- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുറഗ്വായ്യെ കീഴടക്കി കൊളംബിയ ഫൈനലില്‍; വിജയഗോളുമായി ജെഫേഴ്സണ്‍ ലേമ; കോപ്പ അമേരിക്കയില്‍ അര്‍ജന്റീന - കൊളംബിയ കലാശപ്പോരാട്ടം
ന്യൂജഴ്സി: കോപ്പ അമേരിക്കയില്‍ കൊളംബിയ-അര്‍ജന്റീന കലാശപ്പോരാട്ടം. ജൂലായ് 15 തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നു നടക്കുന്ന ഫൈനലില്‍ കൊളംബിയയെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നേരിടും. രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 39-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്സണ്‍ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയന്‍ മുന്നേറ്റം.
സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍നിന്നാണ് കൊളംബിയയുടെ ഗോള്‍ വന്നത്. കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍, റോഡ്രിഗസ് പെനാല്‍റ്റി ബോക്സിലേക്ക് കൈമാറുകയും ഉയര്‍ന്നു ചാടി മികച്ച ഹെഡറിലൂടെ ലേമ അത് ഗോളാക്കി മാറ്റുകയുമായിരുന്നു. മിന്നും ഫോം തുടരുന്ന റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റാണിത്.
ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പ ജേതാക്കളായ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ നിലനിന്ന അഞ്ച് അസിസ്റ്റുകളുടെ റെക്കോഡാണ് റോഡ്രിഗസ് മറികടന്നത്.
ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ പത്തു പേരുമായാണ് കൊളംബിയ കളി തുടര്‍ന്നത്. യുറഗ്വായ്യുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞ കാര്‍ഡ് നല്‍കിയത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് പത്തുപേരായി ചുരുങ്ങിയത്.
ഇതോടെ രണ്ടാം പകുതിയില്‍ യുറഗ്വായ് പൊരുതി കളിച്ചു. പന്തടക്കത്തിലും പാസ് കൃത്യയിലുമെല്ലാം യുറഗ്വാസ് മുന്നിട്ടുനിന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ 90 മിനിറ്റ് പിടിച്ചുകെട്ടിയ യുറഗ്വയ്, ഷൂട്ടൗട്ടില്‍ വിജയിച്ചാണ് സെമിയില്‍ കടന്നത്. പാനമയെ തകര്‍ത്തായിരുന്നു കൊളംബിയയുടെ സെമിപ്രവേശം.
യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി ശിക്ഷ വിധിച്ചത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് റെഡ് കാര്‍ഡ് ലഭിച്ചത്. 15-ാം മനിറ്റില്‍ മുനോസിന് ഒരു ഹെഡര്‍ ഗോളിന് വഴിയൊരുങ്ങിയെങ്കിലും പന്ത് പുറത്തേക്ക് പോയിരുന്നു.
അതേസമയം യുറഗ്വായ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. 66-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് കളത്തിലെത്തിയതോടെ യുറഗ്വായ് കൂടുതല്‍ ഉണര്‍ന്നു. സുവാരസിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പിഴച്ചു.
കിക്കോഫ് മുതല്‍ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂടുതല്‍ സമയവും കൊളംബിയയാണ് പന്ത് കൈവശം വെച്ച് കളിച്ചത്. 17-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ലഭിച്ച മികച്ച അവസരം നൂനസ് നഷ്ടപ്പെടുത്തി. നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. നൂനസ് തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് നയിച്ചില്ല.
23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്. 2001ലാണ് കൊളംബിയ അവസാനമായി ഫൈനല്‍ കളിച്ചത്. അന്നു മെക്സിക്കോയെ പരാജയപ്പെടുത്തി അവര്‍ ചാംപ്യന്മാരാകുകയും ചെയ്തു. കൊളംബിയയുടെ ഏക കോപ്പ അമേരിക്ക കിരീടവും അതു തന്നെ. അതിനാല്‍ ഫൈനലില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, 16ാം കോപ്പ കിരീടമെന്ന യുറഗ്വായ്യുടെ മോഹമാണ് സെമിയില്‍ പൊലിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അവര്‍ കാനഡയെ നേരിടും.