- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർതോൽവികളിൽ വലഞ്ഞ് ചെൽസി; തലവര മാറ്റാൻ പഴയ ആശാനെ തിരിച്ചുവിളിച്ച് ടീം അധികൃതർ; ഫ്രാങ്ക് ലംപാർഡിനെ തിരിച്ചെത്തിച്ചത് താൽക്കാലിക പരിശീലകനായി; ആദ്യ മത്സരം വോൾവ്സിനെതിരെ
ലണ്ടൻ: ഇംഗ്ലിഷ് പ്രിമിയർ ലീഗ് സീസണിൽ തുടർതോൽവികളിൽ വലയുന്ന ചെൽസി തലവര മാറ്റാൻ ഇടക്കാല പരിശീലകനായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചു.
അവസാനിക്കാൻ 10 മത്സരം മാത്രം ബാക്കി നിൽക്കെയാണ് പഴയ ആശാനെ തിരിച്ചുവിളിച്ചത്. മുൻതാരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലംപാർഡിനെ പുറത്താക്കപ്പെട്ട കോച്ച് ഗ്രഹാം പോട്ടറിന് പകരമാണ് ചെൽസിയിലേക്ക് തിരിച്ചെത്തിയത്.
മോശം പ്രകടനത്തിന്റെ പേരിൽ മുഖ്യപരിശീലകൻ ഗ്രഹാം പോട്ടറെ (47) പുറത്താക്കിയതിനു പിന്നാലെയാണ് ലംപാർഡിനെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള പരിശീലകനായി നിയമിച്ചത്. സീസൺ അവസാനം വരെ ചെൽസി പരിശീലകനായി ലംപാർഡുണ്ടാകും.
2019- 2021 കാലത്താണ് ലംപാർഡ് മുൻപ് ചെൽസിയെ പരിശീലിപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കാലാവധി കഴിയും മുൻപ് ലംപാർഡിന്റെ പണി തെറിച്ചു. തോമസ് ടുഹേലായിരുന്നു പിൻഗാമി. എന്നാൽ ടുഹേലിനും പിടിച്ചുനിൽക്കാനായില്ല.
ടുഹേലിന്റെ പിൻഗാമിയായെത്തിയ പോട്ടർ ടീമുമായി അഞ്ച് വർഷ കരാറാണ് ഒപ്പുവച്ചത്. എന്നാൽ ആറുമാസം തികയും മുൻപ് ടുഹേലും പുറത്തായി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് പരിശീകനെ തേടിയ ചെൽസി ഒടുവിൽ പഴയ ആശാന്റെ മുന്നിൽത്തന്നെയെത്തി.
പ്രിമിയർ ലീഗിൽ നിലവിൽ 11ാം സ്ഥാനത്താണ് നീലക്കുപ്പായക്കാർ. കോച്ചില്ലാതെ ലിവർപൂളിനെതിരെ ചൊവ്വാഴ്ച കളിച്ച ടീം ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
പ്രീമിയർ ലീഗിൽ ശനിയാഴ്ച വോൾവ്‌സിനെതിരായ മത്സരത്തിലാകും ലംപാർഡ് ടീമിന്റെ താൽക്കാലിക പരിശീലകനായി ചുമതലയേൽക്കുക. പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ കൈവിട്ടതിനാൽ ചാമ്പ്യൻസ് ലീഗ് ആണ് ഇനി ചെൽസിയുടെ ലക്ഷ്യം.ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് ചെൽസിയുടെ എതിരാളികൾ. ചെൽസിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ് ഫ്രാങ്ക് ലാംപാർഡ്.
ഗ്രഹാം പോട്ടറുടെ പകരക്കാരനായി മുൻ ബാഴ്‌സലോണ പരിശീലകൻ ലൂയിസ് എന്റിക്വെ, ബയേൺ മ്യൂണിക് പരിശീലകനായിരുന്ന ജൂലിയൻ നാഗിൽസ്മാൻ എന്നിവരെയും ചെൽസി പരിഗണിച്ചിരുന്നു. ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ ജാലകത്തിൽ 300 മില്യൺ പൗണ്ട് ചെലവഴിച്ച് താരങ്ങളെ ടീമിലെത്തിച്ചിട്ടും ചെൽസിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിൽ എത്തി അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കുകയും ചെൽസിയുടെ ലക്ഷ്യമാണ്.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)
സ്പോർട്സ് ഡെസ്ക്