- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അസാധ്യ കാര്യങ്ങളുടെ മിശിഹ..! മെക്സിക്കൻ പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ അസാധ്യമെന്ന് കുരുതിയത് സാധ്യമാക്കിയ മെസ്സി മാജിക്കിന് സല്യൂട്ടടിച്ച് ഫുട്ബോൾ ലോകം; ഇടങ്കാലൻ ഗോളിലൂടെ മെസ്സി നടന്നടുത്തത് ഇതിഹാസ താരം മാറഡോണയുടെ റെക്കോർഡിലേക്ക്; അടുത്ത കളിയും ഫൈനൽ സമാനമാകുമ്പോൾ ഒന്നിച്ചു പൊരുതുമെന്ന് ലിയോയുടെ വാക്ക്; റൊസാരിയോ തെരുവിന്റെ പുത്രനെ ലോകം വാഴ്‌ത്തുമ്പോൾ
ദോഹ: ലേകകപ്പുൾപ്പടെയുള്ള പ്രധാന ടൂർണ്ണമെന്റുകളിൽ മറ്റു ടീമുകളും അർജന്റീനയും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റു ടീമുകൾ ഒരു കൂട്ടായ്മയിലേക്ക് ഇണങ്ങി ചേരുമ്പോൾ അർജന്റീനയിൽ അത് മെസി എന്ന രണ്ടക്ഷരത്തെ മാത്രം ആശ്രയിച്ചാകുന്നു എന്നതാണ്. മെക്‌സിക്കോയ്‌ക്കെതിരെ 64 ാം മിനിറ്റിൽ ലോകം ഉറ്റുനോക്കിയ ഇടംകാലിൽ നിന്ന് ആ മനോഹര ഗോൾ പിറവിയെടുത്തതിന് ശേഷമാണ് അർജ്ജന്റീന ശരിക്കും മത്സരത്തിലേക്ക് തിരിച്ചുവന്നത്.അതിനാൽ തന്നെ മെക്സിക്കോയ്‌ക്കെതിരായ അർജന്റീനയുടെ നിർണായക വിജയം ലിയോണൽ മെസിക്ക് അവകാശപ്പെട്ടതാണ്.
വിശ്വവിജയികളുടെ സ്വർണകപ്പിൽ തൊടാൻ ഇപ്പോഴല്ലെങ്കിൽ ഇനിയാവില്ല.തന്നെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു ടീമിൽ ഗോളടിക്കുകയും ഗോളടിപ്പിക്കുകയുമല്ലാതെ മറ്റൊരു വഴിയും മെസിക്ക് മുന്നിലില്ലയാരുന്നു. ആദ്യം ഗോളടിച്ചും പിന്നെ ഗോളടിപ്പിച്ചും മെസി കളംനിറഞ്ഞു. നിമിഷാർധങ്ങളെ സാധ്യതകളും സാധ്യതകളെ ഗോളുകളുമാക്കുന്ന മെസി മാജിക് വീണ്ടും ലോകം കാണുകയായിരുന്നു മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ.
Look At The Speed What A Brutal Goal By Lionel Messi...#ARG #Messi #GOAT???? pic.twitter.com/MMutmWVBgj
- Swapnil (@musaleswapnil) November 26, 2022
ലോകത്തിലെ വിവിധ പുൽമൈതാനങ്ങളിൽ ആരാധകരുടെ മനസിൽ കൊരുത്തിട്ട എണ്ണിയാലൊടുങ്ങാത്ത ഗോളുകൾ മെസിയുടെ ഇടങ്കാലിൽ നിന്ന് പിറന്നിട്ടുണ്ട്. എന്നാൽ ആ ഗോളുകളെക്കാളെല്ലാം മൂല്യമുണ്ടായിരുന്നു ലുസൈൽ സ്റ്റേഡിയത്തിലെ എണ്ണംപറഞ്ഞ ഗോളിന്.ഊർധശ്വസം വലിച്ചിരുന്ന അർജന്റീനയ്ക്ക് ജീവശ്വാസമായിരുന്നു അ ഗോൾ.
നടന്നടുത്തത് ഇതിഹാസത്തിന്റെ റെക്കോർഡിലേക്ക്
ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറിയ മത്സരത്തിൽ ഒരുപിടി റെക്കോർഡുകളുമാണ് മെസി സ്വന്തമാക്കിയത്.ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ഡിയേഗോ മറഡോണയുടെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തോടെ ലയണൽ മെസ്സിയുമെത്തി.ലോകകപ്പിലെ തന്റെ 21ാം മത്സരമാണ് ഇന്നലെ മെക്‌സിക്കോയ്‌ക്കെതിരെ മെസ്സി കളിച്ചത്.
