ദോഹ: ആദ്യ കളിയിൽ സൗദിയോട് തോൽക്കുക. പിന്നീട് ഒരു മത്സരത്തിലും പരാജയം അറിയാതിരിക്കുക. ഇതിനിടെയിൽ അർജന്റീനയ്ക്കുണ്ടായ ഏറ്റവും കടുപ്പമേറിയ എതിരാളി  നെതർലണ്ടായിരുന്നു. നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടതായി അർജന്റീന നായകൻ ലയണൽ മെസ്സി തുറന്നു സമ്മതിച്ചിരുന്നു. ആ സാന്നിധ്യമായിരുന്നു മെസ്സിയേയും കൂട്ടരേയും പുതിയ പ്രതീക്ഷയിലേക്ക് കൊണ്ടു പോയത്. മെസിക്ക് അവസാന ലോകകപ്പിൽ കപ്പ് അനിവാര്യതയായിരുന്നു. തന്റെ യഥാർത്ഥ പിൻഗാമിയെന്ന് ലോകത്തിന് മുമ്പിൽ മെസ്സിയെ ചൂണ്ടിക്കാട്ടി പറഞ്ഞ മറഡോണയെന്ന മനുഷ്യനും ഗുരുവിനുമുള്ള ദക്ഷിണ.

നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഓറഞ്ച് പടയെ വീഴ്‌ത്തി മെസ്സിയും കൂട്ടരും ഖത്തർ ലോകകപ്പിന്റെ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടിൽ ഡച്ചുകാരുടെ ആദ്യ രണ്ടു കിക്കുകളും തടുത്തിട്ട ഗോളി എമിലിയാനോ മാർട്ടിനെസിനൊപ്പം, നിശ്ചിത സമയത്ത് ഗോളിന് വഴിയൊരുക്കുകയും പെനാൽറ്റി വലയിലെത്തിക്കുകയും ചെയ്ത മെസ്സിയും അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കാളികളായി. കളിക്ക് ശേഷമാണ് മറഡോണയെ മെസ്സി ഓർത്തത്. 'ഡീഗോ സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ കളി കാണുന്നുണ്ടായിരുന്നു. ഊർജസ്വലമായി മുന്നോട്ടു കുതിക്കാൻ മറഡോണ ഞങ്ങളെ പ്രേരിപ്പിച്ചു, അവസാനം വരെ അതുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -ഹോളണ്ടിനെതിരായ മത്സരശേഷം മെസ്സി പറഞ്ഞു. ആ വികാരമാണ് കപ്പായി മാറുന്നതും.

റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ അർജന്റീന ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മറഡോണ രംഗത്ത്. സൂപ്പർതാരം ലയണൽ മെസ്സിയെ വിമർശന ശരങ്ങളിൽനിന്ന് മാറ്റിനിർത്തിയാണ് മറഡോണ അർജന്റീന ടീമിനെ ഉന്നമിട്ടത്. അർജന്റീനയുടെ ഗ്രൂപ്പു മൽസരങ്ങൾ മുതൽ പ്രീക്വാർട്ടർ പോരാട്ടം വരെ ഗാലറിയിലെത്തി നേരിട്ടു കണ്ട മറഡോണ, ഫ്രാൻസിനെതിരായ തോൽവിക്കു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. സത്യത്തിൽ ഞങ്ങൾ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ല. മറിച്ച് തിയറ്ററിലേക്കായിരുന്നു. നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ. അവിടെ സംഭവിച്ചതും അതുതന്നെ-മറഡോണ ഇങ്ങനെയാണ് പൊട്ടിത്തെറിച്ചത്.

