- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ; രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ചു; ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്.സി.ക്ക് വിജയത്തുടക്കം; എ.ടി.കെയെ കീഴടക്കിയത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി.ക്ക് വിജയത്തുടക്കം. കരുത്തരായ എ.ടി.കെ. മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ കീഴടക്കിയത്. ചെന്നൈയിന് വേണ്ടി ക്വാമി കരികരിയും റഹിം അലിയും ലക്ഷ്യം കണ്ടപ്പോൾ മൻവീർ സിങ് മോഹൻ ബഗാനുവേണ്ടി വലകുലുക്കി.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ചെന്നൈയിൻ വിജയം ഉറപ്പിച്ചത്. ആദ്യപകുതിയിൽ 1-0 ന് പിന്നിൽ നിന്ന ചെന്നൈയിൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
എ.ടി.കെ. മോഹൻ ബഗാന് വേണ്ടി മലയാളി താരം ആഷിഖ് കുരുണിയനും ചെന്നൈയിന് വേണ്ടി പ്രശാന്തും അരങ്ങേറ്റം നടത്തിയ മത്സരമായിരുന്നു ഇത്. ഇരുതാരങ്ങളും ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടുകയും ചെയ്തിരുന്നു.
@atkmohunbaganfc draw first blood courtsey of a good strike from @manvir_singh07 ⚡
- Indian Super League (@IndSuperLeague) October 10, 2022
Watch the #ATKMBCFC game live on @DisneyPlusHS - https://t.co/et6B66pPFt and @OfficialJioTV
Live Updates: https://t.co/vJ3sNZlRy1#HeroISL #LetsFootball #ATKMohunBagan #ChennaiyinFC pic.twitter.com/MMWbGTVhYm
ഹോം ഗ്രൗണ്ടിൽ ആദ്യ പോരിനിറങ്ങിയ എടികെ ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നു. നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോൾ മാത്രം വഴങ്ങി ചെന്നൈ പിടിച്ചു നിന്നു. ലഭിച്ച അവസരങ്ങളുടെ കണക്കെടുത്താൽ ആദ്യ പകുതിയിൽ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലേത്തേണ്ടതായിരുന്നു എടികെ. കളിയുടെ തുടക്കം മുതൽ നിരന്തര ആക്രമണങ്ങളുമായി എടികെ ചെന്നൈ പ്രതിരോധത്തെ വിറപ്പിച്ചു. ഒടുവിൽ 27 ാം മിനിറ്റിൽ മൻവീർ സിംഗാണ് കൊൽക്കത്തക്ക് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്.
ആദ്യ പകുതിപോലെ തന്നെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും. എടികെ ആധിപത്യം തുടർന്ന രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായാണ് ചെന്നൈ സമനില ഗോൾ കണ്ടെത്തയത്. 61ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ചെന്നൈയിൻ ആദ്യ അവസരം തുറന്നെടുത്തു. തൊട്ടുപിന്നാലെ ക്വാമെ കരികരിയെ വിശാൽ കെയ്ത് ബോക്‌സിൽ വീഴ്‌ത്തിയതിന് ചെന്നൈക്ക് ൻ അനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുത്ത കരികരിക്ക് പിഴച്ചില്ല. 62-ാം മിനിറ്റിൽ ചെന്നൈയിൻ സമനില പിടിച്ചു.
സമനില ഗോൾ കണ്ടെത്തിയതോടെ ചെന്നൈയിൻ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച വന്നു. തുടർച്ചയായി ആക്രമിച്ച ചെന്നൈയെ തടുത്തു നിർത്തുക മാത്രമായി പിന്നീട് എടികെയുടെ ജോലി. എന്നാൽ 83-ം മിനിറ്റിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ കരികരിയുടെ പാസിൽ നിന്ന് റഹീം അലി ചെന്നൈയെ മുന്നിലെത്തിച്ചു. സമനില ഗോളിനായി എടികെ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാന നിമിഷങ്ങളിൽ ചെന്നൈ പ്രതിരോധം പിടിച്ചു നിന്നതോടെ വിലപ്പെട്ട മൂന്ന് പോയന്റുമായി ചെന്നൈയിൻ എഫ് സി സീസണ് വിജയത്തുടക്കമിട്ടു.
സ്പോർട്സ് ഡെസ്ക്