- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മെറോക്കൻ പ്രതിരോധക്കോട്ട പൊളിക്കാൻ അതിവേഗ നീക്കങ്ങൾ; ആദ്യ അഞ്ച് മിനിറ്റിൽ ഗോളടിച്ച് ഫ്രഞ്ച് പടയോട്ടം; തുറാമിനെയും കോളോ മുവാനിയെയും കളത്തിലിറക്കി ദെഷാംസിന്റെ തന്ത്രങ്ങൾ; മൊറോക്കോയുടെ ചരിത്രക്കുതിപ്പിന് അൽ ബെയ്ത്തിൽ വിരാമമിട്ട് 'ഫ്രഞ്ച് വിപ്ലവം'; തുടർച്ചയായ രണ്ടാം ഫൈനലിന് ഫ്രാൻസ്
ദോഹ: ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധ മതിൽ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തകർത്ത് അൽ ബെയ്ത്തിൽ ഫ്രഞ്ച് പടയോട്ടം.തിയോ ഹെർണാണ്ടസ് നൽകിയ മുൻതൂക്കം മുതലെടുത്ത് കുതിച്ച ഫ്രാൻസിന് പകരക്കാരനായി ഇറങ്ങി നാൽപത്തിനാലാം സെക്കൻഡിൽ കോളോ മുവാനിയിലൂടെ ലീഡ് ഉയർത്തി രാജകീയമായി ഫൈനലിലേക്ക് നിലവിലെ ചാമ്പ്യന്മാരുടെ മാർച്ച്. അട്ടിമറികളിലൂടെ ഖത്തറിൽ ആഫ്രിക്കൻ വസന്തം ഒരുക്കിയ മൊറോക്കോയ്ക്ക് ഇന്ന് ലഭിച്ച ഗോൾ അവസരങ്ങൾ എല്ലാം പിഴച്ചതോടെ കണ്ണീരോടെ മടക്കം. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ ഖത്തറിൽ നി്ന്നും മടങ്ങുന്നത്.
ലോകകപ്പ് ഫൈനൽ പ്രവേശം എന്ന അവരുടെ ചിരകാല സുവർണസ്വപ്നം ഫ്രഞ്ച് കരുത്തിനും അനുഭവസമ്പത്തിനും മുന്നിൽ വീണു പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കൻ കരുത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾ വഴങ്ങിയാണ് നിലവിലെ ചാമ്പ്യന്മാരോട് അടിയറവു പറഞ്ഞത്. മൊറോക്കൻ ആക്രമണത്തിന് മുന്നിൽ പലപ്പോഴും വിറച്ചുപോയിരുന്ന ഫ്രാൻസിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലായി. ചരിത്രത്തിലെ നാലാമത്തെ ഫൈനലും.
അൽ ബെയ്ത്തിൽ ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ വരവിനെ തടുക്കായില്ല.
തിയോ ഫെർണാണ്ടസാണ് അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസിന് അപ്രതീക്ഷിതമായി ലീഡ് നൽകിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേർന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെർണാണ്ടസിന്റെ സുന്ദരൻ ഗോളിൽ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെർണാണ്ടസ് വലയിലാക്കിയത്.
ഈയൊരൊറ്റ ഗോളിൽ ഫ്രാൻസ് കളി തീർക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുപത്തിയൊൻപതാം മിനിറ്റിൽ പകരക്കാരൻ റൻഡൽ കോളോ മുവാനി വിജയമുറപ്പിച്ച് രണ്ടാം ഗോൾ വലയിലാക്കുന്നത്. മൊറോക്കൻ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി എംബാപ്പെ കൊടുത്ത പന്താണ് റൻഡൽ കോളോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്. ഒസ്മാൻ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാൽപത്തിനാലാം സെക്കൻഡിലാണ് റാൻഡൽ തന്റെ കന്നി ലോകകപ്പ് ഗോൾ നേടുന്നത്. ഈ മത്സരത്തിലെ റാൻഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട്.
