ദോഹ: ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ക്രൊയേഷ്യയ്ക്ക് മുന്നിൽ വീണെങ്കിലും ഫുട്ബോളിന്റെ ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചാണ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഖത്തറിൽ നിന്നും മടങ്ങിയത്. ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതിയായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ എന്നിവരെ വിറപ്പിച്ചാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.

പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ വിറപ്പിച്ച് വീഴ്‌ത്തിയ മൊറോക്കോ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയും കെട്ടുകെട്ടിച്ചു. എന്നാൽ സെമി പോരാട്ടത്തിൽ ഫ്രാൻസിന് മുന്നിൽ പൊരുതി കീഴടങ്ങുകയായിരുന്നു.

സെമിയിൽ ഫ്രാൻസിനോടും മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ക്രൊയേഷ്യയോടും തോറ്റെങ്കിലും ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്നാണ് വാലിദ് റെഗ്റഗൂയി പരിശീലിപ്പിച്ച സംഘം മടങ്ങുന്നത്.

കളത്തിലെ പോരാട്ടവീര്യം കൊണ്ട് മാത്രമല്ല കളത്തിനു പുറത്തെ കാഴ്ചകൾകൊണ്ടും മൊറോക്കോ മനം കവർന്നു. മത്സരശേഷം അമ്മമാർക്കൊപ്പം നൃത്തംവച്ചും ഉമ്മവച്ചും വിജയാഘോഷങ്ങൾ നടത്തിയ അഷ്റഫ് ഹക്കീമി, സുഫിയാൻ ബൗഫൽ അടക്കമുള്ള മൊറോക്കോ താരങ്ങളും ലോകകപ്പ് വേദിയിലെ അപൂർവകാഴ്ചയായി. അതിനിടെ, മൊറോക്കോ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് തത്സമയം പരിപാടി സംപ്രേഷണം ചെയ്തിരിക്കുകയാണ് ഡാനിഷ് സർക്കാരിനു കീഴിലുള്ള ഔദ്യോഗിക ചാനൽ.

ഡെന്മാർക്ക് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ടെലിവിഷൻ ചാനലായ 'ടി.വി 2 നൈഹെഡർ' ആണ് മൊറോക്കോ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. ചാനലിലെ പ്രമുഖ അവതാരകരിൽ ഒരാളായ സോറൻ ലിപ്പേർട്ട് ആണ് ആഫ്രിക്കൻ താരങ്ങളെ കുരങ്ങുമായി താരതമ്യം ചെയ്തത്. അമ്മമാർക്കൊപ്പമുള്ള മൊറോക്കോ താരങ്ങളുടെ ആഘോഷത്തിനിടെ ന്യൂസ് സ്റ്റുഡിയോയിൽ ഇരുന്ന് കുരങ്ങുകൾ കെട്ടിപ്പിടിക്കുന്ന ചിത്രം ഉയർത്തിക്കാണിക്കുകയായിരുന്നു അവതാരകൻ.

ഒരുപടികൂടി കടന്ന് ലിപ്പേർട്ട് കുടുംബത്തെ അധിക്ഷേപിച്ചുകൊണ്ട് പരാമർശങ്ങളും നടത്തി. ഇവർ ഖത്തറിലും മൊറോക്കോയിലുമൊക്കെ കുടുംബത്തിലും നടത്തുന്നതാണ് ഇതെല്ലാമെന്നായിരുന്നു അവതാരകൻ ആക്ഷേപിച്ചത്. സംഭവത്തിൽ വൻ വിമർശനം ഉയർന്നതോടെ നടപടി ശരിയായില്ലെന്ന പ്രതികരണവുമായി സോറൻ ലിപ്പേർട്ട് രംഗത്തെത്തി. ബോധപൂർവമായിരുന്നില്ലെങ്കിലും പരിപാടിക്കിടെ നടത്തിയ താരതമ്യം ശരിയായില്ലെന്ന് ലിപ്പേർട്ട് പറഞ്ഞു.

ചാനലിനും അവതാരകനുമെതിരെ വ്യാപക വിമർശനവും ഉർന്നിട്ടുണ്ട്. യൂറോപ്യൻ സമൂഹം വൻ വംശീയവാദികളാണെന്നും അവർക്ക് അത് അംഗീകരിക്കാൻ കഴിയാറില്ലെന്ന് ആസ്ട്രിയൻ-അഫ്ഗാനിസ്താൻ മാധ്യമപ്രവർത്തകൻ ഇമ്രാൻ ഫിറോസ് പറഞ്ഞു. നടപടി ലജ്ജാകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും ഗവേഷകനുമായ ഡോ. ആൻഡ്രിയാസ് ക്രെയ്ഗ് പ്രതികരിച്ചു. ഇതേ ചാനലായിരുന്നു ഖത്തറിനെ മനുഷ്യാവകാശങ്ങൾ പഠിപ്പിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.