അഞ്ചാം ലോകകപ്പിൽ ലിയോണൽ മെസിയുടെ എട്ടാം ഗോളാണ് പിറന്നത്. ഇതോടെ മെസി ഫുട്‌ബോൾ ദൈവം ഡിഗോ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി. അർജന്റീനൻ കുപ്പായത്തിൽ മുന്നിൽ പത്ത് ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം.രണ്ടു ഗോളുകൾക്കപ്പുറം ഈ നേട്ടവും താരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
1966ന് ശേഷം ഒറ്റക്കളിയിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി മുപ്പത്തിയഞ്ചുകാരനായ മെസി. ലോകകപ്പിലെ ലിയോയുടെ ആദ്യ ഗോൾ 2006ൽ പതിനെട്ടാം വയസിലായിരുന്നെങ്കിൽ ഖത്തറിൽ മെക്‌സിക്കോയ്‌ക്കെതിരെ മുപ്പത്തിയഞ്ചാം വയസിലാണ് മിശിഹാ ലക്ഷ്യം കണ്ടത്.
മെസ്സിയുടെ അഞ്ചാം ലോകകപ്പാണിത്. പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് ഗോൾ നേട്ടവും എട്ടാണ്. 1966നുശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോളടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും (18 വയസ്സ് 357 ദിവസം, 2006 ലോകകപ്പിൽ സെർബിയക്കെതിരെ) പ്രായം കൂടിയ താരവുമെന്ന (35 വയസ്സ് 155 ദിവസം, മെക്‌സികോക്കെതിരെ 2022 ലോകകപ്പ്) റെക്കോഡും മെസ്സിക്ക് സ്വന്തം.
ലക്ഷ്യം കാണാൻ മെസിയുണ്ട്.. വേണ്ടത് കളിമെനയാൻ ഒരു പ്ലെ മേക്കറെ
അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങളെ ഭേദിക്കുന്നതാണ് മെസിയുടെ കരുത്ത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വിഡിയോ ദൃശ്യത്തിൽ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ നമുക്ക് കാണാം.പന്തിന് മേലെ വച്ചിരിക്കുന്ന കൂൾ ഡ്രിങ്ക്‌സിന്റെ കുപ്പി , അത് വീഴാതെ പന്തിനെ അടിച്ചകറ്റുന്ന മെസി.. കുപ്പിയുടെ അടപ്പ് പന്തുകൊണ്ട് അവിശ്വനീയമാം വണ്ണം ഒരു ഗ്ലാസിലേക്കെത്തിക്കുന്ന ഷോട്ട്.. ഇങ്ങനെ കാഴ്‌ച്ചക്കാരനെ സ്തബധനാക്കുന്ന ലിയോ യുടെ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്.
ഇയൾക്ക് ശരിക്കും വെള്ളം വീഞ്ഞാക്കുമോ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.ശരിക്കും മിശിഹ തന്നെയാണോ എന്നും തുടങ്ങി രസകരമായ നിരവധി കമന്റുകളും ഈ വീഡിയോയക്ക് താഴെ പങ്കുവെക്കുന്നുണ്ട്.
കളിക്കളത്തിന് പുറത്ത് ഇത്രയേറെ മാജിക്ക് അയാൾക്ക് കാണിക്കാൻ പറ്റുമെങ്കിൽ അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യത്തെ അയാൾക്ക് ഭേദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അർജനന്റീന ടീം ഉറപ്പ് വരുത്തേണ്ടത് കളിക്കളത്തിൽ മെസി ഒറ്റക്കല്ലെന്നും അയാൾക്ക് പന്തെത്തിച്ചു നൽകുക എന്ന കർത്തവ്യം മാത്രമാണ് തങ്ങൾക്ക് ചെയ്യാനുള്ളതെന്ന ബോധ്യം ഉണ്ടാക്കിയെടുക്കുകയാണ്.ഗോളടിപ്പിക്കുക എന്നതിൽ നിന്ന് മാറ്റി ഗോളടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാത്രം മെസിക്ക് ശ്രദ്ധ് കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തീർച്ചയായും അർജന്റനീയ്ക്ക് ഈ യാത്രയിൽ കുറെ ദുരം സഞ്ചരിക്കാൻ സാധിക്കും
ചെഗുവേരയെപ്പോലെ റൊസാരിയോ തെരുവിന്റെ പുത്രൻ.. അൽപ്പം ചരിത്രം
ലോകപ്രശസ്ത വിപ്ലവകാരി ഏർണസ്റ്റോ ചെഗവാരയുടെയും ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ജന്മസ്ഥലവും റൊസാരിയോയാണ്.അർജന്റീനിയൻ പതാക ആദ്യമായി ഉയർത്തിയ സ്ഥലമാണ് റൊസാരിയോ. അർജന്റീനയുടെ സാംസ്‌കാരിക തലസ്ഥാനം.
അർജന്റീനയിലെ പ്രവിശ്യയായ സാന്റാ ഫിയിൽ പരാനാ നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവും റൊസാരിയോയാണ്.
