ദോഹ: ഓർമയിൽ തങ്ങുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഖത്തർ ലോകകപ്പിന് തിരശ്ശീല വീഴുന്നത്. മനോഹരമായ ആ നിമിഷങ്ങൾ ഒരുപക്ഷേ ഫുട്ബോളിന് മാത്രം സമ്മാനിക്കാൻ കഴിയുന്നതാണ്. ലോകകപ്പ് കിരീട നേട്ടത്തിലൂടെ ലയണൽ മെസി എന്ന അർജന്റീന നായകന്റെ ഫുട്‌ബോൾ കരിയറിന് പൂർണത ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.



കലാശപ്പോരാട്ടത്തിന് അർജന്റീന അർഹത നേടിയതോടെ മെസിയാണ് ഏവരുടെയും സംസാര വിഷയം. ലോകമെമ്പാടുമുള്ള ആരാധകരുടെ മോഹം ലോകകപ്പ് കിരീട നേട്ടത്തോടെ മെസിയുടെ കരിയറിന് പൂർണത കൈവരിക്കണമെന്നാണ്. ആ സ്വപ്‌നത്തിലേക്കാണ് അർജന്റീന ടീം ഇന്ന് ബൂട്ട് കെട്ടുന്നത്.

ലോകമെമ്പാടും ആരാധകരുള്ള മെസിയുടെ സൗഹൃദവലയത്തിൽ ഒരു മലയാളിയുണ്ടാകുമോ? ഉണ്ട്, ആരെന്നല്ലേ? അദ്ദേഹത്തെക്കുറിച്ചാണിനി പറയുന്നത്. മെസിക്കൊപ്പമുള്ള മലയാളികളുടെ സെൽഫികൾ പോലും സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ, യാദൃശ്ചികമായല്ലാതെ മെസിക്കും കുടുംബത്തിനുമൊപ്പം പതിവായി സ്പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ സമയം ചെലഴിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു മലയാളിയുണ്ട്.



ദുബായിൽ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ്. മിശിഹായുടെ നേതൃത്വത്തിൽ അർജന്റീനൻ ടീം ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച മത്സരിക്കാനിറങ്ങുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിൽ തുടരുകയാണ് രാജേഷ്.