അവരിൽ നിന്ന് തട്ടിയെടുക്കുന്നില്ല. അവർ ഫൈനലിന് അവകാശികളാണ്. എന്നാൽ ആദ്യത്തെ പെനാൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു' എന്നും മോഡ്രിച്ച് മത്സര ശേഷം പറഞ്ഞു.
അർജന്റീനയുടെ അൽവാരസിനെ ക്രൊയേഷ്യയുടെ ഗോൾകീപ്പർ ലിവകോവിച്ച് വീഴ്‌ത്തിയതിനാണ് പെനൽറ്റി അനുവദിച്ചത്. മെസി അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇതിനെതിരെ ക്രൊയേഷ്യയുടെ പരിശീലകൻ ഡാലിച്ചും രംഗത്തെത്തി
അർജന്റീനയ്ക്ക് പെനാൽറ്റി അനുവദിച്ചതിനെ ക്രൊയേഷ്യൻ പരിശീലകൻ ഡാലിച്ചും ചോദ്യം ചെയ്തു. 'ഞങ്ങൾക്ക് ബോൾ പൊസിഷനുണ്ടായിരുന്നു. എന്നാൽ ഒരു ഗോൾ വഴങ്ങി, ആ ഗോൾ സംശയകരമാണ്. ആ ആദ്യ ഗോളാണ് മത്സരം ഞങ്ങളിൽ നിന്ന് കൊണ്ടുപോയത്. അതുവരെ മത്സരത്തിൽ ഞങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടായിരുന്നു. അപകടകാരികളായി കളിച്ചില്ലെങ്കിലും പ്രതീക്ഷിച്ചത് പോലെ കളിക്കാനായി. അർജന്റീനൻ താരം ഗോളി ലിവാകോവിച്ചിനെ ഇടിച്ചതിന് പെനാൽറ്റി നൽകിയത് പുതിയ നിയമമാണോ? അതാണ് മത്സരം മാറ്റിമറിച്ചത്. ഇതൊക്കെ പുതിയ നിയമങ്ങളാണേൽ നമ്മളും അറിയണമല്ലോ. അർജന്റീനൻ ടീമിനെയും എന്റെ താരങ്ങളേയും അഭിനന്ദിക്കുന്നു. നമുക്ക് തിരിച്ചുവരേണ്ടതുണ്ട്' എന്നും ഡാലിച്ച് വ്യക്തമാക്കി.
ഖത്തർ ലോകകപ്പിൽ റഫറിമാർ ഇതിനു മുൻപും വിമർശനം നേരിട്ടിട്ടുണ്ട്. നെതർലന്റ്‌സ്- അർജന്റീന മത്സരത്തിൽ മഞ്ഞകാർഡുകൾ പുറത്തെടുത്ത് റെക്കോഡിട്ട റഫറിക്കെതിരെ ഇരു ടീമുകളും രംഗത്തുവന്നതിനു പിന്നാലെ അദ്ദേഹത്തെ ഫിഫ നാട്ടിലേക്കയച്ചിരുന്നു.
ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അർജന്റീന ഫൈനലിലെത്തിയത്. ജൂലിയൻ ആൽവാരസിനെ ഗോളി ലിവാകോവിച്ച് വീഴ്‌ത്തിയതിന് റഫറി അനുവദിച്ച പെനാൽറ്റി മെസി ഗോളാക്കിയതിലൂടെയാണ് മത്സരം അർജന്റീനയുടെ പക്ഷത്തേക്കെത്തിയത്. അതുവരെ ക്രൊയേഷ്യക്കായിരുന്നു മുൻതൂക്കം. ഇതിന് പിന്നാലെ ജൂലിയൻ ആൽവാരസ് 39, 69 മിനുറ്റുകളിൽ വല ചലിപ്പിച്ചു. 39-ാം മിനുറ്റിൽ സോളോ ഗോളായിരുന്നു ആൽവാരസ് നേടിയത്. 69-ാം മിനുറ്റിൽ മെസിയുടെ ലോകോത്തര അസിസ്റ്റിലായിരുന്നു മത്സരത്തിൽ ആൽവാരസിന്റെ രണ്ടാം ഗോൾ. ഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ലിയോണൽ മെസിയാണ് മാൻ ഓഫ് ദ് മാച്ച്.
സ്പോർട്സ് ഡെസ്ക്