- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ഞാൻ ഉത്തരം നൽകിയില്ലെങ്കിൽ, പിണങ്ങിപ്പോയി എന്ന് നിങ്ങൾ പറയും; പരിക്കേറ്റ് പുറത്തായ താരമാണ് ബെൻസേമ'; കലാശപ്പോരിന് സൂപ്പർ താരം ഉണ്ടാകുമോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകി ഫ്രഞ്ച് കോച്ച്; മെസ്സിക്ക് കിരീടമെന്ന ആഗ്രഹം തന്റെ വിഷയമല്ലെന്നും ദെഷാംപ്സ്
ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരായ ഫൈനലിൽ ഫ്രഞ്ച് നിരയിൽ ബാലൺ ദി ഓർ ജേതാവ് കരീം ബെൻസേമ തിരിച്ചെത്തുമെന്ന വാർത്തകളോട് പ്രതികരിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. പരിക്കുമായി പുറത്തുള്ള ബെൻസേമ ഞായറാഴ്ച ഫൈനലിൽ ഇറങ്ങുമെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞ ദിവസം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, പരിക്കുപറ്റിയവരെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ആരൊക്കെ കളി കാണാനെത്തുമെന്നത് തന്റെ വിഷയമല്ലെന്നുമായിരുന്നു ദെഷാംപ്‌സിന്റെ മറുപടി. നിലവിലെ 24 അംഗ സംഘത്തിൽ ആരെയൊക്കെ കളിപ്പിക്കാനാകുമെന്നതാണ് പരിഗണനയെന്നും അദ്ദേഹം പ്രതികരിച്ചത്.
ഞായറാഴ്ച അർജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ലെസ് ബ്ലൂസിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് കരീം ബെൻസെമ നടത്തില്ലെന്ന സൂചനയാണ് ദെഷാംപ്‌സ് നൽകിയത്. 'നിങ്ങൾ വിദേശ പത്രപ്രവർത്തകർക്കിടയിൽ വാർത്ത പ്രചരിപ്പിക്കുകയാണോ? ഞാൻ ഉത്തരം നൽകിയില്ലെങ്കിൽ, ഞാൻ പിണങ്ങിപ്പോയി എന്ന് നിങ്ങൾ പറയും. 'മുമ്പ് പരിക്കേറ്റ താരങ്ങൾ എനിക്കുണ്ട്. അവരിൽ ഒരാളാണ് കരീം. ലൂക്കാസ് ഹെർണാണ്ടസാണ് അവസാനമായി പരിക്കേറ്റത്.
'അതിനുശേഷം, എനിക്ക് കൈകാര്യം ചെയ്യാൻ 24 കളിക്കാരുണ്ട്, നിങ്ങൾക്ക് അവരെ അറിയാം. ഈ കളിക്കാർക്കെതിരായ ചോദ്യം ചോദിക്കാൻ, ഞാൻ അങ്ങനെ പറഞ്ഞാൽ, ഒരു സംഘം താരങ്ങളുണ്ട്. കളിക്കാരുടെയും മുൻ താരങ്ങളുടെയും പരിക്കേറ്റ കളിക്കാരുടെയും ക്ഷണങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. അവിടെ ആരൊക്കെ ഉണ്ടാകുമെന്ന് എനിക്കറിയില്ല.'
ഫ്രഞ്ച് ക്യാമ്പിനെ വലച്ച് വൈറസ് ബാധ പടർന്നതിനെ കുറിച്ച് ദെഷാംപ്‌സ് പ്രതികരിച്ചില്ല. നിരവധി താരങ്ങൾ പരിശീലനത്തിനെത്താതെ ഹോട്ടൽ മുറിയിൽ വിശ്രമത്തിലാണ്. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാനുള്ള നടപടികളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനായിരുന്ന ദെഷാംപ്‌സ് 1998ൽ ടീം ചാമ്പ്യന്മാരാകുമ്പോൾ നായകനുമായിരുന്നു. സമാനതകളില്ലാത്ത നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ഇതിഹാസ താരം ലയണൽ മെസ്സിക്കു കീഴിൽ അർജന്റീന കിരീടത്തിൽ മുത്തമിടണമെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് എണ്ണമറ്റയാളുകൾ ആഗ്രഹിക്കുന്നുവെന്നത് തന്നെ അലട്ടുന്ന വിഷയമല്ലെന്നും ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് വ്യക്തമാക്കി. അർജന്റീനയിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ജനം മെസ്സി കപ്പുമായി മടങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നും ഫ്രഞ്ച് ജനതയിൽ പോലും കുറേപേർ അങ്ങനെയാണെന്ന് അറിയാമെന്നും ദെഷാംപ്‌സ് പറഞ്ഞു. അതിനപ്പുറത്ത് സ്വന്തം ടീമിന്റെ ലക്ഷ്യമാണ് വലുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ലോകം കാത്തിരിക്കുന്ന ക്ലാസിക് കലാശപ്പോരിൽ അർജന്റീനയും ഫ്രാൻസും മുഖാമുഖം നിൽക്കാനിരിക്കെയാണ് പ്രതികരണം. തുടർച്ചയായ രണ്ടാം കിരീടമെന്ന ചരിത്രത്തിനൊപ്പമെത്തുന്ന രണ്ടാം പരിശീലകനാകാനുള്ള കാത്തിരിപ്പിലാണ് ദെഷാംപ്‌സ്.
അർജന്റീനയുടെ ആരാധകരെ കുറിച്ചും ദെഷാംപ്‌സ് മാധ്യമ പ്രവർത്തകർക്കു മുമ്പിൽ വാചാലനായി. ''ഇരമ്പിയാർക്കുന്ന ആരാധകക്കൂട്ടമാണ് അർജന്റീനയുടെത്. ഓരോ ടൂർണമെന്റിലും അവരത് തെളിയിക്കുന്നവരാണ്. നാളെ സ്റ്റേഡിയത്തിൽ ഫ്രഞ്ച് ആരാധകർ എത്തിയാൽ പോലും അർജന്റീനക്കായി ആർത്തുവിളിക്കുന്നവരാകും കൂടുതൽ''- ദെഷാംപ്‌സിന്റെ വാക്കുകൾ.
സ്പോർട്സ് ഡെസ്ക്