ദോഹ: ഖത്തർ ലോകകപ്പ് തുടങ്ങിയപ്പോൾ ഗാലറികളിൽ ഒറ്റപ്പെട്ട് കാണപ്പെട്ടിരുന്ന മൊറോക്കൻ ആരാധകർ ഖത്തറിലെ തെരുവിലും സ്റ്റേഡിയങ്ങളിലും ചെങ്കടൽ തീർക്കുന്ന കാഴ്ചയാണ് പിന്നീട് സാക്ഷിയായത്. അതിർത്തികളില്ലാതെ പരന്നൊഴുകുന്ന ജനത. ഖത്തറിൽ ഒട്ടേറെ മൊറോക്കൻ വംശജർ ജോലി ചെയ്യുന്നുണ്ട് താനും. ആതിഥേയരുടെ റോളിലായിരുന്ന മൊറോക്കൻ വംശജർ മുതൽ രാജ്യത്ത് നിന്നും ഒഴുകിയെത്തിയവർ ഒന്നുചേർന്നപ്പോൾ ഗാലറികൾ ചെങ്കടലായി മാറുകയായിരുന്നു.

ഫ്രാൻസിന് എതിരായ നിർണായക സെമി പോരാട്ടത്തിന് ഇറങ്ങുമ്പോൾ സ്വന്തം രാജ്യത്തെ പിന്തുണയ്ക്കാൻ എട്ട് മണിക്കൂറോളം നീളുന്ന വിമാനയാത്ര പിന്നിട്ട് ഇന്ന് ഒട്ടേറെ ആരാധകർ ഖത്തറിൽ എത്തുമെന്നായിരുന്നു അറിയിച്ചുരന്നത്. എന്നാൽ ലോകകപ്പ് സെമിഫൈനലിനായി ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിനായി ചാർട്ട് ചെയ്ത വിമാന സർവ്വീസുകൾ റദ്ദാക്കിയതായി മൊറോക്കോ എയർലൈൻ അറിയിച്ചിരിക്കുകയാണ്.

ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കുകയാണെന്നാണ് മൊറോക്കോയുടെ ദേശീയ എയർലൈൻ വ്യക്തമാക്കിയത്. ഖത്തർ അധികൃതരുടെ തീരുമാനപ്രകാരമാണ് ഇതെന്നാണ് മൊറോക്കോ എയർലൈന്റെ വിശദീകരണം. അതേസമയം, ഖത്തർ സർക്കാരിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഖത്തർ അധികൃതർ ഏർപ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെ തുടർന്ന്, ഖത്തർ എയർവേയ്സ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നുവെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും റോയൽ എയർ മറോക്ക് പ്രസ്താവനയിൽ പറഞ്ഞു. ഫ്രാൻസിനെതിരെ ബുധനാഴ്ച രാത്രി നടക്കുന്ന സെമി ഫൈനൽ മത്സരത്തിനായി ആരാധകരെ ഖത്തറിലേക്ക് എത്തിക്കാൻ 30 അധിക വിമാനങ്ങൾ സർവ്വീസുകൾ ഏർപ്പെടുത്തുമെന്ന് റോയൽ എയർ മറോക്ക് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ, ചൊവ്വാഴ്ച 14 വിമാനങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂവെന്നാണ് റോയൽ എയർ മറോക്ക് വൃത്തങ്ങൾ വ്യക്തമാക്കിയത്. ഇതിനകം മാച്ച് ടിക്കറ്റുകളോ ഹോട്ടൽ മുറികളോ ബുക്ക് ചെയ്ത ആരാധകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. വിമാന ടിക്കറ്റുകൾ തിരികെ നൽകുമെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും റോയൽ എയർ മറോക്ക് അധികൃതർ പറഞ്ഞു.

ലോകമാകെ ഖത്തറിലെ അവസാന സെമി ഫൈനലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മൊറോക്കോയുടെ പ്രതിരോധ താരങ്ങളും ഫ്രാൻസിന്റെ സ്‌ട്രൈക്കർമാരും തമ്മിലുള്ള പോരാട്ടമാകും അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുക. ഇതുവരെ ഒരു ഗോൾ പോലും മൊറോക്കോയുടെ പോസ്റ്റിലേക്കടിക്കാൻ എതിരാളികൾക്കായിട്ടില്ല.

രാജ്യാന്തര ഫുട്‌ബോളിൽ വൻശക്തിയല്ലെങ്കിലും മികച്ച ഫുട്‌ബോൾ സംസ്‌കാരമുള്ള രാജ്യമാണ് മൊറോക്കോ. പ്രധാന ക്ലബ്ബുകളായ രാജയും വൈദാദും തമ്മിലുള്ള കാസബ്ലാങ്ക ഡാർബി വീര്യമേറിയ മത്സരങ്ങളിലൊന്നാണ്.

ആരാധകരുടെ ആവേശം മൊറോക്കോയുടെ ഓരോ മത്സരത്തിലും കാണാം. കഴിഞ്ഞ ലോകകപ്പിൽ ഐസ്ലൻഡ് ആരാധകർ പ്രശസ്തമാക്കിയ വൈക്കിങ് ക്ലാപ്പിന്റെ താളവും എന്നാൽ അതിന്റെ നൂറിരട്ടി ഓളവുമാണ് മൊറോക്കോ ആരാധകരുടെ സ്‌പെഷൽ. നിശ്ശബ്ദതയെ ഭേദിച്ച് ഒരു ഡ്രം ശബ്ദം ഉയരുന്നതോടെ അതിനു തുടക്കമാകുന്നു. പിന്നെ ഒന്നിച്ചുള്ള കയ്യടിയും സീർ എന്ന പോർവിളിയും. ഗോ എന്നാണ് സീർ എന്ന വാക്കിനർഥം.

അറബ് ലോകം ഒന്നാകെയാണ് ഇപ്പോൾ മൊറോക്കോ ടീമിനു പിന്നിൽ അണിനിരക്കുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്റ്റേഡിയത്തിലെ ബോക്‌സിലിരുന്നു കുടുംബത്തോടൊപ്പം മൊറോക്കൻ പതാക വീശുന്ന ചിത്രം ശ്രദ്ധേയമായിരുന്നു. ടീം നേരിടുന്ന ടീമുകളെല്ലാം ചരിത്രപരമായും സാംസ്‌കാരികപരമായും ബന്ധമുള്ളതായതിനാൽ പല മൊറോക്കോക്കാരുടെയും അവസ്ഥ സമാനമാണ്- ജോലി അവിടെയും വീട് ഇവിടെയും!. മൊറോക്കോയിൽ നിന്നുള്ള സംഘത്തിന് ഖത്തറിലെത്താൻ സാധിച്ചില്ലെങ്കിലും അൽ ബെയ്ത്ത് സ്‌റ്റേഡിയം ഇന്നും ചെങ്കടൽ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.