- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
31 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും 25 പോയന്റുമായി ബംഗളുരു ആറാംസ്ഥാനത്തും; ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ; എവേ മത്സരത്തിലെ ചീത്തപ്പേര് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ
ബെംഗളൂരു: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്.സിയെ നേരിടും. രാത്രി 7.30 മുതൽ ബംഗളുരുവിന്റെ സ്റ്റേഡിയമായ ശ്രീകണ്ഠീരവയിലാണ് മത്സരം.ഇന്നത്തെ മത്സരം ജയിച്ചാൽ പ്ലേഓഫിൽ സ്ഥാനമുറപ്പിക്കാമെന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാക്കുന്നു.എതിരാളികളായ ബംഗളൂരുവിനും സ്ഥിതി വ്യത്യസ്തമല്ല.ഇന്നത്തെ മത്സരം ജയിച്ച് പ്ലേ ഓഫിനോട് ഒന്നുകൂടി അടുക്കാനാവും അവരുടെയും ശ്രമം.
അവസാന മൂന്ന് എവേ മത്സരത്തിലും തോറ്റു എന്നതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നെഞ്ചിടിപ്പോടെയാണ് ബെംഗളൂരു എഫ് സിയെ നേരിടുക.എന്നാൽ ബെംഗളൂരു അവസാന അഞ്ച് കളിയും ജയിച്ച് മിന്നുന്ന ഫോമിലാണ്.31 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനും 25 പോയന്റുമായി ആറാമതുള്ള ബെംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യം. കണക്കുകൾ ഇങ്ങനെയാണെങ്കിലും ഹോം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് വിജയവഴിയിൽ എത്തിയ ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴുണ്ട്.
കൊച്ചിയിലെ ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മുന്ന് ഗോളിന് ബെംഗളൂരുവിനെ തോൽപിക്കുകയും ചെയ്തിരുന്നു. ദുർബലമായ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നത്.27 ഗോൾ നേടിയെങ്കിലും 24 എണ്ണം ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവാങ്ങി. ബെംഗളൂരു വാങ്ങിയതും കൊടുത്തതും 21 ഗോൾ വീതം. പരിക്കിൽനിന്ന് പൂർണ മുക്തനാവാത്തതിനാൽ മാർകോ ലെസ്‌കോവിച്ചും ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിൽ കളിച്ചേക്കില്ല.
ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ഇതുവരെ നേർക്കുനേർ വന്നത് 11 കളിയിൽ. ബെംഗളൂരു ആറിലും ബ്ലാസ്റ്റേഴ്‌സ് മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിലായി. പോയന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേഓഫിലേക്ക് യോഗ്യത നേടുക. മുംബൈ സിറ്റയും ഹൈദരാബാദും മാത്രമേ പ്ലേ ഓഫുറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ അഞ്ച് ടീമുകളാണ് പൊരുതുന്നത്. ഇന്ന് ജയിച്ചാൽ എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ് സി എന്നിവരെ സമ്മർദമില്ലാതെ ബ്ലാസ്റ്റേഴ്‌സിന് നേരിടാം.
സ്പോർട്സ് ഡെസ്ക്