ദോഹ: ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ ഇന്ന് മൂന്ന് ആവേശപ്പോരാട്ടങ്ങൾ. ഗ്രൂപ്പ് ബിയിലെ ആദ്യപോരാട്ടത്തിൽ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യൻ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ സെനഗലും നെതർലൻഡ്സും നേർക്കുനേർ വരുന്ന മത്സരം രാത്രി 9.30ന് ആരംഭിക്കും. രാത്രി 12.30ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ അമേരിക്കയും വെയ്ൽസും ഏറ്റുമുട്ടും.

വൈകിട്ട് ആറരയ്ക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-ഇറാൻ മത്സരം. റഷ്യൻ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളാണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ഇംഗ്ലീഷ് ആക്രമണത്തെ തടഞ്ഞുനിർത്തുക ഇറാന് എളുപ്പമാവില്ല.

കടലാസിൽ ശക്തരാണ് ഇംഗ്ലണ്ട്. എല്ലാ പൊസിഷനിലും മികച്ച കളിക്കാരും ബാക്കപ്പ് താരങ്ങളും ടീമിനുണ്ട്. എന്നാൽ, വമ്പൻ മത്സരങ്ങളിൽ കാലിടറുന്ന സ്വഭാവം ടീമിനുണ്ട്. ഫിൽ ഫോഡൻ- ഹാരി കെയ്ൻ- റഹീം സ്റ്റെർലിങ് കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്. ജൂഡ് ബെല്ലിങ്ഹാം നേതൃത്വം നൽകുന്ന മധ്യനിരയിലും ആരാധകർക്ക് പ്രതീക്ഷയുണ്ട്. പരിശീലകനായ ഗാരേത് സൗത്ത് ഗേറ്റ് 3-4-3 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. പരിക്കുകാരണം കെയ്ൽ വാക്കർ, ജെയിംസ് മാഡിസൻ എന്നിവർ കളിക്കാൻ സാധ്യതയില്ല.

സർദാർ അസ്മൗൻ പരിക്കുകാരണം കളിച്ചില്ലെങ്കിൽ ഇറാന് തിരിച്ചടിയാകും. യോഗ്യതാ റൗണ്ടിൽ 10 ഗോൾ നേടിയ താരമാണ് അസ്മൗൻ. എട്ട് ഗോൾ നേടിയ മെഹ്ദി തരെമിയെ ഏക സ്‌ട്രൈക്കറാക്കിയാകും ഇറാൻ കളിക്കുന്നത്. മധ്യനിരതാരം അലിറെസ ജഹാൻബക്ഷെയുടെ ഫോമും നിർണായകമാകും. ലോകകപ്പിന് തൊട്ടുമുമ്പാണ് കാർലോസ് ക്വീറോസ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. മുമ്പ് ടീമിനെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്ത് പോർച്ചുഗൽ പരിശീലകനുണ്ട്. 4-2-3-1 അല്ലെങ്കിൽ 4-5-1 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്.

രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ഇറാൻ ടീം ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. ഖത്തറിലെ മത്സരവേദിയിലും ഭരണകൂട ഭീകരതയ്‌ക്കെതിരായ സന്ദേശം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാർ വിരുദ്ധ മുദ്രാവാക്യം, പ്രതിഷേധം, പൊലീസ് നടപടി... ഇതാണ് ഇറാനിലെവിടെയും കാഴ്ച. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് പിടികൂടിയ കുർദിഷ് വനിത മഹ്‌സ അമിനിയുടെ മരണമുണ്ടാക്കിയ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നു.

രണ്ട് മാസത്തിലധികമായി തുടരുന്ന അരക്ഷിതാവസ്ഥയ്ക്കിടെയാണ് രാജ്യത്തെ ഫുട്‌ബോൾ താരങ്ങൾ ലോകവേദിയിൽ ഏറ്റുമുട്ടത്. ഫുട്‌ബോൾ ഹരമായ 8 കോടി വരുന്ന ജനതയ്ക്ക് ഇപ്പോൾ കളിയാവേശത്തിനപ്പുറമാണ് പ്രതിഷേധ സന്ദേശം. ദേശീയഗാനാലാപന സമയത്തടക്കം പ്രതിഷേധ സന്ദേശം ഉയർത്തണമെന്ന ആവശ്യവും സമ്മദ്ദവും താരങ്ങൾക്ക് മേലുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിന് വേണ്ടി കളിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് ക്യാപ്റ്റൻ അലിറെസ ജഹാൻഭക്ഷ് വ്യക്തമാക്കിയത്.

പ്രതിഷേധത്തിനൊപ്പമെന്ന് ഇൻസ്റ്റ പോസ്റ്റിട്ട സ്റ്റാർ സ്‌ട്രൈക്കർ സർദാർ അസ്മൂൻ പോസ്റ്റ് പിൻവലിച്ചിരുന്നു. കഴിഞ്ഞ ചില മത്സരങ്ങളിൽ ഗോൾ ആഘോഷമാക്കാതെയും ജെഴ്സി മറച്ചും ദേശീയഗാനം ഏറ്റുപാടാതെയുമൊക്കെ താരങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഫുട്‌ബോൾ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമാകാറുള്ള ഇറാൻ വനിതകളുടെ ഇത്തവണത്തെ പ്രാതിനിധ്യം എങ്ങനെയാകും? സ്ത്രീ ജീവിതം, സ്വാതന്ത്ര്യം തുടങ്ങിയ വിഷങ്ങളിൽ ഇറാന്റെ ശബ്ദം ഖത്തറിൽ ഉയർന്നുകേൾക്കുമോ എന്ന് കാത്തിരുന്ന് കാണാം.

