- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിൽ അർജന്റീന - ഫ്രാൻസ് ഫൈനൽ; അഞ്ചാം മിനിറ്റിൽ മുന്നിലെത്തിച്ച് തിയോ, അതിവേഗ ഗോളുമായി ലീഡ് ഉയർത്തി കോളോ മുവാനി; മൊറോക്കൻ പ്രതിരോധ മതിൽ തകർത്ത് ഫ്രഞ്ച് പട കലാശപ്പോരിന്; അൽ ബെയ്ത്തിൽ ആഫ്രിക്കൻ കരുത്തരെ വീഴ്ത്തിയത് മറുപടിയില്ലാത്ത രണ്ട് ഗോളിന്; കണ്ണീരണിഞ്ഞ് മൊറോക്കൻ ആരാധകർ
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന - ഫ്രാൻസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ വമ്പന്മാരെ അട്ടിമറിച്ച കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് അർഹത നേടിയത്. ലോകകപ്പ് സെമി പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നേടിയ ഗോളിന് മുന്നിലെത്തിയ ഫ്രാൻസിന് പകരക്കാരനായി ഇറങ്ങി 79ാം മിനിറ്റിൽ മുവാനി ലീഡ് ഉയർത്തി. ലഭിച്ച ഒട്ടേറെ ഗോളവസരങ്ങൾ മൊറോക്കോ മുന്നേറ്റനിര പാഴാക്കി.
ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസ്, ലയണൽ മെസ്സിയുടെ അർജന്റീനയെ നേരിടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. കലാശപ്പോരിനും ഒരു ദിവസം മുൻപേ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും.
ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ മൊറോക്കൻ ആരാധകരുടെ ഖൽബ് തകർത്ത് തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി വലകുലുക്കി. റാഫേൽ വരാൻ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് അന്റോയ്ൻ ഗ്രീസ്മാൻ കിലിയൻ എംബാപ്പെയ്ക്ക് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെർണാണ്ടസ് ഒരു കിടിലൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങൾ മൊറോക്കൻ ആവനാഴിയിൽ ഉണ്ടായിരുന്നില്ല.
സമനില ഗോളിനായുള്ള മൊറോക്കോയുടെ തീവ്രശ്രമത്തിനിടെയാണ് ഫ്രാൻസിനായി പകരക്കാരൻ താരം കോളോ മുവാനി രണ്ടാം ഗോൾ നേടിയത്. ഒസ്മാൻ ഡെംബെലെയുടെ പകരക്കാരനായി കളത്തിലിറങ്ങി 44ാം സെക്കൻഡിലാണ് മുവാനിയുടെ അതിവേഗ ഗോൾ. മൊറോക്കോ ബോക്‌സിനുള്ളിൽ കിലിയൻ എംബപെ നടത്തിയ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച മുവാനി അത് അനായാസം വലയിലാക്കുകയായിരുന്നു. ഇതോടെ ഫ്രാൻസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.
ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു. പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 10-ാം മിനിറ്റിൽ മധ്യനിര താരം ഔനാഹി ബോക്‌സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷൻ അനുവദിച്ച് അവസരങ്ങളിൽ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റിൽ ബൗഫലിന്റെ പാസിൽ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാൻ സാധിച്ചെങ്കിലും പുറത്തേക്ക് പോയി.
ഇതിനിടെ ഫ്രാൻസിന് ലീഡെടുക്കാൻ മികച്ചൊരു അവസരം ലഭിച്ചു. ഒരു ലോങ്ബോൾ പിടിച്ചെടുത്ത് മുന്നോട്ട് കയറിയ ഒളിവിയർ ജിറൂദ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അടിച്ച പന്ത് പക്ഷേ പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റിൽ പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീൽഡർ സെലിം അമല്ലായാണ് പകരമിറങ്ങിയത്.
36ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോളിന് അടുത്തെത്തി. മൊറോക്കോ ബോക്‌സിൽനിന്ന് ഫ്രഞ്ച് താരങ്ങൾ സംഘടിപ്പിച്ച കൗണ്ടർ അറ്റാക്കിനൊടുവിൽ ചൗമേനി മൊറോക്കോ ബോക്‌സിലേക്ക് നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ച് കിലിയൻ എംബപെയുടെ മറ്റൊരു ഷോട്ട്. പന്ത് കാലിൽക്കൊരുത്തത് തെല്ലു പാളിയെങ്കിലും എംബപെ തൊടുത്ത ഷോട്ട് പോസ്റ്റിനു മുന്നിൽ അച്‌റഫ് ഹക്കീമി രക്ഷപ്പെടുത്തി.
റീബൗണ്ടിൽനിന്ന് പന്തു പിടിച്ചെടുത്ത് തിയോ ഹെർണാണ്ടസ് ബോക്‌സിനുള്ളിൽ ജിറൂദിനു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഇടതുപോസ്റ്റിനെ ചാരി പുറത്തുപോയി. പിന്നാലെ 40ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മൻ കോർണറിൽനിന്ന് ഉയർത്തിവിട്ട പന്ത് റാഫേൽ വരാൻ പോസ്റ്റിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പോസ്റ്റിൽ ചാരി പുറത്തുപോയി. പിന്നാലെ 44-ാം മിനിറ്റിൽ ഫ്രാൻസ് വിറച്ച നിമിഷമെത്തി. ഫ്രഞ്ച് ബോക്സിലേക്ക് വന്ന ഒരു കോർണറിൽ നിന്നുള്ള ജവാദ് എൽ യാമിക്കിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
പിന്നാലെ 54-ാം മിനിറ്റിൽ മൊറോക്കോ വീണ്ടും ഫ്രഞ്ച് ഗോൾമുഖം വിറപ്പിച്ചു. ഹക്കീമി ബോക്സിലേക്ക് നൽകിയ പന്ത് എൻ നെസിരിയിലെത്തു മുമ്പ് റാഫേൽ വരാന്റെ ഇടപെടൽ ഫ്രാൻസിന്റെ രക്ഷയ്ക്കെത്തി. പിന്നാലെ സോഫിയാൻ ബുഫാലിന്റെ പാസ് ബോക്സിലുണ്ടായിരുന്ന ഉനാഹിയിലെത്തും മുമ്പ് ഇബ്രാഹിമ കൊണാറ്റെ ക്ലിയർ ചെയ്യുകയായിരുന്നു.
79ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോളോ മുവാനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ച ഗോൾഡൻ ബോയ് ആയി. ബോക്‌സിനുള്ളിൽ വച്ച് തുറാം നൽകിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കൻ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി. പക്ഷേ, തക്കം പാർത്ത് നിന്ന് കോളോ മുവാനിക്ക് ഒന്ന് ടാപ്പ് ഇൻ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്‌സിലേക്ക് വീണ്ടും കുതിപ്പ് തുടർന്നു. ഒടുവിൽ 90 മിനിറ്റും ആറ് മിനിറ്റ് അധിക സമയവും പിന്നിട്ടതോടെ മൊറോക്കോയുടെ പോരാട്ടവീര്യം മറികടന്ന് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക്.
സ്പോർട്സ് ഡെസ്ക്