- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മെസി; എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ; ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം; അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരം; റെക്കോർഡുകളുടെ രാജകുമാരനായി അർജന്റീന നായകൻ
ദോഹ: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന സ്വർണക്കപ്പിൽ മുത്തമിട്ടതിന് ഒപ്പം ഒട്ടേറെ റെക്കോർഡുകൾ പേരിൽ കുറിച്ചാണ് അർജന്റീന നായകൻ ലയണൽ മെസി ഖത്തറിൽ നി്ന്നും മടങ്ങുന്നത്. ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിൽ ബൂട്ടുകെട്ടി ഇറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാറിയിരുന്നു.
ലോകകപ്പിൽ ഇരുപത്തിയാറാം മത്സരത്തിലാണ് മെസി ഇന്ന് ബൂട്ട് കെട്ടിയത്. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിൽ അർജന്റീനയിറങ്ങിയപ്പോൾ മെസി 24 മത്സരങ്ങൾ കളിച്ച താരത്തിന് ജർമനിയുടെ ലോതർ മത്തേവൂസിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. ക്യാപ്റ്റനായി മെസി 20 മത്സരങ്ങളാണ് കളിച്ചത്.
ലോകകപ്പിലെ എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ നേടിയ ഏകതാരമായും മെസി മാറി. ഖത്തർ ലോകകപ്പിലെ റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലൊക്കെ മെസി ഗോൾ നേടിയിരിക്കുകയാണ്. 12 ഗോളും എട്ട് അസിസ്റ്റും ചേർന്നുള്ള 20 ഗോൾ ഇടപെടലുകൾ 1966 മുതൽ ലോകകപ്പിൽ ഏതെങ്കിലും താരം നേടിയ റെക്കോർഡാണ്.
ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാം താരമായും മെസി മാറി. 35വർഷവും 177 ദിവസവും പ്രായമായുള്ള മെസിയേക്കാൾ പ്രായമേറിയ ഫൈനൽ ഗോൾ സ്‌കോറർ സ്വീഡന്റെ നീൽസ് ലെയ്ഡ്ഹോമാണ്. 35 വർഷവും 264 ദിവസവും പ്രായമുണ്ടായിരിക്കേ 1958ൽ ഇദ്ദേഹം ബ്രസീലിനെതിരെ ഗോൾ നേടിയിരുന്നു.
35 വർഷവും 357 ദിവസവും പ്രായമുള്ള ലോറിസ് ലോകകപ്പ് ഫൈനലിൽ കളിക്കുന്ന പ്രായം കൂടിയ രണ്ടാം ക്യാപ്റ്റനായി. 40 വർഷവും 133 ദിവസവും പ്രായമുണ്ടായിരിക്കേ 1982ൽ ഇറ്റലിയുടെ ഗോൾകീപ്പർ ദിനോ സോഫ് നായകായി ഫൈനലിലിറങ്ങിയിരുന്നു.
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ലോകകപ്പ് ഗോൾവേട്ടയിൽ അർജന്റീനയുടെ മുന്നേറ്റ നിരക്കാരായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മെസ്സിയും തുല്യനിലയിലാണുണ്ടായിരുന്നത്. 10 ഗോളുകൾ വീതമാണ് ഇവർ നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഗോളോടെ മെസി മുമ്പിലെത്തിയിരുന്നു. ഇന്ന് വീണ്ടും രണ്ടു ഗോൾ കൂടി താരം സ്വന്തം പേരിൽ ചേർത്തു. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ.
2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഒമ്പത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു. ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്ലി സ്‌നെയ്ജ്‌ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 16 എണ്ണത്തിലാണ് പങ്കെടുത്തത്. ലോകകപ്പിൽ ഒമ്പത് ഫൗളുകളാണ് മെസി നടത്തിയത്. 11 ഫൗളുമായി ഒടമെൻഡിയും 10 ഫൗളുമായി റൊമേരോയുമാണ് താരത്തിന്റെ മുമ്പിലുള്ളത്.
സ്പോർട്സ് ഡെസ്ക്