റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ റോബർട്ടോ ഫിർമിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല.

രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ലോകകിരീടമുയർത്താൻ ശക്തരിൽ ശക്തമായ നിരയുമായാണ് കാനറികൾ എത്തുന്നത്. നെയ്മറിനെ അമിതമായി ആശ്രയിച്ച പഴയകാലത്ത് നിന്ന് ടിറ്റെയുടെ തന്ത്രങ്ങൾ വിളക്കിച്ചേർത്ത 26 പേർ.

നെയ്മർ നേതൃത്വം നൽകുന്ന മുന്നേറ്റത്തിൽ ആഴ്സനൽ താരം ഗബ്രിയേൽ ജീസസ്, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ബാഴ്സയുടെ റഫീഞ്ഞ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി, ടോട്ടനത്തിന്റെ റിച്ചാർലിസൻ എന്നിവർക്കാണ് ഗോളടിക്കാനുള്ള ചുമതല. കാസിമിറോയ്ക്കാകും മധ്യനിരയുടെ കടിഞ്ഞാൺ. ലൂക്കാസ് പക്വേറ്റ, എവർട്ടൻ റിബെയ്റോ, ഫ്രഡ്, ഫാബിഞ്ഞോ, എന്നിവരുൾപ്പെടുന്ന നിരയ്ക്ക് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കളി ആവശ്യപ്പെടുമ്പോൾ സ്‌കോർ ചെയ്യാനും മികവേറെ.

പ്രതിരോധ പൂട്ടിടാനും ബ്രസീലിന് താരങ്ങളുണ്ട്. പരിചയസമ്പന്നരും യുവത്വവും ഒരുമിച്ച് ചേരും കാനറിക്കരുത്തിൽ. തിയാഗോ സിൽവയ്ക്കൊപ്പം ഡാനി ആൽവ്സിനും ഇടംകൊടുത്തു ടിറ്റെ. മാർക്വിഞ്ഞോസ്, അലക്സാന്ദ്രോ, അലക്സ് ടെല്ലസ്, ഡാനിലോ, എന്നിവരുടെ പ്രതിരോധപൂട്ട് കടന്നു പന്ത് വന്നാൽ തടയാൻ അലിസൺ ബെക്കറിനാണ് ഗോൾവലകാക്കാനുള്ള ചുമതല. എഡേഴ്സനും വെവെർട്ടനുമാണ് രണ്ടും മൂന്നും ഗോൾകീപ്പർമാർ. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ നേരിടേണ്ടത്.

ബ്രസീൽ ടീം: ഗോൾ കീപ്പർമാർ- അലിസൺ ബെക്കർ, എഡേഴ്സൻ, വെവെർട്ടൻ. പ്രതിരോധനിര- ഡാനിലോ, ഡാനി ആൽവസ്, അലക്സാൻഡ്രോ, അലക്സ് ടെല്ലസ്, തിയാഗോ സിൽവ, മിലിറ്റാവോ, മർക്വിഞ്ഞോസ്. മധ്യനിര- ബ്രമർ, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മർ, ഗബ്രിയേൽ ജീസസ്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാർലിസൻ, മാർട്ടിനെല്ലി, പെഡ്രോ.