- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദക്കൊടുങ്കാറ്റ് കെട്ടടങ്ങുന്നു!; ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക്; 3400 കോടി രൂപയ്ക്ക് സിആർ7 അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ; രണ്ടര കൊല്ലത്തെ കരാറിൽ പോർച്ചുഗീസ് സൂപ്പർതാരത്തിന് ലഭിക്കുക എക്കാലത്തെയും വമ്പൻ തുക
റിയാദ്: എക്കാലത്തേയും വമ്പൻ തുകയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്റെ രണ്ടര വർഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട താരം 400 മില്യൺ യൂറോയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബായ അൽ നാസറിലേക്ക് മാറുന്നതായാണ് സ്പാനിഷ് വാർത്തവെബ്സൈറ്റായ മാർസ.കോം റിപ്പോർട്ട് ചെയ്യുന്നത്. ശമ്പളയിനത്തിലും പരസ്യ കരാറുകൾക്കുമായി താരത്തിന് സീസണിൽ 200 മില്യൺ യൂറോ (173 പൗണ്ട് സ്റ്റർലിങ്) കിട്ടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2025 വരെയായി രണ്ടര കൊല്ലത്തെ കരാറാണ് താരവുമായി ക്ലബ് ഒപ്പിടുകയെന്നും പറഞ്ഞു. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദ് ആസ്ഥാനമായാണ് അൽ നാസർ പ്രവർത്തിക്കുന്നത്.
മറ്റൊരു സൗദി ക്ലബായ അൽഹിലാൽ വാഗ്ദാനം ചെയ്ത ആഴ്ചയിൽ 5.3 മില്യൺ ഡോളർ ഓഫർ നിരസിച്ചതായി റൊണാൾഡോ മുമ്പ് പറഞ്ഞിരുന്നു. ഇവരുടെ എതിരാളികളാണ് ഇപ്പോൾ താരവുമായി കരാറിലേർപ്പെടുന്ന അൽനസർ. ന്യൂകാസിലിനടക്കം താൽപര്യമുണ്ടായിരുന്ന ഇതിഹാസത്തെയാണ് ഇവർ ടീമിലെത്തിക്കുന്നത്. ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയും 37കാരനായ താരത്തെ നോട്ടമിട്ടതായി വാർത്തയുണ്ടായിരുന്നു.
റൂഡി ഗാർഷ്യ പരിശീലിപ്പിക്കുന്ന അൽനസർ നിലവിൽ സൗദി പ്രോ ലീഗിൽ രണ്ടാമതാണ്. ഒന്നാമതുള്ള അൽ ഷഹ്ദാബിനേക്കാൾ മൂന്നു പോയന്റാണ് ടീമിന് കുറവുള്ളത്. കരാർ യാഥാർത്ഥ്യമായാൽ നിലവിൽ പോർച്ചുഗൽ ദേശീയ ടീമിൽ ലോകകപ്പ് കളിക്കുന്ന താരം അടുത്ത വർഷം ജനുവരിയിൽ ക്ലബിനൊപ്പം ചേരും.
ആഴ്ചയിൽ 500,000 പൗണ്ടിനു മുകളിൽ മൂല്യമുള്ള കരാർ അവസാനിക്കാൻ ഏഴ് മാസംകൂടി ബാക്കിയുണ്ടായിരുന്ന അവസരത്തിലാണ് റൊണാൾഡോ കരാർ അവസാനിപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞ ശേഷം പുതിയ ക്ലബ് തേടുന്ന അവസരത്തിലാണ് വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ് അൽ നസ്ര് രംഗത്തെത്തുന്നത്.
വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാൾഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്‌ബോൾ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകൾക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞിരുന്നു. യുണൈറ്റിൽ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാംവരവിൽ 54 കളിയിൽ 27 തവണ വലകുലുക്കി. 2003 മുതൽ 2009 വരെയായിരുന്നു യുണൈറ്റഡിൽ റോണോയുടെ ആദ്യ കാലം.
യുവന്റസിൽ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ താരം ക്ലബിൽ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാർത്തകൾ പുറത്തുവന്നിരുന്നു. ക്ലബ് വിടാൻ സിആർ7 നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.
എന്നാൽ സീസണിലെ ഏറെ മത്സരങ്ങളിൽ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓൾഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എറിക് ടെൻ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ റോണോ വ്യക്തമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ക്ലബിലേക്കെടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബയേൺ മ്യൂണിക് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സൂപ്പർതാരത്തെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കുന്നുവെന്ന വാർത്തൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു നീക്കത്തിന് താൽപര്യമില്ലെന്ന് ക്ലബ് വ്യക്തമാക്കി. റൊണാൾഡോയെ സ്വന്തമാക്കാൻ വേണ്ടി ആലോചിച്ചിരുന്നെങ്കിലും തങ്ങൾ അതിനായി യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും നിലവിൽ റൊണാൾഡോക്കായി ശ്രമിക്കില്ലെന്നും ബയേൺ മ്യൂണികിന്റെ സിഇഒയായ ഒലിവർ ഖാൻ വെളിപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്