- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മെസിയുടെ മാലാഖയായി ഡി മരിയ! ഫൈനലിൽ ആദ്യ പകുതിയിൽ വിജയിച്ചത് ഡി മരിയയെ ഇലവനിൽ ഉൾപ്പെടുത്തിയുള്ള സ്‌കലോണിയൻ തന്ത്രം; ആദ്യം പെനാലിറ്റി നേടിയെടുത്തതിന് പിന്നാലെ രണ്ടാം ഗോളും ഡി മരിയയുടെ വക; കോപ്പയിൽ മുത്തമിട്ട അർജന്റീന ടീം മെസ്സിക്കായി ലോകകപ്പും കൊത്തിയെടുക്കുമോ?
ദോഹ: കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ മാരക്കാനയിലെ കലാശക്കളിയിൽ അർജന്റീനയുടെ മാലാഖയായി അവതരിച്ചത് എയ്ഞ്ചൽ ഡി മരിയ ആയിരുന്നു. ഇപ്പോൾ ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഒരിക്കൽ കൂടി മെസിക്ക് വേണ്ടി ഡി മരിയ മാലാഖയാകുന്നു. ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ രണ്ട് ഗോളുകൾക്ക് അർജന്റീന മുന്നിട്ടു നിൽക്കുമ്പോൽ അതിൽ മാലാഖയുടെ തന്ത്രങ്ങളാണ് വിജയിച്ചത്. കോപ്പ മെസ്സിക്കായി നേടിക്കൊടുത്ത സ്‌കലോനിയും യുവനിരയും വീണ്ടും കളിക്കളത്തിൽ നിറയുകയാണ്. ഇനി രണ്ടാം പകുതിയിലേക്ക് മത്സരം നീളുമ്പോൾ എന്തൊക്കെ കാത്തിരിപ്പുണ്ടെന്നതാണ് നിർണായകം.
മെസിയെ പൂട്ടിയാൽ അർജന്റീനയെ വീഴ്‌ത്താമെന്ന തന്ത്രങ്ങളെ പൊളിച്ചെഴുതിയാണ് അർജന്റീനൻ കോച്ച് ലയണൽ സ്‌കലോണിയുടെ ഫൈനൽവരെയുള്ള മുന്നേറ്റങ്ങൾ. എന്നാൽ ഫൈനലിൽ എല്ലാ അസ്ത്രങ്ങളും അദ്ദേഹം പുറത്തെടുത്തു. എതിരാളികൾ മെസിയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ ആവനാഴിയിലെ അസ്ത്രങ്ങൾ പോലെ പുതു നിരയെ ഇറക്കി കളംപിടിക്കുന്ന സ്‌കലോണിയൻ തന്ത്രങ്ങളാണ് ഈ ലോകകപ്പിൽ കണ്ടത്. അതു തന്നെയാണ് ഡി മരിയയെ കളത്തിലിറക്കിയതിലടെ സ്‌കോലോനി ആദ്യ പകുതിയിൽ വിജയം കണ്ടതും.
പഴയ പ്രതികാരത്തിന്റെ ഓർമകൾ അലയടിച്ച ലുസൈൽ മൈതാനത്ത് ഇരു നിരയും കരുതലോടെയാണ് കളി തുടക്കമിട്ടത്. ഒട്ടും തിടുക്കം കാട്ടാതെ മുന്നേറ്റവും പ്രതിരോധവും കൃത്യമാക്കിയ നീക്കങ്ങൾ. ഗോൾ നേടുന്നതിലുപരി സ്വന്തം വല കാക്കുന്നതാണ് നല്ല തുടക്കമെന്ന ബോധ്യത്തോടെയുള്ള മുന്നേറ്റങ്ങൾ. രണ്ടാം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോളവസരം തുറന്നു. അഞ്ചാം മിനിറ്റിൽ വീണ്ടും ഫ്രഞ്ച് വലക്കരികെയെത്തി അപകടസൂചന നൽകി. ഒട്ടും കൂസാതെ എല്ലാം കാത്തിരുന്ന ഫ്രഞ്ചു പട വൈകിയാണെങ്കിലും അർജന്റീന ഗോൾമുഖത്ത് പ്രത്യാക്രമണങ്ങൾ തുടങ്ങിയതോടെ കളി കൂടുതൽ ചടുലമായി.
അതിനിടെയായിരുന്നു 23ാം മിനിറ്റിൽ അർജന്റിന ഗോൾ നേടുന്നത്. ഇടതു വിങ്ങിൽ ഡി മരിയ തുടക്കമിട്ട അതിവേഗ നീക്കം ഫ്രഞ്ച് ബോക്‌സിലെത്തിയതോടെ ഡെംബലെ ഫൗൾ ചെയ്തത് റഫറി പെനാൽറ്റി വിധിച്ചു. മെസ്സി അനായാസം വലയിലെത്തിച്ചതോടെ ഗാലറി ആവേശത്തിരയേറി. പിന്നെ മൈതാനത്ത് ഒറ്റ ടീമേയുണ്ടായിരുന്നുള്ളൂ. ആധികാരികമായി കളംഭരിച്ച ടീം 35ാം മിനിറ്റിൽ മെസ്സി തുടക്കമിട്ട മറ്റൊരു നീക്കത്തിൽ വീണ്ടും ഗോളിലെത്തി. ഈ ഗോൾ പിറന്നതും ഡി മരിയയുടെ കാലിൽ നിന്നായിരുന്നു.
സ്പോർട്സ് ഡെസ്ക്