അർജന്റീനയുടെ മധ്യനിര മെസ്സിയായിരുന്നു. അയാളെ അവർ വിദഗ്ധമായി പൂട്ടി. അതോടെ അയാൾക്ക് ചലിക്കാൻ പോലും സ്വാതന്ത്രമില്ലാതെ പോയി. മെസ്സിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അർജന്റീന മറഡോണ ചൂണ്ടിക്കാട്ടി. റഷ്യൻ ലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്തുയരാതെയാണ് അർജന്റീന ടീം പ്രീക്വാർട്ടറിൽ തോറ്റു മടങ്ങിയത്. ഗ്രൂപ്പു ഘട്ടത്തിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ നാലു പോയിന്റുമായി പ്രീക്വാർട്ടറിൽ കടന്ന അർജന്റീനയ്ക്ക് ഗ്രൂപ്പിൽ രണ്ടാമതായിപ്പോയതാണ് വിനയായത്. ഇതോടെ പ്രീക്വാർട്ടറിൽ ഫ്രാൻസിനെ നേരിടേണ്ടി വന്ന അർജന്റീന മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് തോറ്റത്. അതേ ഫ്രാൻസിനെയാണ് ഖത്തറിൽ കർത്ത് അർജന്റീന കപ്പുയർത്തുന്നത്. അതും ഭൂമിയിൽ നിന്ന് മാഞ്ഞ മറഡോണയ്ക്ക് വേണ്ടി.

1986 ലോകകപ്പ് വേദിയിൽ നിന്നുള്ള ആവേശം നൂറ്റാണ്ടിന്റെ ഗോളാണ്. അറുപത് മീറ്ററിനപ്പുറത്ത് നിന്ന് അഞ്ച് കളിക്കാരെ വെട്ടിച്ചെത്തി അർദ്ധഗോളാകൃതിയിൽ വളഞ്ഞെത്തി പീറ്റർ ഷിൽട്ടനെന്ന അതികായനായ ഗോളിയെ പറ്റിച്ച് പന്ത് ഗോൾവലയിലെത്തിച്ചത് ഇരുപത്തിയഞ്ചുകാരനായ ഡീഗോ മറഡോണ. ദൈവത്തിന്റെ കയ്യിലേറിയെത്തിച്ച ആദ്യഗോളിന്റെ കുറവ് തീർത്ത അതിസുന്ദര ഗോൾ. മറഡോണയെന്ന പ്രതിഭയാർന്ന വികൃതിയെ മറ്റൊന്നിനും മറ്റാർക്കും വിസ്മൃതമാക്കുക അസാധ്യമാക്കി ആ ക്വാർട്ടർ ഫൈനൽ, രാജ്യത്തിന് ഇരട്ടിമധുരമായി ലോകകപ്പും നാട്ടിലെത്തിച്ചു. തൊട്ടടുത്ത ലോകകപ്പിലും കലാശപ്പോരാട്ടതത്തിലെ എതിരാളികൾ മാറിയില്ല. പക്ഷേ ഫലം മാറി. ഫുട്ബോൾ പണ്ഡിതരും ആരാധകരും ഇനിയും ശരിതെറ്റുകളുടെ തീർപ്പിൽ എത്താത്ത വിവാദ പെനാൽറ്റിയിലൂടെ ജർമനി ജേതാക്കളായപ്പോൾ മറഡോണ പൊട്ടിക്കരഞ്ഞു.

