ദോഹ: ലോകകപ്പ് സെമി പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ മൊറോക്കോയ്ക്കെതിരെ ഫ്രാൻസിന് നിർണായക ലീഡ്. എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് പട മുന്നിലെത്തി. അഞ്ചാം മിനിറ്റിൽ മൊറോക്കൻ ആരാധകരുടെ ഖൽബ് തകർത്ത് തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി വലകുലുക്കിയത്. റാഫേൽ വരാൻ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് അന്റോയ്ൻ ഗ്രീസ്മാൻ കിലിയൻ എംബാപ്പെയ്ക്ക് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെർണാണ്ടസ് ഒരു കിടിലൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

കിലിയൻ എംബപെയുടെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ പ്രതിരോധത്തിൽത്തട്ടി തെറിച്ചതിനു പിന്നാലെയാണ് റീബൗണ്ടിൽനിന്ന് തിയോ ഹെർണാണ്ടസ് ലക്ഷ്യം കണ്ടത്. മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റ് പൂർത്തിയാകും മുൻപേ നയം പ്രഖ്യാപിച്ച് ഫ്രാൻസ് ആദ്യ ഗോൾ നേടി. ഇരു ടീമുകളും ആദ്യ അവസരത്തിനായി തക്കം പാർത്തു നിൽക്കുന്നതിനിടെ ഫ്രഞ്ച് മുന്നേറ്റം മൊറോക്കോ ബോക്‌സിലേക്ക്.



റാഫേൽ വരാനെയിൽ നിന്ന് അന്റോയ്ൻ ഗ്രീസ്മൻ വഴി ബോക്‌സിനുള്ളിൽ ലഭിച്ച പന്തിൽ കിലിയൻ എംബപെയുടെ കിടിലൻ ഷോട്ട്. മൊറോക്കോയുടെ പ്രതിരോധത്തിൽത്തട്ടിത്തെറിച്ച പന്ത് ബോക്‌സിന്റെ ഇടതുഭാഗത്ത് പോസ്റ്റിനോടു ചേർന്ന് തിയോ ഹെർണാണ്ടസിലേക്ക്. പന്തിനായി മുന്നോട്ടു കയറിയെത്തിയ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോണോയെ കാഴ്ചക്കാരനാക്കി ക്ലോസ് റേഞ്ചിൽനിന്നും അപാരമായ ശാരീരിക മികവോടെ തിയോ ഹെർണാണ്ടസിന്റെ കിടിലൻ ഷോട്ട് പന്ത് വലയിലെത്തിച്ചു.

ലോകകപ്പിൽ കഴിഞ്ഞ 25 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം രണ്ടാം പകുതിക്ക് ഇറങ്ങുമ്പോൾ ഫ്രാൻസിന് ആത്മവിശ്വാസം നൽകും. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.



ഗോൾ വീണതിന് ശേഷം ഉടൻ തന്നെ മൊറോക്കോയുടെ ആക്രമണമെത്തി. 10-ാം മിനിറ്റിൽ അസ്സെദിൻ ഉനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തട്ടിയകറ്റുകയായിരുന്നു. ഗോൾ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങളും അറ്റാക്കിങ് റണ്ണുകളും പുറത്തെടുത്തു.

ഇതിനിടെ 17-ാം മിനിറ്റിൽ ഫ്രാൻസിന് ലീഡെടുക്കാൻ മികച്ചൊരു അവസരം ലഭിച്ചു. ഒരു ലോങ്ബോൾ പിടിച്ചെടുത്ത് മുന്നോട്ട് കയറിയ ഒളിവിയർ ജിറൂദ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അടിച്ച പന്ത് പക്ഷേ പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

എന്നാൽ 21-ാം മിനിറ്റിൽ പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീൽഡർ സെലിം അമല്ലായാണ് പകരമിറങ്ങിയത്.

36ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോളിന് അടുത്തെത്തി. മൊറോക്കോ ബോക്‌സിൽനിന്ന് ഫ്രഞ്ച് താരങ്ങൾ സംഘടിപ്പിച്ച കൗണ്ടർ അറ്റാക്കിനൊടുവിൽ ചൗമേനി മൊറോക്കോ ബോക്‌സിലേക്ക് നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ച് കിലിയൻ എംബപെയുടെ മറ്റൊരു ഷോട്ട്. പന്ത് കാലിൽക്കൊരുത്തത് തെല്ലു പാളിയെങ്കിലും എംബപെ തൊടുത്ത ഷോട്ട് പോസ്റ്റിനു മുന്നിൽ അച്‌റഫ് ഹക്കീമി രക്ഷപ്പെടുത്തി.

റീബൗണ്ടിൽനിന്ന് പന്തു പിടിച്ചെടുത്ത് തിയോ ഹെർണാണ്ടസ് ബോക്‌സിനുള്ളിൽ ജിറൂദിനു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഇടതുപോസ്റ്റിനെ ചാരി പുറത്തുപോയി. പിന്നാലെ 40ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മൻ കോർണറിൽനിന്ന് ഉയർത്തിവിട്ട പന്ത് റാഫേൽ വരാൻ പോസ്റ്റിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പോസ്റ്റിൽ ചാരി പുറത്തുപോയി.

പിന്നാലെ 44-ാം മിനിറ്റിൽ ഫ്രാൻസ് വിറച്ച നിമിഷമെത്തി. ഫ്രഞ്ച് ബോക്സിലേക്ക് വന്ന ഒരു കോർണറിൽ നിന്നുള്ള ജവാദ് എൽ യാമിക്കിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.