- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതു റഫറിയുടെ പിഴവാണ്; ബെംഗളൂരുവിനെക്കൊണ്ട് റീകിക്ക് എടുപ്പിക്കണമായിരുന്നു; വാർ ഉണ്ടായിരുന്നെങ്കിൽ റഫറിയുടെ തീരുമാനം പിൻവലിക്കുമായിരുന്നുവെന്നും മുൻ റഫറിമാർ; ചോദ്യങ്ങൾ നേരിടേണ്ടത് റഫറിയെന്ന് മാർസലീഞ്ഞോ; കലിപ്പടങ്ങാതെ ആരാധകർ
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുറത്താകലിന് വഴിവച്ച ബെംഗളൂരു എഫ്‌സിയുടെ ഗോളിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നില്ല. മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് ഫ്രീകിക്ക് ഗോൾ അനുവദിച്ചത് മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ പിഴവാണെന്ന് ഇന്ത്യയിലെ മുൻ റഫറിമാർ വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
''അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിർ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോൾ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാൻ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.'' ദേശീയ തലത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു മാധ്യമത്തോടു പ്രതികരിച്ചു. ''ഇന്ത്യൻ സൂപ്പർ ലീഗിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാർ) ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനം പിൻവലിക്കുമായിരുന്നു.'' മുൻ റഫറി വ്യക്തമാക്കി.
ബെംഗളൂരു ഗോൾ നേടിയതിനു പിന്നാലെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ റഫറി ക്രിസ്റ്റൽ ജോണിനെ സമീപിച്ചെങ്കിലും അതു ഗോൾ തന്നെയാണെന്ന നിലപാടിൽ റഫറി തുടരുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈം അവസാനിച്ചതോടെ ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിച്ചു.
ബെംഗളൂരുവിനെക്കൊണ്ട് റീകിക്ക് എടുപ്പിക്കണമായിരുന്നെന്ന അഭിപ്രായമാണ് മുൻ താരങ്ങളും റഫറിമാരും പങ്കുവയ്ക്കുന്നത്. നോക്കൗട്ടിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0ന് മറികടന്ന് ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ സെമി ഫൈനലിൽ കടക്കുകയായിരുന്നു. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടപ്പോൾ അധികസമയത്ത് 96-ാം മിനുറ്റിൽ ഛേത്രിയെടുത്ത ക്വിക്ക് ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സൂഖൻ ഗില്ലിനെ കാഴ്ചക്കാരനാക്കി വലയിലെത്തി.
റഫറി ഇത് ഗോളായി വിധിച്ചപ്പോൾ കിക്ക് തടുക്കാൻ തയ്യാറാകാൻ സമയം അനുവദിച്ചില്ല എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ചു. സൈഡ് ലൈനിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ലൈൻ റഫറിയുമായി തർക്കിച്ചു. റഫറി ഗോളിൽ ഉറച്ചുനിന്നതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് കളി നിർത്തി മടങ്ങിവരാൻ ഇവാൻ ആംഗ്യം കാട്ടുകയായിരുന്നു.
വിവാദ ഫ്രീകിക്ക് ഗോളിൽ റഫറിയെ വിമർശിച്ച് സൂപ്പർ താരം മാർസലീഞ്ഞോയും രംഗത്ത് വന്നിരുന്നു. 'എന്റെ അഭിപ്രായത്തിൽ ആ ഫൗൾ ന്യായമായിരുന്നു. എന്നാൽ കളിക്കാരനുമായി ആശയ വിനിമയം ചെയ്ത റഫറിയാണ് ചോദ്യങ്ങൾ നേരിടേണ്ടത്. ഫ്രീകിക്ക് എടുക്കവേ പ്രതിരോധക്കോട്ട ഒരുക്കാൻ പോകുന്നതായി റഫറിക്ക് പറയാമായിരുന്നു. അല്ലാതെ തീരുമാനം എടുക്കാൻ കിക്കെടുക്കുന്ന കളിക്കാരനോടല്ല ആവശ്യപ്പെടേണ്ടത്' എന്നുമാണ് മാർസലീഞ്ഞോ ട്വീറ്റ് ചെയ്തത്.
അതേ സമയം വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെ ഐഎസ്എല്ലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അൺഫോളോ ക്യാംപയിൻ തുടരുകയാണ്. റഫറിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്നും മൈതാനം വിടാൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് എടുത്ത തീരുമാനം ശരിയാണ് എന്ന് വാദിച്ചുമാണ് അൺഫോളോ ക്യാംപയിന് മഞ്ഞപ്പട ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം നൽകിയത്.
പിന്നാലെ ഐഎസ്എല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവുണ്ടായി. 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന അക്കൗണ്ടിനിപ്പോൾ 15 ലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പോയതിന് ബ്ലാസ്റ്റേഴ്‌സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാൽ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്‌ബുക്കിലും ട്വിറ്ററിലും കാണാം.
സ്പോർട്സ് ഡെസ്ക്