1793ൽ 457 പേരുടെ വാസസ്ഥലമായാണു റൊസാരിയോയുടെ ചരിത്രം തുടങ്ങുന്നത്. 1852 ആയപ്പോഴേക്കും സ്ഥലം വിസ്തൃതി പ്രാപിക്കുകയും നഗരപദവി കൈവരികയും ചെയ്തു. പാഗോ ഡി ലോസ് അറോയോസ് എന്ന പേരിലാണ് അന്ന് ഈ നഗരം അറിയപ്പെട്ടത്. 1812ലാണ് ജനറൽ മാനുവൽ ബെഗ്രാനോ ആദ്യമായി അർജന്റീനിയൻ പതാക റൊസാരിയോയിൽ ഉയർത്തിയത്. അർജന്റീനിയൻ പതാകയുടെ ശിൽപി കൂടിയാണ് ബെഗ്രാനോ. ഇതിന്റെ ഓർമപ്പെടുത്തലിനായി നാഷനൽ ഫ്‌ളാഗ് മെമോറിയൽ എന്ന കെട്ടിടവുമുണ്ട്.
1969 മുതൽ 1976 വരെയുള്ള സൈനികഭരണകാലത്ത് മിലിട്ടറി സർക്കാരിനെതിരെ നിരവധി സമരങ്ങൾ റൊസാരിയോ നഗരത്തിൽ നടന്നിരുന്നു. അർജന്റീനയുടെ സാംസ്‌കാരിക കേന്ദ്രം എന്ന നിലയ്ക്കുകൂടിയാണ് നഗരം പരിഗണിക്കപ്പെടുന്നത്. അർജന്റീനയിലെ വാസ്തുശിൽപകല വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങൾ ഈ നഗരത്തിലുണ്ട്.നിലവിൽ 13 ലക്ഷം ആളുകളാണ് റൊസാരിയോയിൽ താമസിക്കുന്നത്.ഈ നഗരത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. ഈ നഗരത്തിന്റെ പേര് ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു ഛിന്നഗ്രഹത്തിനു നൽകിയിട്ടുണ്ട്. 14812 റൊസാരിയോ എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്.
ചുമലിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ വിധി ഇനി ഞങ്ങളുടെ കൈകളിൽ
ലുസൈൽ സ്റ്റേഡിയത്തിൽ 25 വാര അകലെ നിന്ന് മെക്സിക്കൻ ഗോൾ മുഖത്തേക്ക് മെസി തൊടുത്ത നിലംപറ്റിയ ഷോട്ട് അർജന്റൈൻ ആരാധകർക്ക് നൽകിയ പ്രതീക്ഷകൾ ചെറുതല്ല. സൗദിയിൽ നിന്നേറ്റ പ്രഹരത്തിൽ നിന്ന് അർജന്റീന തിരികെ കയറി വരുമ്പോൾ പോളണ്ടിനെതിരേയും ഒന്നേയെന്ന് തുടങ്ങാൻ തയ്യാറാണെന്നാണ് സൂപ്പർ താരം മെസി പറയുന്നത്.
ആദ്യ മത്സരത്തിലെ തോൽവി ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. മെക്സിക്കോയ്ക്ക് എതിരായ കളിക്കായുള്ള കാത്തിരിപ്പ് നീണ്ടിരുന്നു. സാഹചര്യം മാറ്റാൻ ഒരു അവസരത്തിനായാണ് ഞങ്ങൾ കാത്തിരുന്നത്. ഇന്ന് ജയിച്ചില്ലെങ്കിൽ പുറത്താവുമെന്ന് ഞങ്ങൾക്ക് അറിയാം.ജയിച്ചാൽ ഞങ്ങളുടെ വിധി ഞങ്ങളുടെ കൈകളിലാണെന്നും, മെസി പറയുന്നു.
ഭാഗ്യത്തിന് ഇന്ന് ഞങ്ങൾക്ക് ജയിക്കാനായി. അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഞങ്ങളുടെ ചുമലിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു. പോളണ്ടിനെതിരേയും ഞങ്ങൾക്ക് വീണ്ടും തുടങ്ങാം.മെക്സിക്കോയ്ക്ക് എതിരെ അവരുടെ പ്രതിരോധം കാരണം ആദ്യ പകുതി പ്രയാസമായിരുന്നു എന്നും മെസി പറയുന്നു.
ആദ്യ പകുതിയിൽ ഞങ്ങൾക്ക് സ്പേസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതോടെ ആഗ്രഹിച്ച വിധം ഞങ്ങൾക്ക് പന്തുമായി നീങ്ങാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാൻ ഞങ്ങൾക്കായി. പെനാൽറ്റി ഏരിയയുടെ അടുത്തേക്ക് എത്താനും സാധിച്ചു. അതിലൂടെ സാധാരണ ഞങ്ങളുടെ കളി എങ്ങനെയാണോ അതിലേക്ക് എത്താനായതായും മെസി പറയുന്നു.
സ്പോർട്സ് ഡെസ്ക്