സൂറിച്ച്: ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി അർജന്റീന ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ. കോപ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടനേട്ടങ്ങൾക്ക് പിന്നാലെയാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനവും മെസിയും സംഘവും സ്വന്തമാക്കിയത്. ആറുവർഷത്തിനുശേഷം ഇതാദ്യമായാണ് അർജന്റീന ലോക ഒന്നാം നമ്പർ ഫുട്ബോൾ ടീമായി മാറുന്നത്.

സൗഹൃദ മത്സരങ്ങളിൽ പനാമക്കും, കുറസാവോയ്‌ക്കെതിരെയും നേടിയ ജയങ്ങളാണ് അർജന്റീനക്ക് നേട്ടമായത്. സൗഹൃദ മത്സരത്തിൽ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമാവാൻ കാരണം. ഇതോടെ 6.56 റേറ്റിങ് പോയിന്റ് ബ്രസീലിന് നഷ്ടമായിരുന്നു.

മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ള അർജന്റീനക്ക് 1840.93 റേറ്റിങ് പോയന്റും രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന് 1838.45 റേറ്റിങ് പോയന്റുമാണുള്ളത്. 1834.21 റേറ്റിങ് പോയന്റുള്ള ബ്രസീൽ മൂന്നാം സ്ഥാനത്താണ്.

ബെൽജിയം നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. നെതർലൻഡ്‌സ്, ക്രോയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.

അർജന്റീന ഒന്നാമതെത്തുമെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു.ലോകകപ്പിന് പുറമേ ഫൈനലസ്സീമ, കോപ്പ അമേരിക്ക കിരീടങ്ങളും അർജന്റീന സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ കറുത്ത കുതിരകളായി മാറിയ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കുതിച്ചു. ആഫ്രിക്കൻ ടീമുകളിൽ ഏറ്റവും മുന്നിലുള്ള രാജ്യവും മൊറോക്കോയാണ്.

മധ്യ ആഫ്രിക്കൻ റിപബ്ലിക്കാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീം. 10 സ്ഥാനം മെച്ചപ്പെടുത്തിയ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 122-ാം സ്ഥാനത്തേക്ക് ഉയർന്നു. ഒമ്പത് സ്ഥാനം താഴേക്കിറങ്ങിയ കാമറൂണാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ടീം. പുതിയ റാങ്കിംഗിൽ 42-ാമതാണ് കാമറൂൺ. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ അൽജീരിയ(34), സ്‌കോട്ലൻഡ്(36), നാലു സ്ഥാനം മെച്ചപ്പെടുത്തിയ ഈജിപ്ത്(35) സെർബിയ(25) എന്നിവരാണ് നേട്ടമുണ്ടാക്കിയ ടീമുകൾ.

നേരത്തേ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ അർജന്റീനയ്ക്ക് 39 റേറ്റിങ് പോയിന്റ് നഷ്ടമായിരുന്നു. പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിച്ചാണ് അർജന്റീന റാങ്കിംഗിൽ മുന്നോട്ട് കയറിയത്. ജൂലൈ 20നാണ് ഫിഫ അടുത്ത റാങ്കിങ് പുറത്തിറക്കുക. ഈ സമയം യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ കളിക്കുന്നതിനാൽ ഫ്രാൻസിന് ഒന്നാം സ്ഥാനത്തെത്താൻ അവസരമുണ്ട്.