ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമിഫൈനൽ മത്സരത്തിലെ ഫ്രാൻസ് -മൊറോക്കോ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ഫ്രഞ്ച് നിരയിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോ ഉൾപ്പെട്ടിട്ടില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെയിറക്കുന്നത്.

ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു. രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ന്റ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ഫൈനലിലുമെത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. എന്നാൽ നിലവിലെ ചാമ്പ്യൻ പട്ടം നിലനിർത്താനാണ് ഫ്രാൻസ് ഇറങ്ങുന്നത്.

മ്പൻ പേരുകാരെ വീഴ്‌ത്ത് ഖത്തർ ലോകകപ്പിൽ ഏറെ ആരാധകരെ സമ്പാദിച്ച ടീമാണ് മൊറോക്കോ. ലോക രണ്ടാം റാങ്കുകാരായ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിവരെല്ലാം ആ മുന്നേറ്റത്തിൽ വീണുപോയവരാണ്. ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരേ കളത്തിലിറങ്ങുമ്പോൾ മൊറോക്കോയ്ക്ക് ആത്മവിശ്വാസം നൽകുന്നതും ഈ കണക്കുകളാണ്.

മൊറോക്കോ ജയിച്ചാൽ, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകും. ഫ്രാൻസാണെങ്കിൽ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഇംഗ്ലണ്ടിനെ മറികടന്നാണ് ഫ്രാൻസ് സെമിയിലെത്തിയതെങ്കിൽ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പന്മാരെ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്.

ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെ എത്തുന്ന മൊറോക്കോയുടെ ശക്തികേന്ദ്രം അവരുടെ പ്രതിരോധക്കോട്ടയാണ്. പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയാണ് ഗോളടിച്ചത്. എന്നാൽ ആ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ നേടിയത്.

31 കാരനായ ബൂനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണ, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെന്റുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെന്റിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.

എന്നാൽ, ഫ്രാൻസിന്റെ മുന്നേറ്റനിരയാണ് അവരുടെ ശക്തി. കെയ്‌ലിയൻ എംബാപ്പെ, ജെറൂദ്, ഗ്രീസ്മൻ, ഡെംബലെ തുടങ്ങിയ ലോകോത്തര താരങ്ങളുള്ള ഫ്രഞ്ച് മുന്നേറ്റനിരയെ നേരിടാൻ മൊറോക്കൻ പ്രതിരോധകോട്ടയ്ക്ക് സാധിക്കുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ മികച്ച ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസം ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുമ്പോൾ മൊറോക്കോയ്ക്ക് ഉണ്ടാകും.