മാറക്കാന: ബ്രസീലും അർജന്റീനയും മാറക്കാനയിൽ മുഖാമുഖം വന്നപ്പോൾ ആതിഥേയർക്ക് തോൽവി. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് കടുത്ത നിരാശ. 63-ാം മിനുറ്റിൽ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിൽ അർജന്റീന 0-1ന്റെ ജയം സ്വന്തമാക്കി. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇതോടെ വമ്പൻ പ്രതിസന്ധിയിലായി ബ്രസീൽ.

കഴിഞ്ഞ മത്സരങ്ങളിൽ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീൽ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അർജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയിൽ തിരിച്ചെത്തി. ഗ്രൂപ്പിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് ഒന്നാമത്. വലിയ സംഘർഷങ്ങൾ കാണികൾക്കിടെ മത്സരത്തിന് മുമ്പു ഉണ്ടായിരുന്നു. ലോകകപ്പിന് ശേഷം അർജന്റീന നേടുന്ന വലിയ വിജയങ്ങളിലൊന്നാണ് ഇത്. ചിര വൈരികളെ തോൽപ്പിച്ചതോടെ മെസിക്കും സംഘത്തിനും തല ഉയർത്തി ഇനിയുള്ള മത്സങ്ങളിൽ പങ്കെടുക്കാം.

കളിയുടെ 63-ാം മിനുറ്റിൽ എത്തിയ കോർണർ കിക്ക് അർജന്റീനയ്ക്ക് ആശ്വാസ ഗോളായി. ലോ സെൽസോ എടുത്ത കോർണറിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഒട്ടാമെൻഡി ഉയർന്ന് ചാടി തലകൊണ്ട് ബ്രസീലിയൻ ഗോളി അലിസൻ ബെക്കറിനെ മറികടന്ന് വല ചലിപ്പിക്കുകയായിരുന്നു. 81-ാം മിനുറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ടതോടെ ബ്രസീൽ പ്രതിസന്ധിയിലായി.

ബദ്ധവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം അര മണിക്കൂറോളം വൈകി. ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തിൽ മൈതാനവും തീപിടിച്ചു. ബ്രസീൽ-അർജന്റീന താരങ്ങൾ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അർജന്റീനയുടെ ലിയോണൽ മെസിയും ബ്രസീലിന്റെ റോഡ്രിഗോയും കൊമ്പുകോർത്തു. കളി പരുക്കനായി തുടർന്നതോടെ ബ്രസീലിയൻ താരങ്ങൾക്ക് നേർക്ക് മൂന്ന് മഞ്ഞക്കാർഡുകൾ ആദ്യ പകുതിയിൽ തന്നയെത്തി. ആദ്യ പകുതിയിൽ രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചത്.

ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം, 6.30ഓടെയാണ് ആരംഭിച്ചത്. മത്സരത്തിനായി ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലിറങ്ങിയ താരങ്ങൾ, ആരാധക സംഘർഷത്തെ തുടർന്ന് തിരികെ കയറിയിരുന്നു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതോടെ, അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ തിരിച്ചെത്തുകയും ചെയ്തു.

ഗാലറിയിൽ അടിപൊട്ടിയതോടെ, സുരക്ഷ മുൻനിർത്തിയാണ് അർജന്റീന താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റിയത്. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് താരങ്ങളെ പുറത്തെത്തിച്ചത്. ഏതാണ്ട് 25 മിനിറ്റോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത്. തുടർന്നാണ് അർജന്റീന താരങ്ങൾ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയത്. അവസാന യോഗ്യതാ മത്സരത്തിൽ ഇരു ടീമുകളും തോറ്റിരുന്നു.

ഇരുടീമുകളും തമ്മിൽ കോപ അമേരിക്ക ഫൈനലിൽ കളിച്ചപ്പോൾ അർജന്റീനയാണ് ജയിച്ചത്. പിന്നീട് ലോകകപ്പിൽ ഇരുടീമുകളും നേർക്കുനേർ വന്നില്ല. അതായത് ബ്രസീലിനെതിരെ തുടർച്ചയായ രണ്ടാം ജയമാണ് മെസിയുടെ ടീമിന്റേത്.