ബ്യൂണസ് അയേഴ്‌സ്: പാരിസ് ഒളിമ്പിക്‌സിനുള്ള ഫുട്ബാള്‍ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിലെ നാലു പേരെ ഉള്‍പ്പെടുത്തിയാണ് ഹവിയര്‍ മഷറാനോ ടീം പ്രഖ്യാപിച്ചത്. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഓട്ടമെന്‍ഡി, ഗോള്‍ കീപ്പര്‍ ജെറോണിമോ റൂളി എന്നിവര്‍ ഒളിംപിക് ഫുട്‌ബോളിനുള്ള ടീമിലെത്തി. സീനിയര്‍ ടീം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും ടീമില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുവരെയും ഉള്‍പ്പെടുത്തിയില്ല. മാഞ്ചസ്റ്റര്‍ സിറ്റി താരം ക്ലോഡിയോ എച്ചെവെരിയും 18 അംഗ ടീമിലുണ്ട്.

സീനിയര്‍ ടീം നായകന്‍ ലിയോണല്‍ മെസി ഒളിംപിക്‌സില്‍ കളിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ കോപ അമേരിക്കയില്‍ കളിക്കുന്ന മെസി പരിക്കുമൂലം ഒരു മത്സരം കളിച്ചിരുന്നില്ല. ക്വാര്‍ട്ടറില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. 2008ല്‍ മെസി ഉള്‍പ്പെട്ട അര്‍ജന്റീന ടീം ഒളിംപിക്‌സ് സ്വര്‍ണം നേടിയിരുന്നു. 23 വസയിന് താഴെയുള്ളവരുടെ ടീമില്‍ മൂന്ന് സീനിയര്‍ താരങ്ങളെ മാത്രമെ ഉള്‍പ്പെടുത്താനാവു. ജൂലൈ 24നാണ് ഒളിംപിക്‌സ് ഫുട്‌ബോളിന് തുടക്കമാവുക.

18 അംഗ ഒളിമ്പിക്‌സ് ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍താരം ഹാവിയര്‍ മഷെറാനോയാണ്. നിലവില്‍ മൂന്നു സീനിയര്‍ താരങ്ങളും കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കായി കളിക്കുന്നുണ്ട്. കോപ്പക്കുശേഷം ഇവര്‍ ടീമിനൊപ്പം ചേരും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസും ബെന്‍ഫിക്കയുടെ ഒട്ടമെന്‍ഡിയും സീസണില്‍ ക്ലബിനും രാജ്യത്തിനുമായി ഇതിനകം 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈമാസം 24 നാണ് ഒളിമ്പിക്‌സിലെ പുരുഷ ഫുട്ബാള്‍ ആരംഭിക്കുന്നത്. 16 ടീമുകള്‍ അടങ്ങുന്ന ടൂര്‍ണമെന്റില്‍ മൊറോക്കോ, ഇറാഖ്, യുക്രെയിന്‍ എന്നിവരുള്ള ഗ്രൂപ്പിലാണ് അര്‍ജന്റീന.

2004, 2008 ഒളിമ്പിക്‌സ് ഫുട്ബാളില്‍ മഷെറാനോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കിരീടം നേടിയിരുന്നു. റിവര്‍ പ്ലേറ്റിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി ഫുട്ബാള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ക്ലോഡിയോ എച്ചെവേരിയും ടീമിന്റെ ഭാഗമായത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ അണ്ടര്‍ -17 ലോകകപ്പിലും താരം ഹാട്രിക് ഉള്‍പ്പെടെ നേടിയിരുന്നു. പിന്നാലെ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി.

ഒളിംപിക്‌സ് ഫുട്‌ബോളിനുള്ള അര്‍ജന്റീന ടീം:
ഗോള്‍കീപ്പര്‍മാര്‍: ലിയാന്‍ഡ്രോ ബ്രെ, ജെറോണിമോ റുല്ലി

ഡിഫന്‍ഡര്‍മാര്‍: മാര്‍ക്കോ ഡി സെസാരെ, ജൂലിയോ സോളര്‍, ജോക്വിന്‍ ഗാര്‍സിയ, ഗോണ്‍സാലോ ലുജന്‍, നിക്കോളാസ് ഒട്ടമെന്‍ഡി, ബ്രൂണോ അമിയോണ്‍

മിഡ്ഫീല്‍ഡര്‍മാര്‍: എസെക്വല്‍ ഫെര്‍ണാണ്ടസ്, സാന്റിയാഗോ ഹെസ്സെ, ക്രിസ്റ്റ്യന്‍ മദീന, കെവിന്‍ സെനോന്‍

ഫോര്‍വേഡ്സ്: ജിലിയാനോ സിമിയോണി, ലൂസിയാനോ ഗോണ്ടൗ, തിയാഗോ അല്‍മാഡ, ക്ലോഡിയോ എച്ചെവേരി, ജൂലിയന്‍ അല്‍വാരസ്, ലൂക്കാസ് ബെല്‍ട്രാന്‍.