- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പ്രതിരോധത്തിന് ഇത്ര ഉറപ്പ് വന്നത് നാൽപത്തിയേഴുകാരൻ റഗ്‌റാഗിയുടെ വരവോടെ; ഇത് 150 ദിവസം കൊണ്ട് പ്രതിസന്ധികളിൽ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിൽ ലൂസേഴ്‌സ് ഫൈനൽ കളിപ്പിച്ച വണ്ടർ കോച്ച്; കളിക്കാരുടെ അമ്മമാർക്ക് ടീമിനൊപ്പം സഞ്ചരിക്കാനും താമസിക്കാനും അനുമതി നൽകിയ തന്ത്രവും ടീമിനെ ഒരുമിച്ചു നിർത്തി; ലൂസേഴ്‌സ് ഫൈനലിൽ തോൽക്കുമ്പോഴും മൊറോക്കോയ്ക്ക് റാഗ്റാഗി ഇനി സൂപ്പർ കോച്ച്
മൊറോക്കോയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകൻ വാഹിദ് ഹലിഹാജിക്കിനു പകരം വാലിദ് റഗ്‌റാഗിയെ നിയമിച്ചത് 4 മാസം മുൻപാണ്. ചുമതല ഏറ്റെടുത്ത് 143-ാം ദിവസം, ടീം ലോകകപ്പ് സെമിയിലെത്തി. 150-ാം ദിവസം ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലിലും കളിച്ചു. അവിടെ പിഴച്ചെങ്കിലും ആസാമാന്യ വിജയ ഗാഥയാണ് മൊറോക്കോയുടേത്. ഖത്തറിലെ കറുത്ത കുതിരകൾ.
റഗ്‌റാഗിയുടെ കീഴിൽ മൊറോക്കോ സെമിവരെ തോൽവി അറിഞ്ഞിരുന്നല്ല. മൊറോക്കോയുടെ പ്രതിരോധത്തിന് ഇത്ര ഉറപ്പ് വന്നത് നാൽപത്തിയേഴുകാരൻ റഗ്‌റാഗിയുടെ വരവോടെയാണ്. എതിരാളികളുടെ ബോൾ പൊസിഷൻ ഉയർന്നു നിന്നിട്ടും ഈ ലോകകപ്പിൽ മൊറോക്കോ തോറ്റത് രണ്ടു കളിയിൽ മാത്രം. ആദ്യത്തേത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനോട് സെമിയിൽ. രണ്ടാമത്തേത് ക്രൊയേഷ്യയ്‌ക്കെതിരെ ലൂസേഴ്‌സ് ഫൈനലിലും. പ്രതിഭയും വേഗതയും പരിചയ സമ്പന്നതയും ഒരുമിച്ച ഫ്രഞ്ച് പടയും ക്രൊയേഷ്യൻ പോരാളികളും എല്ലാ അർത്ഥത്തിലും ജയം സ്വന്തമാക്കുകയായിരുന്നു.
പ്രതിസന്ധികളിൽ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിൽ നാലാം സ്ഥാനക്കാരാക്കിയത് വാലിദിന്റെ പരീക്ഷണങ്ങളാണെന്നതിൽ രണ്ടില്ല വാദം. ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് വാലിദ് ഏറ്റെടുത്തത്. ആ ദൗത്യത്തിൽ അദ്ദേഹം നൂറു ശതമാനവും വിജയിച്ചുവെന്നതിന്റെ തെളിവാണ് ടീമിന്റെ മുന്നേറ്റം. മൊറോക്കൻ ഫുട്ബോൾ ചരിത്രത്തിൽ റഗ്റാഗി വെറും കോച്ചല്ല ഇനി, ടീമിനെ ലോകകപ്പിന്റെ താരങ്ങളാക്കിയ സൂപ്പർ കോച്ചാണ്. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോ പ്രീ ക്വാർട്ടറിൽ സ്ഥാനം നേടിയപ്പോഴെ കോച്ച് ഹീറോയായതാണ്. പിന്നാലെ കന്നി ക്വാർട്ടർ ഫൈനൽ യാഥാർഥ്യമാക്കി ടീമിനോളവും അതിനു മുകളിലേക്കും കോച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറി. പിന്നെ സെമിയിലേക്കും എത്തി. തോറ്റവർ ലൂസേഴ്‌സ് ഫൈനലിൽ പോരാട്ട മികവ് തുടർന്നു. പക്ഷേ ജയിച്ചില്ല.
2019ൽ സ്ഥാനമേറ്റ വാഹിദ് ഹലിഹാജിക്കിനു കീഴിലായിരുന്നു മൊറോക്കോ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാൽ മൊറോക്കൻ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെയാണ് വാലിദിനെ തേടി മൊറോക്കൻ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കൻ ക്ലബായ വൈഡാഡ് അത്ലറ്റികിനെ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി തിളങ്ങി നിൽക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനായി. 2001 മുതൽ എട്ട് വർഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റഗ്റാഗി.
2012ൽ ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവിൽ മൊറോക്കൻ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റഗ്റാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ൽ ഫാത്ത് യൂണിയൻ സ്പോർട്ടിലൂടെയാണ്. രണ്ട് കിരീടങ്ങളും അവിടെ സ്വന്തമാക്കി. തുടർന്ന് ഖത്തറിൽ അൽദുഹൈൽ എസ്.സിയെ പരിശീലിപ്പിച്ചാണ് മൊറോക്കോയിലേക്ക് മടങ്ങി എത്തിയത്. ശൂന്യതയിൽ നിന്നും ലോകകപ്പിൽ വലിയ സ്വപ്നം കാണാൻ ഒരു രാജ്യത്തെ പ്രാപ്തനാക്കിയ കോച്ചാണ് റഗ്റാഗി. ഏതാണ്ട് തൊട്ടടുത്തു വരെ എത്തിച്ചു.
