- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സെമിയിൽ അൽവാരസിന്റെ ഗോളിലേക്കുള്ള മെസിയുടെ അവിശ്വസനീയ കുതിപ്പിന് ഒട്ടേറെ പഴികേട്ടു; പ്രായശ്ചിത്തമായി മൊറോക്കോയ്ക്ക് എതിരെ ഗ്വാർഡിയോളിന്റെ 'പറക്കും ഗോൾ'; യാസിൻ ബോനുവിന്റെ പ്രതിരോധം ഭേദിച്ച ആ ഗോൾ ക്രൊയേഷ്യ മറക്കില്ല
ദോഹ: ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ കീഴടക്കി മിന്നും ജയം നേടിയാണ് ക്രൊയേഷ്യ ഖത്തറിൽ നിന്നും മടങ്ങുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഡ്രിച്ചും സംഘവും മൊറോക്കോയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച അവസരം മുതലാക്കിയാണ് ക്രൊയേഷ്യ മുന്നേറിയത്. ക്രൊയേഷ്യയ്ക്ക് ആവേശത്തുടക്കം നൽകി ജോസ്‌കോ ഗ്വാർഡിയോൾ നേടിയ മിന്നും ഗോൾ സെമിയിലെ വീഴ്ചയ്ക്കുള്ള താരത്തിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു.
അർജന്റീനക്കെതിരെ ജൂലിയൻ അൽവാരസ് നേടിയ രണ്ടാം ഗോളിന് ലയണൽ മെസ്സി നടത്തിയ അവിശ്വസനീയ കുതിപ്പ് ഗ്വാർഡിയോളിനെ നിഷ്പ്രഭനാക്കിയായിരുന്നു. അതിന്റെ പേരിൽ ഗ്വാർഡിയോൾ ആരാധകരിൽ നിന്ന് ഏറെ പഴിയും കേട്ടു. അതിനുള്ള പ്രായശ്ചിത്തമായിരുന്നു ഗ്വാർഡിയോളിന്റെ ഇന്നത്തെ മിന്നും ഗോൾ.
ഏഴാം മിനിറ്റിൽ ബോക്‌സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുകയായിരുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിച്ചു. മൊറോക്കോ കീപ്പർ യാസിൻ ബോനു ചാടിനോക്കിയെങ്കിലും തട്ടിയകറ്റാൻ സാധിച്ചില്ല. ലോകകപ്പിൽ ഗ്വാർഡിയോളിന്റെ ആദ്യ ഗോളാണിത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവ ഡിഫൻഡർമാരിലൊരാളാണ് ഇരുപതുകാരനായ ഗ്വാർഡിയോൾ . സെമിയിൽ പന്തുമായി ക്രൊയേഷ്യൻ ബോക്‌സിലേക്ക് കുതിക്കവെ വേഗം കൂട്ടിയും കുറച്ചും മെസ്സി പ്രതിരോധ താരത്തെ ബീറ്റ് ചെയ്യുകയായിരുന്നു. മെസ്സി തളികയിലെന്ന പോലെ വച്ചു നീട്ടിയ പാസ് സ്ട്രൈക്കർ ജൂലിയൻ അൽവാരസിന് വലയിലേക്ക് തള്ളിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
ബുണ്ടസ് ലീഗയിൽ ആർബി ലീപ്സിഗിന്റെ താരമാണ് ഗ്വാർഡിയോൾ. മെസ്സിയുമായി മുഖാമുഖം വരുന്നതിന് മുമ്പ് ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സെന്റർ ബാക്ക്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ വമ്പൻ ക്ലബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ട്.
നൂറു മില്യൺ യൂറോ വരെ ചെലവഴിക്കാൻ സിറ്റി സന്നദ്ധമാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ അർജന്റീനക്കെതിരായ പോരാട്ടത്തിൽ മെസ്സിയുടെ മുന്നേറ്റത്തിൽ അൽവാരസ് നേടിയ ഗോളോടെ ഗ്വാർഡിയോളിന്റെ മൂല്യം ഒറ്റയടിക്ക് മുപ്പത് മില്യൺ ഇടിഞ്ഞു എന്നടക്കം സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാർഡിയോൾ ഇന്ന് പറഞ്ഞു. 'ഞങ്ങൾ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ (മെസ്സി) കളിക്കാനായതിൽ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും. അടുത്ത തവണ അദ്ദേഹത്തെ കീഴ്പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാൻ മെസ്സിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ടീമിൽ അദ്ദേഹം സമ്പൂർണമായി വ്യത്യസ്തനായ കളിക്കാരനാണ്.' - വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സ്പോർട്സ് ഡെസ്ക്