- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായി; പിന്നാലെ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ടീം നായകൻ സെർജിയോ ബുസ്‌ക്വെറ്റ്സ്! സഹതാരങ്ങൾക്ക് അടക്കം നന്ദി പറഞ്ഞ് വിരമിക്കൽ പ്രഖ്യാപനം
മാഡ്രിഡ്: ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് സ്‌പെയിൻ മടങ്ങിയതിന് പിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ടീം നായകനും 2010 ലോകകപ്പ് ജേതാവുമായ സെർജിയെ ബുസ്‌ക്വെറ്റ്സ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.
പതിനഞ്ച് വർഷക്കാലം സ്പെയിൻ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ അദ്ദേഹം 143 മത്സരങ്ങളിൽ കളത്തിലിറങ്ങി. ഖത്തർ ലോകകപ്പിൽ സ്പാനിഷ് ടീമിനെ നയിച്ചത് ബുസ്‌ക്വെറ്റ്സായിരുന്നു. പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടായിരുന്നു ടീമിന്റെ മടക്കം.
''ദേശീയ ടീമിനെ പ്രതിനിധീകരിക്കാനും അവരെ ലോകചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരുമാക്കി ഉയർത്താൻ സഹായിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. 15 വർഷം നീണ്ട ആ യാത്ര ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കാലയളവിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി'' - ബുസ്‌ക്വെറ്റ്സ് കുറിച്ചു.
2010 ലോകകപ്പും 2012 യൂറോ കപ്പും നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു ബുസ്‌ക്വെറ്റ്സ്. സ്പെയിനിനായി നാല് ലോകകപ്പുകളിൽ കളിച്ചു. സാവി ഹെർണാണ്ടസിനും ആന്ദ്രേസ് ഇനിയെസ്റ്റയ്ക്കുമൊപ്പം സ്പെയിനിന്റെ ലോകോത്തര മധ്യനിരയുടെ ഭാഗമായിരുന്നു ബുസ്‌ക്വെറ്റ്സ്.
മൊറോക്കോയോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടുകൊണ്ടാണ് ലോകകപ്പിൽ നിന്നും സ്‌പെയിൻ പുറത്തായത്. അതിന് പിന്നാലെയാണ് ഇപ്പോൾ 34കാരനായ ബുസ്‌ക്വെറ്റ്സ് തന്റെ റിട്ടയർമെന്റ് അനൗൺസ് ചെയ്തിരിക്കുന്നത്. 2010ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് വിജയിച്ച സ്‌പെയിൻ ടീമിൽ ബുസ്‌ക്വെറ്റ്സും ഭാഗമായിരുന്നു.
കൂടാതെ 2012ലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനോടൊപ്പം താരം കിരീടം നേടിയിരുന്നു. വലിയൊരു അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 2009ൽ 21ആം വയസിൽ സ്‌പെയിൻ ദേശീയ ടീമിനായി അരങ്ങേറിയ താരം ഇതുവരെ 143 മത്സരങ്ങളിൽ ബൂട്ട്‌കെട്ടിയിട്ടുണ്ട്. അതിൽനിന്നും 2 ഗോളുകൾ നേടുവാനും മിഡ്ഫീൽഡറായ ബുസ്‌ക്വെറ്റ്സിന് സാധിച്ചിട്ടുണ്ട്. നിലവിൽ ക്ലബ് തലത്തിൽ ബാർസലോണയുടെ താരമാണ് ബുസ്‌ക്വെറ്റ്സ്. വരുന്ന സമ്മറിൽ താരം ബാർസ വിട്ടേക്കുമെന്നാണ് റിപ്പോർട്ട്.
സ്പോർട്സ് ഡെസ്ക്