ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ മൊറോക്കോയ്ക്ക് എതിരെ ക്രൊയേഷ്യ ആദ്യപകുതിയിൽ മുന്നിൽ. ആവേശപ്പോരാട്ടത്തിൽ രണ്ടു മിനിറ്റിനിടെ ഓരോ ഗോൾ നേടി ക്രൊയേഷ്യയും മൊറോക്കോയും തുല്യത പാലിച്ചെങ്കിലും 42ാം മിനിറ്റിൽ യുവതാരം മിസ്ലാവ് ഓർസിച്ചിലൂടെയാണ് ക്രൊയേഷ്യ നിർണായക ലീഡ് നേടിയത്. മൊറോക്കോ ബോക്‌സിലേക്ക് ക്രൊയേഷ്യ നടത്തിയ മുന്നേറ്റത്തിനൊടുവിൽ മാർക്കോ ലിവാജ നൽകിയ പാസിൽ നിന്നാണ് ഓർസിച്ച് ലക്ഷ്യം കണ്ടത്

കളിതുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഒരു തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കെതിരേ ഒമ്പതാം മിനിറ്റിൽ മൊറോക്കോ തിരിച്ചടിച്ചു. ഏഴാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിച്ചു. എന്നാൽ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് തന്നെ മൊറോക്കോ തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റിൽ അഷ്റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ഫ്രീകിക്കിൽ നിന്നു വന്ന പന്തിനു തലവച്ചാണ് ഇരുവരും ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചുകളിക്കാനാണ് ക്രൊയേഷ്യ നോക്കിയത്. അതേസമയം, സെമി ഫൈനലിൽ ഫ്രാൻസിനോട് പുറത്തെടുത്ത ആക്രമണശൈലിയിൽനിന്ന് മാറി സ്വന്തം കോട്ട ഭദ്രമാക്കുക എന്ന പതിവ് ശൈലിയിലേക്ക് തിരിച്ചുപോകുന്ന ആഫ്രിക്കൻ സംഘത്തെയാണ് കാണാനായത്. മൂന്നാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധത്തിലെ വീഴ്ചയിൽ ക്രൊയേഷ്യയ്ക്ക് ആദ്യ കോർണർ അവസരം. മോഡ്രിച്ച് എടുത്ത കിക്ക് പക്ഷെ മൊറോക്കൻ പ്രതിരോധം തട്ടിയകറ്റി.

സെമിയിൽ തോറ്റ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ക്രൊയേഷ്യൻ നിരയിൽ അഞ്ച് മാറ്റങ്ങളുണ്ട്. അർജന്റീനയ്‌ക്കെതിരെ പരുക്കേറ്റ് മൈതാനത്തുനിന്നു കയറിയ ഡിഫൻഡർ മാർസലോ ബ്രൊസോവിച്ച്, ജുറാനോവിച്ച്, ലോവ്‌റെൻ, സോസ, പസാലിച്ച് എന്നിവരാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്. ഇവർക്കു പകരം ജോസിപ് സ്റ്റാനിസിച്ച്, ജോസിപ് സുതാലോ, മിസ്ലാവ് ഓർസിച്ച്, ലോവ്‌റോ മയേർ, മാർക്കോ ലിവാജ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.

മൊറോക്കോ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. മൊറോക്കോ കോച്ച് വാലിദ് റഗ്‌റാഗി ഫ്രാൻസിനെതിരെ റിസ്‌കെടുത്ത് ഇറക്കിയ നയെഫ് അഗ്വെർദ്, റൊമെയ്ൻ സെയ്‌സ് എന്നിവർക്ക് ഇന്നു വിശ്രമം അനുവദിച്ചു. നുസെർ മസറോയി പകരക്കാരുടെ ബെഞ്ചിലാണ്. അത്തിയത്ത് അല്ലാ, അബ്ദൽഹമീദ് സാബിരി, ബിലാൽ എൽ ഖന്നൂസ് എന്നിവർ പകരമെത്തി.

മൂന്നാം സ്ഥാന മത്സരം വ്യർഥമാണെന്ന വാദങ്ങൾക്കിടയിലും, ജയിക്കുന്നവർക്കു വെങ്കല മെഡലാണു സമ്മാനം. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ).