- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
കിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികൾ ബൂട്ടുകെട്ടിയത് വെറുതെയായിരുന്നില്ല; കലാശപ്പോരിൽ കളിക്കളത്തിൽ സ്വന്തം ചോര വീണിട്ടും തളർന്നില്ല; സൗദിയുടെ ഓഫ് സൈഡ് ട്രാപ്പിലെ കെണി തിരിച്ചറിഞ്ഞവർ ഓടിക്കളിച്ചു; എല്ലാ നോക്കൗട്ടും വിജയിച്ച് കിരീടമുയർത്തൽ; അർജന്റീന വിശ്വവിജയികളാകുമ്പോൾ കാലമൊരുക്കിയത് 'മിശിഹ'യ്ക്കുള്ള നീതി; ഇത് ടോട്ടൽ ഫുട്ബോളിന്റെ കിരീട ജയം
ദോഹ: ലോകകപ്പിൽ ചുംബിക്കാതെ ആ കുറിയ മനുഷ്യൻ മടങ്ങിയാൽ കാലം അയാളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമത്. നമുക്ക് കാത്തിരിക്കാം മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറക്കുന്ന ഓരോ വിജയഗോളുകൾക്കുമായി... കാത്തിരിക്കാം അർജന്റീന മൂന്നാം കിരീടത്തിൽ മുത്തമിടുന്നതിനായി... വാമോസ് അർജന്റീന..-ഖത്തറിൽ കാൽപ്പന്തുകളിയുടെ ലോക മാമാങ്കത്തിന് തുടക്കമാകും മുമ്പ് കളിയെഴുത്തിലെ അർജന്റീനിയൻ പക്ഷക്കാർ ആഗ്രഹിച്ചത് ഇതാണ്. സംഭവിച്ചതും അങ്ങനെ തന്നെ.
ലോകകപ്പിന്റെ കഴിഞ്ഞ നാല് പതിപ്പിലും കണ്ണീരോടെ മൈതാനം വിട്ട മെസ്സിക്ക് ഇത്തവണ കിരീടം നേടിയേ മതിയാകൂ എന്നതായിരുന്നു അവസ്ഥ. മെസ്സിയുടെ കിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികളാണ് അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയത്. ആ പത്തുപേരുടെയും ലക്ഷ്യം ഒന്നുമാത്രമായിരുന്നു. മെസ്സിക്ക് വേണ്ടി കിരീടം നേടണം. ഗോൾകീപ്പറും പ്രതിരോധവും കൂടുതൽ കരുതൽ കാട്ടി. മധ്യനിര തന്ത്രം മെനഞ്ഞു. എല്ലാം നയിച്ച മെസി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. മെസ്സിപ്പട എന്നതിലുപരി മിശിഹ നയിക്കുന്ന ടീമായി ഖത്തറിൽ അർജന്റീന മാറിയിരുന്നു. ഇതാണ് ഫ്രാൻസിനേയും തകർത്ത് കിരീടം ഉയർത്താൻ മെസിക്കായത്.
ഇത് മെസിയുടെ വിജയമാണ്. ഒപ്പം ലയണൽ സ്കലോനി എന്ന പരിശീലകന്റേയും. ഡി മരിയയും അൽവാരസുമെല്ലാം മെസിക്ക് വേണ്ടി ഓടിക്കളിച്ചു. ചവിട്ടി വീഴ്ത്തുന്ന എതിരാളികളുടെ പ്രതിരോധത്തെ അവർ വകവച്ചില്ല. നിരന്തര ആക്രമണങ്ങൾ. സൗദിക്കെതിരെ ചുളുവിന് ഗോളടിച്ച് ജയിക്കാനായിരുന്നു ആഗ്രഹം. തുടർച്ചയായ തോൽവികളറിയാത്ത 35 മത്സരങ്ങളുടെ ആത്മവിശ്വാസം സൗദി തകർത്തു. വലിയ പാസുകളിലൂടെ സൗദിയെ ഞെട്ടിച്ച് ഗോളടിക്കാൻ അവർക്കായില്ല. ഓഫ് സൈഡ് ട്രാപ്പിൽ അവർ അർജന്റീനയെ തകർത്തു. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട മെസിയും അർജന്റീനയും ഓടിക്കളിച്ചു. അതിന്റെ ഫലമാണ് ദോഹയിലെ കപ്പുയർത്തൽ. ഫൈനലിൽ മെസിയുടെ ചോരയും കളത്തിൽ വീണു. ഫ്രാൻസ് പ്രതിരോധത്തിനെ ചെറുക്കുന്നതിനിടെയാണ് മെസിയുടെ ചെവി മുറിഞ്ഞത്. അങ്ങനെ ചോര വീഴ്ത്തിയും വിജയ ടീമിന്റെ നായകനായി 'മിശിഹ' മാറുകയാണ്.
