- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകചാമ്പ്യനായി കളി തുടരണം; ഉടൻ വിരമിക്കില്ല'; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്ഞ്ചൽ ഡി മരിയ; അർജന്റീന ജഴ്സിയിൽ കോപ്പ അമേരിക്ക വരെ തുടരും? ആരാധകർ ആഹ്ലാദത്തിൽ
ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‌ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്നു വ്യക്തമാക്കി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. ഉടൻ കളി നിർത്തില്ലെന്ന് ഡി മരിയ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ചാംപ്യനായി കളി തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായി കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റുന്നതെന്ന് ഡി മരിയ പറഞ്ഞു. ലോകകപ്പോടെ വിരമിക്കുമെന്ന് നേരത്തെ ഡി മരിയ പ്രഖ്യാപിച്ചിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ ഡി മരിയ ഗോൾ നേടിയിരുന്നു. തുടർച്ചയായി മൂന്ന് ഫൈനലുകളിൽ ഗോളുകൾ നേടി അർജന്റീനയുടെ 'മാലാഖയായി' മാറിയിരിക്കുകയാണ് ഏയ്ഞ്ചൽ ഡി മരിയ.
പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തിൽ തിരിച്ചെത്തി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അർജന്റീനയുടെ രണ്ടാം ഗോൾ നേടിയതും ഡി മരിയ തന്നെയായിരുന്നു. ഡി മരിയയെ ഡെംബലെ ഫൗൾ ചെയ്തതിനാണ് അർജന്റീനയ്ക്ക് ആദ്യം പെനാൽറ്റി ലഭിച്ചതും, മെസി നീലപ്പടയെ മുന്നിൽ എത്തിച്ചതും. അതേസമയം, മത്സരത്തിന് മുമ്പ് തന്നെ അർജന്റീന കിരീടം നേടുമെന്ന് മരിയക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു.
ഫൈനലിലെ ഗോൾ നില വരെ താരം ഭാര്യക്ക് അയച്ച സന്ദേശത്തിൽ പ്രവചിച്ചിരുന്നു. ''ഞാൻ ചാമ്പ്യനാകും. അത് എഴുതപ്പെട്ടിരിക്കുന്നു. മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്യും. മാറക്കാനയിലെയും വെംബ്ലിയിലെയും പോലെ അത് എഴുതപ്പെട്ടതാണ്. നാളത്തെ ദിനം ആസ്വദിക്കൂ. കാരണം ഞങ്ങൾ ചാമ്പ്യന്മാരാകാൻ പോവുകയാണ്. ഇവിടെയുള്ള ഞങ്ങൾ 26 പേരും ഓരോരുത്തരുടെയും കുടുംബവും അതിന് അർഹരാണ്'' -ഡി മരിയ സന്ദേശത്തിൽ പറയുന്നു.
2024ലെ കോപ്പ അമേരിക്ക വരെ താരം അർജന്റീന ടീമിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഉടൻ കളി നിർത്താൻ താൽപര്യമില്ലെന്ന് ലയണൽ മെസ്സിയും നേരത്തേ പ്രതികരിച്ചിരുന്നു. ലോകകപ്പിൽ അർജന്റീനയുടെ കിരീട നേട്ടത്തിനു പിന്നാലെയാണ് മുതിർന്ന താരങ്ങൾ നിലപാടു വ്യക്തമാക്കിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അർജന്റീനയുടെ വിജയം. ഫൈനലിൽ ഷൂട്ടൗട്ട് വരെയെത്തിയ മത്സരത്തിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടം ഉയർത്തിയത്.
2008 ൽ അർജന്റീനയ്ക്കായി അരങ്ങേറിയ ഡിമരിയ 129 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ താരത്തെ പരുക്ക് അലട്ടിയിരുന്നു. എന്നാൽ ഫൈനലിൽ നിർണായക പ്രകടനം നടത്തിയ എയ്ഞ്ചൽ ഡി മരിയ ലയണൽ മെസ്സിയോടൊപ്പം കിരീടമുയർത്തി. 34 വയസ്സുകാരനായ ഡി മരിയ ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമാണ്.
സ്പോർട്സ് ഡെസ്ക്