ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുടെ ജഴ്‌സിക്കുമുണ്ട് താരപരിവേഷം. കാൽപന്തിന്റെ ചരിത്രം പത്താം നമ്പർ ജഴ്‌സിയുമായി ഇഴചേർന്നു നിൽക്കുന്നു. ഇതിഹാസങ്ങളുടെ നമ്പറായാണ് എല്ലാ കാലവും പത്താംനമ്പറിനെ വിലയിരുത്തുന്നത്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ സൂപ്പർ താരങ്ങൾ കാലങ്ങളായി കൈവശം സൂക്ഷിച്ച മാന്ത്രിക സംഖ്യ. പത്താം നമ്പർ ജഴ്‌സിയെക്കുറിച്ച് പറയുമ്പോൾ പെലെയാണ് ഏറ്റവും ശ്രദ്ധേയതാരം. ബ്രസീലിയൻ ഇതിഹാസം അണിഞ്ഞിരുന്നത് പത്താം നമ്പർ കുപ്പായം. ആ കുപ്പായത്തിലയാൾ കാനറികൾക്കു മൂന്നു ലോകകിരീടം സമ്മാനിച്ചു. മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏകതാരവും പെലെ മാത്രം.

അർജന്റീനയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ രണ്ടാംവട്ടം ലോകത്തിന്റെ നെറുകയിലെത്തിച്ചത് ഡിയേഗോ മറഡോണ അണിഞ്ഞതും ഇതേ പത്താം നമ്പർ ജഴ്‌സി തന്നെ. ലോകമെമ്പാടും ഈ ലാറ്റിനമേരിക്കൻ രാജ്യത്തിന് ആരാധകരെ സൃഷ്ടിച്ചത് അയാൾ കളത്തിൽ തീർത്ത മനോഹര നിമിഷങ്ങളായിരുന്നു.

1998 ലോകകപ്പിന്റെ കലാശപ്പോരിൽ അടക്കം മിന്നും ഗോൾ നേടി ഫ്രഞ്ചുകാരുെട നെഞ്ചകങ്ങളിലേക്ക് സിനദിൻ സിദാൻ നടന്നുകയറിയതും ഇതേ പത്താം നമ്പർ ജഴ്‌സിയിൽ. എന്നാൽ 2006 ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ട് കളത്തിൽ നിന്ന് കയറിപ്പോയപ്പോഴും സിദാൻ അണിഞ്ഞത് അതെ പത്താം നമ്പറായിരുന്നു. ഈ ലോകകപ്പിലും പത്താം നമ്പർ ജേഴ്‌സി ലോകകപ്പിന്റെ ചരിത്രത്തിലേക്ക് പിന്നെയും എഴുതിച്ചേർക്കപ്പെടുകയാണ്.

ക്രൊയേഷ്യ എന്ന കൊച്ചു രാജ്യത്തെ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാക്കിയ ലൂക്ക മോഡ്രിച്ച്. 2018 ൽ റഷ്യയിൽ വമ്പന്മാരോട് ഏറ്റുമുട്ടി ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ചത് മോഡ്രിച്ചാണ്. ഖത്തറിലെ സെമിയിൽ അർജന്റീനയോടു പരാജയപ്പെട്ടു. ഒടുവിൽ ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോയെ കീഴടക്കി മോഡ്രിച്ച് പത്താം നമ്പറിന്റെ പാരമ്പര്യം നിലനിർത്തി മടങ്ങുകയാണ്.

ക്വാർട്ടറിൽ പുറത്തായെങ്കിലും കളത്തിലുള്ളപ്പോഴെല്ലാം കാനറികൾക്കായി തകർത്തു കളിച്ച നെയ്മറിന്റെ ജഴ്‌സി നമ്പറും പത്തു തന്നെ. നെയ്മർ ഉള്ളപ്പൊഴെല്ലാം ബ്രസീലിയൻ ജനത വിജയം പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് സാക്ഷാൽ പെലെയ്ക്ക് ശേഷം പത്താംനമ്പർ അയാളെ തേടി എത്തിയത്.

ലോക കിരീട നേട്ടത്തോടെ ലയണൽ മെസി തന്റെ പത്താം നമ്പർ കുപ്പായം അഴിച്ചുവയ്ക്കുന്നത് സ്വപ്നം കാണുകയാണ് ആരാധകർ. കാൽപന്തിൽ മാന്ത്രികത തീർത്ത് ഒരിക്കൽക്കൂടി അർജന്റീനയെ വിശ്വകിരീടത്തിൽ മുത്തമിടീടക്കാൻ മെസിക്കാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.