ദോഹ: ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ സെമി പോരാട്ടത്തിൽ മൊറോക്കോക്ക് പരസ്യ പിന്തുണയുമായി മുൻ ജർമൻ താരം മെസ്യൂട് ഓസിൽ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ. 'മഹത്തരമായ ഈ ലോകകപ്പ് സെമിഫൈനലിനായി കാത്തിരിക്കാനാവില്ല, മൊറോക്കോ നമുക്ക് മുന്നേറാം' ട്വിറ്ററിൽ ഓസിൽ കുറിച്ചു. അൽബയ്ത് സ്റ്റേഡിയത്തിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

ക്വാർട്ടറിൽ പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്‌ത്തിയിരുന്നു. 'അഭിമാന നിമിഷം, എന്തൊരു വിസ്മയ ടീമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും അഭിമാന നേട്ടം. ആധുനിക ഫുട്‌ബോളിൽ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഇത് നിരവധി പേർക്ക് ഊർജവും പ്രതീക്ഷയുമാകുന്നു' എന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.

കാമറൂൺ താരം സാമുവൽ എറ്റുവും മൊറോക്കോയെ പുകഴ്‌ത്തി. സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോക്ക് പിറകിൽ ഭൂഖണ്ഡത്തിലെ മുഴുവൻ പേരുമുണ്ടെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ശതകോടീശ്വരൻ ഇലോൺ മസ്‌കടക്കം നിരവധി പേരും മൊറോക്കോയുടെ മുന്നേറ്റത്തെ വാഴ്‌ത്തിയിരുന്നു. 1970ലാണ് ലോകകപ്പിൽ ആദ്യമായി ആഫ്രിക്കൻ ടീം പോയന്റ് നേടിയത്. 1986ൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തി. ഇപ്പോൾ 2022ൽ ആഫ്രിക്കൻ അറബ് രാജ്യമായ മൊറോക്കോ സെമി ഫൈനലിലുമെത്തി.

അതേ സമയം മത്സരത്തിന് മുമ്പായി ടീമംഗങ്ങൾ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയിൽ ഫ്രാൻസ് സൂപ്പർതാരം എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് കാണികളിലൊരാൾക്ക് പരിക്കേറ്റു. ഉടൻ തന്നെ എംബാപ്പെ പരിക്കേറ്റ കാണിയുടെ അടുത്തേക്ക് ഓടി. അദ്ദേഹത്തെ പരിശോധിച്ചതിന് ശേഷമാണ് താരം പരിശീലനം തുടർന്നത്.