- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവൂരിലെ മൈതാനിയിൽ പഠിച്ച കളിയുടെ ബാലപാഠങ്ങൾ എന്നും കൈമുതൽ; കാൽപ്പന്ത് കളിയിലെ പുതിയ വിസ്മയമായ മലയാളി താരം ബിച്ചുനാഥ് ഇനി സ്പെയിനിലെ കളിക്കളത്തിൽ പന്ത് തട്ടും
കൊല്ലം: കുട്ടിക്കാലത്ത് ഫുട്ബോൾ കമ്പവുമായി നടന്ന് കൊല്ലം ജില്ലയിലെ കോവൂരിന്റെ മൈതാനിയിലൂടെ കളിയുടെ ബാലപാഠങ്ങൾ പഠിച്ച ബിച്ചുനാഥ് ഇന്ന് കേരളത്തിന്റെ അഭിമാനമാണ്. കോവൂർ ഗ്രാമത്തിലെ കൊച്ചുമൈതാനിയിൽ ഫുട്ബോൾ തട്ടി ശീലിച്ച ഈ പതിനെട്ടുകാരൻ 30ന് സ്പെയിനിലേക്ക് പറക്കും. സ്പെയിനിലെ റീജ്യണൽ മൂന്നാം ക്ലബായ മിസലാത്ത യുഎഫ് ഫുട്ബോൾ അക്കാദമിയിലേക്കാണ് ഈ പതിനെട്ടുകാരൻ പോകുന്നത്.
കോവൂരിലെ അപ്പൂസ് സ്പോർടിങ് ക്ലബിന്റെ കൊച്ചുകളിക്കാരനായായിരുന്നു തുടക്കം. കേരള പൊലീസിന്റെ മുൻതാരം രാധാകൃഷ്ണപിള്ളയുടെ കീഴിലാണ് പരിശീലനം തുടങ്ങിയത്. പിന്നീട് സായിയിലും സ്പോർട്സ് കൗൺസിലിന്റെ കീഴിലും പഠനത്തോടൊപ്പം പരീശീലനം തേടി.
പ്ലസ് ടുവിലേക്ക് കടക്കുന്നതിനിടെ പ്രൊഫഷണൽ മത്സരങ്ങളിൽ പന്ത് തട്ടി. സംസ്ഥാന ടീമിനുവേണ്ടി നാല് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. കൂടാതെ ഒട്ടേറെ ക്ലബ് മത്സരങ്ങളിലും കളിച്ചു. മലപ്പുറം ആസ്ഥാനമായുള്ള കേരള യൂണൈറ്റഡ് ക്ലബിന്റെ താരമായി കളിക്കുന്നതിനിടെയാണ് സ്പെയിനിലേക്ക് സെലക്ഷൻ കിട്ടുന്നത്. വിംഗറായാണ് സെലക്ഷൻ മത്സരത്തിൽ കളിച്ചത്.
കഴിഞ്ഞദിവസം സ്പെയിനിലേക്ക് പോകുന്നതിനുള്ള വിസ ഉൾപ്പെടെയുള്ള രേഖകൾ കൈയിൽ കിട്ടിയതോടെ വലിയ ആഹ്ലാദത്തിലാണ് ബിച്ചു. ബിച്ചുവിന്റെ കുടുംബവും കായിക പ്രേമികളാണ്. ദേശീയ അത്ലറ്റിക് താരം പരേതയായ ദ്രൗപതി മുത്തശ്ശിയാണ്. കോവൂർ പുത്തൻപുരയിൽ ബിനുനാഥിന്റെയും വിനിതയുടെയും മകനാണ്. സഹോദരി അൻവിത.