സ്റ്റേഡിയത്തെ ചുവപ്പണിയിച്ച് ഓരോ സെക്കൻഡിലും ആർത്തുവിളിച്ച ആരാധകക്കൂട്ടത്തിനു നടുവിൽ അസാധ്യമായ പോരാട്ടം കാഴ്ചവച്ച മൊറോക്കോയെ ഖത്തറിൽനിന്ന് മടക്കിയയ്ക്കാൻ ഫ്രാൻസിന് ആ രണ്ടു ഗോളുകൾ ധാരാളമായിരുന്നു. ആവേശം വാരിവിതറിയ സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും വിറപ്പിക്കുന്ന കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ.
ലോകകപ്പിൽ കഴിഞ്ഞ 26 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് അൽ ബെയ്തിൽ ഫ്രാൻസ് ജയിച്ചുകയറിയത്. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.
പ്രതിരോധ കോട്ടകെട്ടി ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു. പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 10-ാം മിനിറ്റിൽ മധ്യനിര താരം ഔനാഹി ബോക്‌സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷൻ അനുവദിച്ച് അവസരങ്ങളിൽ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റിൽ ബൗഫലിന്റെ പാസിൽ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാൻ സാധിച്ചെങ്കിലും പുറത്തേക്ക് പോയി.
തൊട്ട് പിന്നാലെ ഫ്രഞ്ച് ബോക്‌സിൽ നിന്ന് വന്ന ലോംഗ് ബോൾ നിയന്ത്രിക്കാൻ മൊറോക്കൻ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ജിറൂദ് തന്റെ പെർഫെക്ട് സ്‌െ്രൈടക്കിഗ് എബിലിറ്റി പുറത്തെടുത്ത് ഇടംകാല് കൊണ്ട് കനത്ത ഷോട്ട് പായിച്ചെങ്കിലും ബാറിൽ ഇടിച്ച് പുറത്തേക്ക് പോയി. 19-ാം മിനിറ്റിൽ പരിക്ക് വലച്ച നായകൻ സയസ്സിനെ മൊറോക്കോയ്ക്ക് പിൻവലിക്കേണ്ടി വന്നത് ആഫ്രിക്കൻ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങൾ മെനഞ്ഞെടുക്കാൻ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ഗോൾ നേടാൻ മാത്രം സാധിക്കാതെ ആഫ്രിക്കൻ ശക്തികൾ ബുദ്ധിമുട്ടുകയായിരുന്നു
35-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ പേസിന് മുന്നിൽ മൊറോക്കൻ പ്രതിരോധം മത്സരത്തിൽ ആദ്യമായി വിയർത്തു. ചൗമെനിയുടെ ത്രൂ ബോളിലേക്ക് പറന്ന് കയറി എംബാപ്പെ ശ്രമിച്ച് നോക്കിയെങ്കിലും ഹക്കിമി കൃത്യസമയത്ത് രക്ഷനായി. ക്ലിയർ ചെയ്യപ്പെട്ട പന്ത് ഹെർണാണ്ടസ് ബോക്‌സിന് നടുക്ക് ആരും മാർക്ക് ചെയ്യാനില്ലാതെ നിന്ന ജിറൂദിലേക്ക് അതിവേഗം നൽകിയെങ്കിലും അത് ഗോളാകാതെ പോയത് മൊറോക്കോയുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. 44-ാം മിനിറ്റിൽ സിയെച്ചിന്റെ കോർണറിന് ഒടുവിൽ യാമിഖിന്റെ അക്രോബാറ്റിക് ശ്രമം പോസ്റ്റിലിടിച്ച് മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് മൊറോക്കൻ ആരാധകർ കണ്ടത്. അവസാന നിമിഷം മൊറോക്കോ ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ വഴങ്ങാതെ ഫ്രാൻസ് പിടിച്ച് നിന്നു.
ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു രണ്ടാം പകുതിയിൽ കളത്തിൽ. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാൻ ആഫ്രിക്കൻ വീര്യത്തിന് സാധിച്ചു. മൊറോക്കൻ ആക്രമണത്തിനിടെ പന്ത് കിട്ടിയ എംബാപ്പെയുടെ മിന്നൽ പോലെയുള്ള പോക്കാണ് രണ്ടാം പാതിയെ ആദ്യം ത്രസിപ്പിച്ചത്. ഫ്രഞ്ച് കരുത്തന് പിന്നാലെ പാഞ്ഞ അംബ്രബാത്തിന്റെ ടാക്കിൾ മൊറോക്കോയെ രക്ഷിച്ചു. പിന്നാലെ തുർച്ചയായ രണ്ട് മുന്നേറ്റങ്ങൾ നടത്തിയ മൊറോക്കോ ഗോളിന് തൊട്ട് അടുത്ത് വരെയെത്തി. എന്നാൽ, സെന്റർ ബാക്കുകളായ വരാന്റെയും കൊനാറ്റയുടെയും കരളുറപ്പിന് മുന്നിൽ നിരാശരായി മടങ്ങിയ ആഫ്രിക്കൻ പട അടുത്ത കുതിപ്പിനുള്ള വല നെയ്തു.
യൂറോപ്പിന്റെ വമ്പിനെ മികച്ച പാസിങ് ഗെയിമിലൂടെ ചോദ്യം ചെയ്യുകയായിരുന്നു മൊറോക്കോ. സിയെച്ചും ബൗഫലും ഹക്കീമിയും ചുവപ്പൻ കുപ്പായത്തിൽ പാറിക്കളിച്ചു. ജിറൂദിനെ പിൻവലിച്ച് മാർക്കസ് തുറാമിനെ ദെഷാംസ് എത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിര അതിവേഗക്കാരെ കൊണ്ട് നിറഞ്ഞു. 76-ാം മിനിറ്റിൽ ചൗമെനിയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത ഹംദെല്ലാഹ് ഫ്രഞ്ച് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് കുതിച്ചെങ്കിലും ഷോട്ട് എടുക്കാൻ സാധിക്കാതെ പോയതോടെ സുവർണാവസരം പാഴായി.
79-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ച ഗോൾഡൻ ബോയ് ആയി. ബോക്‌സിനുള്ളിൽ വച്ച് തുറാം നൽകിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കൻ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി. പക്ഷേ, തക്കം പാർത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇൻ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്‌സിലേക്ക് വീണ്ടും കുതിപ്പ് തുടർന്നു.
മത്സരത്തിന്റെ അവസാന മിനിറ്റു വരെ ഫ്രഞ്ച് പടയുമായി ഒപ്പത്തിനൊപ്പം പോരാടിയാണ് മൊറോക്കോയുടെ മടക്കം. ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരെ വീഴ്‌ത്തി സെമിയിൽ കടന്ന മൊറോക്കോയുടെ ചരിത്രക്കുതിപ്പ്, ഒടുവിൽ 'ഫ്രഞ്ച് വിപ്ലവ'ത്തിൽത്തട്ടി അവസാനിക്കുന്നു. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഗോളെന്നുറച്ച ഒരുപിടി സുവർണാവസരങ്ങൾ മുതലാക്കാനാകാതെ പോയതിൽ സ്വയം പഴിച്ച് മൊറോക്കോയ്ക്ക് ഖത്തറിൽനിന്ന് മടക്കം. ആദ്യപകുതിയിൽ ജവാദ് അൽ യമിഖിയുടെ കിടിലൻ ഓവർഹെഡ് കിക്ക് പോസ്റ്റിലിടിച്ച് തെറിച്ചതും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ പകരക്കാരൻ താരം ഹംദല്ലെയുടെ ഷോട്ട് പോസ്റ്റിനു തൊട്ടുമുന്നിൽ കോണ്ടെ തടഞ്ഞതും ഇന്ന് മൊറോക്കോയുടെ ദിനമല്ലെന്നതിന്റെ നേർസാക്ഷ്യങ്ങളായി.
സ്പോർട്സ് ഡെസ്ക്