ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടാനിരിക്കെ ആരാധകരിൽ ആശങ്ക പടർത്തി ലയണൽ മെസിക്ക് പരിക്കേറ്റെന്ന വാർത്ത പ്രചരിക്കുന്നു. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ക്രൊയേഷ്യക്കെതിരായ സെമിയിൽ മെസിക്ക് ഹാംസ്ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അർജന്റീനൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

അതേസമയം മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലിന് ഇറങ്ങുമെന്നും അർജന്റീനൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്. ചില താരങ്ങൾക്ക് വിശ്രമം നൽകിയതാണ് എന്നാണ് വിശദീകരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ മെസി തുടയിലെ പേശികളിൽ അമർത്തിപ്പിടിക്കുന്നത് പല തവണ കാണാനായിരുന്നു.

വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസ്സി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് ശേഷം മെസ്സി പേശീവലിവ് ബാധിച്ചതുപോലെയാണ് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് പോയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ ലോകകപ്പിൽ അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി കളംനിറഞ്ഞ് കളിക്കുകയാണ് മെസി. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്കും അഞ്ച് ഗോളുണ്ട്. രണ്ട് അസിസ്റ്റുകളാണ് എംബാപ്പെയുടെ സമ്പാദ്യം. അതിനാൽ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് വിജയികളെ കലാശപ്പോര് തീരുമാനിക്കും.

ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് അർജന്റീന-ഫ്രാൻസ് ഫൈനൽ. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അർജന്റീന കളിക്കുന്നത്. സസ്‌പെൻഷൻ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാൽ ഫൈനലിലെ ആദ്യ ഇലവനിൽ മാറ്റം വന്നേക്കും. സ്‌കലോണിയുടെ ടാക്റ്റിക്‌സിൽ സുപ്രധാന ഭാഗം നിർവഹിക്കുന്ന താരമാണ് അക്യൂന.

ഏഞ്ചൽ ഡി മരിയയുടെ പരിക്ക് മാറിയത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട ചെല്ലുമെന്ന് പറഞ്ഞ ഡി മരിയക്കും ഇതൊരു മരണക്കളിയാണ്. ഫോം കണ്ടെത്താൻ പാടുപെടുന്ന ലൗട്ടാരോ മാർട്ടിനസിന് പകരമെത്തിയ ജൂലിയൻ അൽവാരസ് വിജയം കാണുന്നത് സ്‌കലോണിക്ക് പ്രതീക്ഷയാണ്.