ദോഹ: കാൽപ്പന്തുകളിയുടെ ലോകരാജക്കന്മാർ ആരെന്ന് അറിയാൻ ബാക്കിയുള്ളത് ഒരേയൊരു പോരാട്ടം മാത്രം. ഞായറാഴ്ച രാത്രിയാണ് സ്വർണക്കപ്പിനായി ലയണൽ മെസ്സിയുടെ അർജന്റീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും മുഖാമുഖം എത്തുന്നത്. ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് ടീമുകൾ തമ്മിലുള്ള കലാശപോരിൽ കപ്പ് ആരടിക്കും?

സസ്പെൻസ് തീരാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ ഖത്തർ ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ ലോകകപ്പ് ആരംഭിക്കും മുമ്പെ കൃത്യമായി പ്രവചിച്ച
ആധുനിക നോട്രഡാമസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആതോസ് സലോമിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അർജന്റീനയും ഫ്രാൻസും തമ്മിലാവും കലാശക്കളിയെന്നു അദ്ദേഹം നേരത്തേ ശരിയായി പ്രവചിച്ചിരുന്നു. ഇപ്പോൾ ഫൈനലിലെ വിജയിയെയും പ്രവചിച്ചിരിക്കുകയാണ്. ഖത്തർ ലോകകപ്പ് അർജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനം. ഇത് ശരിയാകുമോ എന്നാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഗണിതശാസ്ത്ര സാധ്യതകളെ വിശകലനം ചെയ്യുന്ന കബാലി എന്ന സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് താൻ ഭാവി പ്രവചിക്കുന്നതെന്ന് അത്തോസ് പറഞ്ഞു. ഫൈനലിനായുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ മത്സരത്തിന്റെ തീയതി - ഡിസംബർ 18 ഞായറാഴ്ച - പങ്കെടുക്കുന്നവരുടെ പേരുകൾ എന്നിവ ഉൾക്കൊള്ളുന്നു.

സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി, റഷ്യ- യുക്രയ്ൻ യുദ്ധം, എലിസബത്ത് രാജ്ഞിയുടെ മരണം തുടങ്ങിയവയെല്ലാം മുൻകൂട്ടി പ്രവചിച്ച് അദ്ദേഹം ലോക ശ്രദ്ധയാകർഷിച്ചിരുന്നു.

ഏഴു തവണ ബാലൺ ഡിയോർ സ്വന്തമാക്കിയ ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളിലൊരാളായ മെസ്സിയുടെ ഉജ്ജ്വല കരിയറിൽ ലോകകപ്പിന്റെ കുറവ് മാത്രമേയുള്ളൂ. ഇത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഖത്തറിലെത്തിയിരിക്കുന്നത്.

ആധുനിക 'നോസ്ട്രഡാമസ്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രസീലിയനായ ഇദ്ദേഹം ലോകകപ്പിന്റെ ഫൈനൽ വരെ പ്രവചിച്ചത് എല്ലാം കിറുകൃത്യമായി നടന്നു.അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച് ഇവർ ഫൈനലിൽ കളിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതിൽ കൂടുതൽ സാദ്ധ്യത രണ്ട് ടീമുകൾക്കാണെന്നും സലോമി വെളിപ്പെടുത്തിയിരുന്നു.

ഒരു മാസം മുൻപേ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് സലോമി പറഞ്ഞിരുന്നു.ഓസ്‌ട്രേലിയ, നെതർലന്റ്‌സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. അതേസമയം പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പ്രവചനം എല്ലാം ശരിയായി.