കന്നിക്കിരീടം സ്വപ്നം കാണുന്ന നെതർലൻഡ്‌സിന് ആദ്യ കളിയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലാണ് എതിരാളി. പരിശീലകൻ ലൂയി വാൻഗാലിന് കീഴിൽ അപരാജിതരായാണ് ഡച്ച്‌സംഘം വരുന്നത്. പരിക്കുകാരണം സ്റ്റാർ സ്‌ട്രൈക്കർ മെംഫീസ് ഡീപെ, മധ്യനിരതാരം മാർട്ടെൻ റൂൺ എന്നിവർ കളിക്കാനിടയില്ല. വിൻസെന്റ് ജാൻസെൻ- സ്റ്റീവെൻ ബെർഗ് വിൻ എന്നിവരാകും മുന്നേറ്റത്തിൽ. 3-4-1-2 ശൈലിയിലാകും വാൻഗാൽ ടീമിനെ ഇറക്കുന്നത്.

നെതർലൻഡ്സ്, സെനഗൽ മത്സരം അൽ തുമാമ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഗ്രൂപ്പ് എയിലെ ഏറ്റവും കടുത്ത പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തൽ. പരിക്കേറ്റ സൂപ്പർ താരം സാദിയോ മാനേ ഇല്ലാതെയാണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ ഇറങ്ങുക. മാനേക്കായി മത്സരം ജയിക്കുക എന്ന സ്വപ്നവുമായാണ് സെനഗൽ കളത്തിലെത്തുക. അവസാന പതിനഞ്ച് കളിയിലും തോൽവി അറിയാതെയാണ് ഡച്ച് സംഘമിറങ്ങുന്നത്. മെംഫിസ് ഡീപ്പേ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളുടെ പരിക്കാണ് നെതർലൻഡ്സിന്റെ ആശങ്ക. ഫുട്‌ബോൾ ചരിത്രത്തിൽ ഇരുടീമും ഏറ്റുമുട്ടുന്നതും ഇതാദ്യം.

സൂപ്പർതാരം സാദിയോ മാനെ പരിക്കേറ്റു പുറത്തായത് സെനഗലിന് കനത്ത തിരിച്ചടിയാണ്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടീമിനെ ജയത്തിലേക്കു നയിച്ചത് മാനെയാണ്. മാനെയുടെ അഭാവം പരിശീലകൻ അലിയു സിസെ എങ്ങനെ പരിഹരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 4-3-3 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ഇസ്മയില സാർ- ബൗലയെ ഡിയ-ക്രെപിൻ ഡിയാറ്റ ത്രയം കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ കരുത്ത്.

ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ അമേരിക്ക രാത്രി പന്ത്രണ്ടരയ്ക്ക് വെയ്ൽസിനെ നേരിടും. അൽ റയ്യാൻ സ്റ്റേഡിയത്തിലാണ് മത്സരം. അറുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയ്ൽസ് ലോകകപ്പിൽ കളിക്കാൻ എത്തുന്നത്. പ്ലേ ഓഫിലൂടെ ഖത്തറിലേക്ക് യോഗ്യത നേടിയ വെയ്ൽസിന്റെ പ്രതീക്ഷയെല്ലാം ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ബൂട്ടുകളിലാണ്. എട്ടാം ലോകകപ്പിന് എത്തുന്ന അമേരിക്ക യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളുടെ മികവിലേക്കാണ് ഉറ്റുനോക്കുന്നത്.

വെയ്ൽസും അമേരിക്കയും നേർക്കുനേർ വരുമ്പോൾ പോരാട്ടം കനക്കും. 1958-ന് ശേഷം ആദ്യമായാണ് വെയ്ൽസ് ലോകകപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിനായി നൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള 40 ഗോളുകൾ നേടിയിട്ടുള്ള ബെയ്ലിന്റെ ബൂട്ടുകൾ തന്നെയാണ് ഖത്തറിലും അവരുടെ കുന്തമുന. വെയ്ൽസും യു.എസും നേർക്കുനേർ വരുമ്പോൾ തുല്യശക്തികളുടെ പോരാട്ടമാകും.

ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ച് നേതൃത്വം നൽകുന്ന ആക്രമണനിരയിൽ ജോർഡാൻ മോറിസും തിമോച്ചി വിയ്യയും അമേരിക്കയ്ക്കായി അണിനിരയ്ക്കും. ലോകകപ്പിൽ പതിനൊന്നാം തവണ പങ്കെടുക്കുന്ന അമേരിക്ക വെയ്ൽസിനേക്കാൾ പരിചയസമ്പന്നരാണ്.