- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പ് ഫൈനലിന് രണ്ട് ദിവസം മാത്രം; ഫ്രാൻസിന് ആശങ്കയായി പനി പടരുന്നു; റാഫേൽ വരാനെയ്ക്കും ഇബ്രാഹിമ കൊനാറ്റയ്ക്കും രോഗം ബാധിച്ചതായി റിപ്പോർട്ട്; പ്രതിരോധ നിരയിലെ പ്രധാന മൂന്ന് താരങ്ങൾക്കും പനി ബാധിച്ചത് കടുത്ത പ്രതിസന്ധി
ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ ഫ്രാൻസ് നിരയിൽ പ്രമുഖ താരങ്ങൾക്ക് പനി ബാധിച്ചത് ടീം അധികൃതരെയും ആരാധകരെയും ആശങ്കയിലാഴ്‌ത്തുന്നു. ഫ്രാൻസ്- അർജന്റീന ഫൈനലിന് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫ്രാൻസിന്റെ പരിശീലനം പുനരാരംഭിക്കാൻ ഇരിക്കെയാണ് കൂടുതൽ താരങ്ങൾക്ക് പനി ബാധിച്ചത് പ്രതിസന്ധിയിലാക്കുന്നത്.
ഏറ്റുവുമൊടുവിൽ പ്രതിരോധ നിര താരങ്ങളായ റാഫേൽ വരാനെയ്ക്കും ഇബ്രാഹിമ കൊനാറ്റയ്ക്കുമാണ് പനി ബാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മധ്യനിരതാരം അഡ്രിയൻ റാബിയോട്ട്, പ്രതിരോധനിര താരം ഡാലോട്ട് ഉപമെക്കാനോ, മുന്നേറ്റ നിര താരം കിങ്‌സലി കോമാൻ എന്നിവർക്കും വൈറസ് ബാധിച്ചിരുന്നു.
ഇവർക്ക് മൂന്ന് പേർക്കും മൊറോക്കോയ്‌ക്കെതിരെയുള്ള സെമി ഫൈനൽ നഷ്ടമായിരുന്നു. ഉപമെക്കാനോയുടെ അഭാവത്തിലാണ് കൊനാറ്റ വരാനെയ്‌ക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങിയത്. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിരയിലെ പ്രധാന മൂന്ന് താരങ്ങൾക്കും പനി ബാധിച്ചത് ഫ്രാൻസ് സംഘത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. വൈറസിന്റെ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നടപടികൾ ഫ്രാൻസ് ക്യാമ്പിൽ നടപ്പിലാക്കിയിട്ടുണ്ട്.
സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, പരിശീലന സൗകര്യങ്ങൾ എന്നിവയിലെ എയർ കണ്ടീഷനിങ് ആണ് വൈറസ് പടരാനുള്ള കാരണമായി ചിലർ പറയുന്നത്. നേരത്തെ, തൊണ്ട വേദനയും ചുമയും ബാധിച്ചതായി ബ്രസീൽ ഉൾപ്പെടെയുള്ള ടീമുകൾ പരാതിപ്പെട്ടിരുന്നു. പനി ബാധിച്ച താരങ്ങളെ നിലവിൽ ഐസോലേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് ടീം അംഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ അനുവദിച്ചിട്ടില്ല. പക്ഷേ, അഞ്ച് താരങ്ങൾക്ക് ഇതിനകം ബാധിച്ചത് ടീമിലെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതേസമയം, അർജന്റീന നായകൻ ലയണൽ മെസിക്ക് പരിക്കേറ്റതായുള്ള വാർത്തകൾ അർജന്റീന ആരാധകരെയും ആശങ്കപ്പെടുത്തിയിരുന്നു. ക്രൊയേഷ്യക്കെതിരായ സെമിയിൽ മെസിക്ക് ഹാംസ്ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ഇൻസൈഡ് സ്‌പോർടിന്റെ വാർത്തയിൽ പറയുന്നു.
എന്നാൽ ഇക്കാര്യത്തിൽ അർജന്റീനൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും ഫൈനലിന് ഇറങ്ങുമെന്നും അർജന്റീനൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്. ചില താരങ്ങൾക്ക് വിശ്രമം നൽകിയതാണ് എന്നാണ് വിശദീകരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ മെസി തുടയിലെ പേശികളിൽ അമർത്തിപ്പിടിക്കുന്നത് പല തവണ കാണാമായിരുന്നു.
ഏയ്ഞ്ചൽ ഡി മരിയ പൂർണമായി കായിക ക്ഷമത വീണ്ടെടുത്തത് അർജന്റീനയ്ക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പരിശീലനത്തിനിറങ്ങിയ ഡി മരിയ ഫൈനലിന് സജ്ജമാണ്. പരേഡസിന് പകരം അർജന്റീനയുടെ ആദ്യ ഇലവനിൽ ഡി മരിയ എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ചവരുന്നവർക്ക് ഇന്നലെ പരിശീലനത്തിൽ നിന്ന് അവധി നൽകിയിരുന്നു.
സ്പോർട്സ് ഡെസ്ക്