ലോകകപ്പിന്റെ ഗ്രൂപ്പ് ഫിക്സ്ചറിങ് കഴിഞ്ഞപ്പോൾ തന്നെ ഒട്ടുമിക്കവരും മൊറോക്കോയെ എഴുതിത്ത്ത്തള്ളിയതാണ്. കാരണം അവർക്കൊപ്പമുള്ളത് കരുത്തരായിരുന്നു. ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കൊപ്പം ബെൽജിയവും ക്രൊയേഷ്യയും കാനഡയുമാണ് പോരാടാനിറങ്ങിയത്. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ക്ലബ്ല് ഫുട്ബോളിലെ മിന്നും താരങ്ങൾ ബൂട്ടുകെട്ടിയിറങ്ങുന്ന ബെൽജിയവും ഗ്രൂപ്പ് എഫിൽ നിന്ന് അനായാസം നോക്കൗട്ടിലേക്ക് മുന്നേറുമെന്നാണ് കളിപ്രേമികളെല്ലാം പ്രവചിച്ചത്. കാരണം താരതമ്യേന ദുർബലരായ മൊറോക്കോയും കാനഡയും വെല്ലുവിളിയുയർത്തുമെന്നു കരുതാൻ മാത്രമുള്ള ഒരു ചരിത്രവും അവർക്കുണ്ടായിരുന്നില്ല. എന്നാൽ മൈതാനത്ത് പ്രവചനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണ് കാണാനായത്. ഇതിന് പിന്നിൽ റഗ്‌റാഗി എന്ന പരിശീലകന്റെ വിയർപ്പായിരുന്നു. ആ പരിശ്രമമാണ് മൊറോക്കോയെ ലോകകപ്പിൽ നാലാം സ്ഥാനക്കാരാക്കിയതും.
ഫുട്‌ബോളറായിരുന്ന കാലത്തു ഡിഫൻഡറായിരുന്നു റഗ്‌റാഗി. ഫ്രാൻസിൽ ജനിച്ച റഗ്‌റാഗി ക്ലബ് ഫുട്‌ബോൾ കരിയറിൽ ഏറെയും കളിച്ചതു ഫ്രഞ്ച് ക്ലബ്ബുകളിലാണ്. ജനിച്ചതു ഫ്രാൻസിലാണെങ്കിലും പിന്നീടു മൊറോക്കോ പൗരത്വം സീകരിച്ച റഗ്‌റാഗി 2001-2009 കാലത്തു മൊറോക്കൻ ദേശീയ ജഴ്‌സിയുമണിഞ്ഞു. 2012ൽ ക്ലബ് ഫുട്‌ബോളിൽ നിന്നു വിരമിച്ച ശേഷം പരിശീലന രംഗത്തെത്തി. ഈ വർഷം ആഗസറ്റ് 31ന് വാഹിദ് ഹലിഹാജിക്കിന്റെ പകരക്കാരനായി ദേശീയ ടീം കോച്ചായി നിയമിക്കപ്പെടുമ്പോൾ അത്ര മികച്ച പേരൊന്നുമായിരുന്നില്ല റഗ്‌റാഗിക്ക്. ഏറക്കാലം മൊറോക്കോയിലെ ഫസ് റബാത് ക്ലബിന്റെ പരിശീലകനായിരുന്ന റഗ്‌റാഗി പിന്നീട് ഖത്തറിലെ അൽ ദുഹൈൽ ക്ലബിനെയും നാട്ടിലെ വൈദാദ് എ.സിയെയും പരിശീലിപ്പിച്ചശേഷമാണ് ദേശീയ ടീമിൽ ചുമതലയേൽക്കുന്നത്.
കരുത്തൻ ടീമുകൾക്കെതിരെ അപാരമായ പോരാട്ടവീര്യത്തോടെ മത്സരിക്കാനും അവരെ മലർത്തിയടിക്കാനുമുള്ള കഴിവോടെ ടീമിനെ സജ്ജമാക്കാൻ സാധിക്കുന്നതാണ് റഗ്‌റാഗി വിജയം. ബെൽജിയം, സ്‌പെയിൻ, പോർചുഗൽ... മൂന്നു യൂറോപ്യൻ വമ്പന്മാരെയാണ് റെഗ്‌റഗൂയിയുടെ തന്ത്രങ്ങളിലേറി മൊറോക്കോ സെമിക്ക് മുമ്പ് മലർത്തിയടിച്ചത്. കളിക്കാരുടെ അമ്മമാർക്ക് ടീമിനൊപ്പം സഞ്ചരിക്കാനും താമസിക്കാനും അനുമതി നൽകിയ റഗ്‌റാഗിയുടെ തന്ത്രവും വിജയകരമായി. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിലെത്തിയത് പോലും. ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം കൂടിയായിയിരുന്നു അവർ.
1990-ലോകകപ്പിൽ ക്വാർട്ടറിലെത്തിക്കൊണ്ട് കാമറൂണാണ് ക്വാർട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയത്. പിന്നാലെ 2002-ൽ സെനഗലും 2010-ൽ ഘാനയും ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. 1998-ൽ നൈജീരിയക്കുശേഷം ലോകകപ്പിൽ സ്പെയിനിനെ പരാജയപ്പെടുത്തുന്ന ആഫ്രിക്കൻ രാജ്യം കൂടിയായിരുന്നു മൊറോക്കോ. ഒടുവിൽ കിട്ടിയത് കിരീടത്തിന് സമാനമായ നാലാം സ്ഥാനം.
സ്പോർട്സ് ഡെസ്ക്