അഞ്ചാം ലോകകപ്പിൽ മെസി കിരീടം നേടി. ഇതിന് മുമ്പ് രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അർജന്റീന 1930 ലും 1990 ലും 2014 ലും ഫൈനലിലെത്തിയിട്ടുണ്ട്. തന്ത്രശാലിയായ പരിശീലകൻ ലയണൽ സ്കലോണിയുടെ കീഴിൽ തുടർച്ചായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജന്റീന ഖത്തറിൽ എത്തിയത്. ആദ്യ കളിയിൽ സൗദിയോട് തോറ്റു. അന്ന് ആരാധകർ നിരാശരായി. പക്ഷേ ടീം തളർന്നില്ല. മെസിയും കൂട്ടരും ഉയർത്തെഴുന്നേറ്റു. കരുത്തരായ ഹോളണ്ടിനെ മറികടന്ന അർജന്റീന സെമിയിൽ ക്രൊയേഷ്യയെ കെട്ടു കെട്ടിച്ചു. ഫൈനലിൽ ഫ്രാൻസിനേയും. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയായിരുന്നു മെസിയുടെ ഖത്തറിലേക്കുള്ള വരവ്. അത് വെറുതെയായില്ല. മെസിയും കൂട്ടരും ചരിത്രം രചിച്ചു. ഫൈനലിൽ ഡീ മരിയ കൂടി എത്തിയപ്പോൾ അർജന്റീനയുടെ കരുത്ത് കൂടി.
ഈ ലോകകപ്പിനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാണ് അർജന്റീനയുടെ ലയണൽ സ്കലോനി (44 വയസ്സ്). രണ്ടുതവണയാണ് അർജന്റീന ലോകകപ്പ് കിരീടമുയർത്തിയത്. ആദ്യമായി ആ സുവർണകിരീടം അർജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേൽ പസാറെല്ല നയിച്ച അർജന്റീന ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടത്തിൽ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അർജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന വിശ്വജേതാക്കളായി. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അർജന്റീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ലോകം ലയണൽ മെസ്സിയെ വാഴ്ത്തി. ഫുട്ബോളിലെ മിക്ക റെക്കോഡുകളും മെസ്സിക്ക് വഴങ്ങിയപ്പോൾ അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ലെന്നത് അർജന്റീനയ്ക്ക് വേണ്ടി കപ്പുകളുയർത്തിയില്ലെന്നത് പോരായ്മയായി മാറി. 2021ലാണ് അതു മാറിയത്. അർജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമർശകരുടെ സ്ഥിരം വായ്പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നൽകി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അർജന്റീനയുടെ ജഴ്സിയിൽ ആദ്യമായി കിരീടം ഉയർത്തി. പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. അവിടെ നിന്ന് ലോക കിരീടവും.
യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തിൽ ഒരു മിനി ലോകകപ്പ് ഫൈനൽ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന കപ്പുയർത്തിയപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു. സ്കലോണിയുടെ കോച്ചിങ് തന്ത്രങ്ങൾ ഫലം കണ്ടു. ടീമിനെ അടിമുടി ഉടച്ചുവാർത്തു. യുവതാരങ്ങളെ കണ്ടെത്തി ടീമിന് കരുത്തു കൂട്ടി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ താരങ്ങളിലൊരാളായ ലിസാൻഡ്രോ മാർട്ടിനെസ് അടക്കമുള്ള പ്രതിഭകൾ സ്കലോണിയുടെ കണ്ടെത്തലാണ്.
സ്പോർട്സ് ഡെസ്ക്