- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആദ്യ പകുതി അർജന്റീന! പെനാൽറ്റി വലയിലെത്തിച്ച് മെസി; ലീഡ് ഉയർത്തി ഡി മരിയ; പെനൽറ്റിക്ക് വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും മാലാഖയുടെ ഗംഭീര തിരിച്ചുവരവ്; ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിന് എതിരെ നീലപ്പട രണ്ട് ഗോളിന് മുന്നിൽ; ലുസൈലിൽ നീലക്കടലിരമ്പം
ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് എതിരെ അർജന്റീന രണ്ട് ഗോളിന് മുന്നിൽ. പെനാൽറ്റി വലയിലെത്തിച്ച മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും വല കുലുക്കിയതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി. 23-ാം മിനുറ്റിലാണ് അർജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാൽറ്റി ഗോൾ പിറന്നത്. പിന്നാലെ 36 ാം മിനിറ്റിൽ മരിയയും വലചലിപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കേറ്റതോടെ റിസർവ് ബഞ്ചിൽ ഒതുങ്ങിപ്പോയ ഡി മരിയ പ്ലേയിങ് ഇലവനിലേക്കുള്ള തന്റെ തിരിച്ചുവരവ് രാജകീയമാക്കി. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയും ഡി മരിയ പരിശീലകൻ ലയണൽ സ്‌കലോണിയുടെ വിശ്വാസം കാത്തു.
എയ്ഞ്ചൽ ഡി മരിയയെ സ്വന്തം ബോക്‌സിനുള്ളിൽ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ വീഴ്‌ത്തിയതിനായിരുന്നു അർജന്റീനയ്ക്ക് പെനൽറ്റി ലഭിച്ചത്. യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്‌പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. ഖത്തർ ലോകകപ്പിൽ അഞ്ചാം പെനൽറ്റിയിൽനിന്ന് മെസ്സിയുടെ നാലാം ഗോളാണിത്.
23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തലച്ചു. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ കൂടിയാണിത്. ഇതോടെ, ഒരേ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലം ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം മെസ്സി സ്വന്തമാക്കി.
ആദ്യ ഗോളിന്റെ ആവേശത്തിൽ വർധിതവീര്യത്തോടെ പൊരുതിയ അർജന്റീന 10 മിനിറ്റ് കൂടി പിന്നിടുമ്പോഴേയ്ക്കും ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ആദ്യ ഗോളിനു കാരണമായ പെനൽറ്റി നേടിയെടുത്ത എയ്ഞ്ചൽ ഡി മരിയ. ആദ്യ ഗോളിനു കാരണമായത് ഒസ്മാൻ ഡെംബെലെയുടെ പിഴവെങ്കിൽ, ഇത്തവണ പിഴവു വരുത്തിയത് ദെയോ ഉപമികാനോ. ഫ്രഞ്ച് മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോളിന്റെ പിറവി.
പന്തുമായി മുന്നേറിയ ലയണൽ മെസ്സി മുന്നിൽ ഓടിക്കിയറിയ മാക് അലിസ്റ്ററിനു പന്തു മറിച്ചു. ഷോട്ടെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ബോക്‌സിന്റെ ഇടതുഭാഗത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡി മരിയയ്ക്ക് അലിസ്റ്റർ പന്തു മറിച്ചു. അപകടം മണത്ത് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുന്നോട്ടു കയറിയെത്തിയെങ്കിലും എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഫിനിഷിൽ പന്തു വലയിൽ കയറി.
ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ടാണ് മാക് അലിസ്റ്റർ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നൽകുകയും ചെയ്തത്. ഗോൾകീപ്പർ ലോറിസ് മാത്രമാണ് അപ്പോൾ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോൾവല തുളച്ചപ്പോൾ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.
മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് രണ്ട് മാറ്റങ്ങൾ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയർ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാർക്കസ് തുറാം, റൻഡൽ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാനായി ഫ്രാൻസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അർജന്റീന പ്രതിരോധം വിഫലമാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾശ്രമം നടത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി. അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രൻ ലോങ്റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയിലാക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ അർജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച എയ്ഞ്ജൽ ഡി മരിയയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയർന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തിൽ അമിതമായി ശ്രദ്ധചെലുത്താൻ മെസ്സിയും സംഘവും ശ്രമിച്ചില്ല.
സ്പോർട്സ് ഡെസ്ക്