നാപ്പോളിയുടേയും സെവിയ്യയുടേയും ബാഴ്സലോണയുടേയും ബൊക്കോ ജൂനിയേഴ്സിന്റെയും ജഴ്സികളിൽ മറഡോണ തിളങ്ങി. തരം താഴ്‌ത്തൽ ഭീഷണിയിൽ നിന്ന് ചാമ്പ്യൻഷിപ്പ് നേട്ടങ്ങളുടെ ഉയർത്തെഴുന്നേൽപ്പാണ് ഇറ്റാലിയൻ ലീഗിൽ നാപ്പോളിക്ക് മറഡോണ സമ്മാനിച്ചത്. അന്നാട്ടുകാർ മറഡോണയെ സ്വന്തം മകനും സ്നേഹിതനും സഹോദരനും എന്ന പോൽ സ്നേഹിച്ചു. പക്ഷേ ഇറ്റാലിയ 1990ഓടെ ആ ഹൃദയബന്ധം മുറിഞ്ഞു. നെഞ്ചിലേറ്റിയ നഗരത്തിൽ നിന്ന് വെറുക്കപ്പെട്ടവനായി പടിയിറങ്ങിയ മറഡോണയുടെ സിരകളിൽ അപ്പോഴേക്കും ഫുട്ബോളിന്റെയൊപ്പം മയക്കുമരുന്നും ലഹരിയായി ഓടിത്തുടങ്ങിയിരുന്നു. നികുതിവെട്ടിപ്പും ലഹരിക്കേസും എല്ലാമായി ജീവിതത്തിന്റെ മെതാനത്ത് ഒറ്റപ്പെട്ടു. തന്റെ രാജ്യം ഫുട്ബോളിൽ പിന്നോട്ട് പോകുന്നതും മാന്ത്രികൻ കണ്ടു. അതിനിടെ പുതിയൊരു അവതാരം ഉയർത്തെഴുന്നേറ്റു. അവനായിരുന്നു മെസ്സി. അവനെ തന്റെ പിൻഗാമിയായി മറഡോണ കണ്ടു. അവനിലൂടെ വീണ്ടും ആ ലോകകപ്പ് കിരീടം ഉയർത്താൻ 2010ൽ ടീമിന്റെ പരിശീലകനുമായി. പക്ഷേ അതും നിരാശയാണ് താരത്തിന് നൽകിയത്. പിന്നീടും മെസ്സിയിൽ മറഡോണ പ്രതീക്ഷ കണ്ടു.

ലോകകപ്പ് റെക്കോർഡുകളിൽ ഫുട്‌ബോൾ ഇതിഹാസം മറഡോണയെ മസ്സി മറികടന്നിരുന്നു. അർജന്റീനക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളത്തിലിറങ്ങിയെന്ന നേട്ടത്തെയാണ് മെസി തകർത്തത്. അർജന്റീന-മെക്‌സിക്കോ മത്സരത്തിൽ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്. മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. അതിന് ശേഷം പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയേയും ക്വർട്ടറിൽ ഹോളണ്ടിനേയും സെമിയിൽ ക്രൊയേഷ്യയേയും തകർത്തു. അതാണ് മെസിയുടെ 25- ലോകകപ്പ് മത്സരമായിരുന്നു ഫൈനൽ. അവിടെ കിരീടവും ഉയർത്തുന്നു. മറഡോണയെ ഗോളിന്റെ കണക്കു പുസ്തകത്തിലും മെസി മറികടന്നിരുന്നു. എല്ലാം ഇതിഹാസം ആഗ്രിച്ചതും. 2020 നവംബർ 25 നായിരുന്നു കാല്പന്തുകളിയുടെ അമരമാന്ത്രികൻ വിടപറഞ്ഞത്.

അപ്രതീക്ഷിതമായി ദൈവത്തിന്റെ കൈയൊപ്പ് പതിച്ച പ്രതിഭ ലോകത്തു നിന്ന് മടങ്ങി. അതിന് ശേഷം ഖത്തറിലായിരുന്നു ഫുട്ബോൾ മമാങ്കം. അവിടെ മെസ്സിയെന്ന പ്രതിഭ ഓടി കളിച്ച് ഗോളുകൾ നേടി. ഗോളടിപ്പിച്ചു. അസാധാരണ പാടവത്തിലൂടെ എതിരാളികളെ അമ്പരപ്പിച്ചു. ആദ്യ തോൽവിക്ക് ശേഷം മറഡോണയെന്ന വികാരം മനസ്സിൽ നിറച്ച് മാജിക്കുകൾ കാട്ടി. ആ മാജിക്കിന് അവസാനമാകുകയാണ് ഫ്രാൻസിനെതിരായ കലാശ പോരിൽ. അതെ വീണ്ടും മറഡോണയുടെ ടീം ചാമ്പ്യന്മാരായി. അതും മെസ്സിയെന്ന മിശിഹയിലൂടെ. അർജന്റീനിയൻ ഫുട്ബോളിന് പുതിയ ആവേശമാണ് ഈ വിജയം.