കോഴിക്കോട്: ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി വെറും 19 ദിവസങ്ങൾ മാത്രം. ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ, മിന്നും താരങ്ങളുടെ പ്രകടനം നേരിട്ടുകാണാൻ ഖത്തറിലേക്ക് തിരിക്കാൻ കടുത്ത ആരാധകർ തയ്യാറെടുത്തുകഴിഞ്ഞു. ലോകോത്തര താരങ്ങളുടെ കട്ടൗട്ടുകളും ജഴ്‌സികളും തെരുവോരങ്ങളിൽ നിറയുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്.

കേരളത്തിൽ, പ്രത്യേകിച്ച് മലബാറും ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. കൂറ്റൻ കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോർഡുകളുമായി ആരാധകർ കളം പിടിച്ചുതുടങ്ങി. പ്രധാനമായും അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജർമ്മനി, സ്‌പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും ഈ കൊച്ചുകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട്.

ഇപ്പോഴിതാ കോഴിക്കോട് ജില്ലയിൽ ഒരു പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച അർജന്റീന നായകൻ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്.

ചാത്തമംഗലം എൻഐടിക്ക് സമീപം പുള്ളാവൂരിലെ അർജന്റീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ ഭീമൻ കട്ടൗട്ട് ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം മുമ്പാണ് പുള്ളാവൂരിലെ അർജന്റീന ആരാധകർ പുഴയുടെ നടുവിൽ അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സി ധരിച്ച് നിൽക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളിൽ ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. ഈ കട്ടൗട്ട് ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി.

ഇപ്പോഴിതാ അർജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്റീന ആരാധകരും അവർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടും ഇടംപിടിച്ചിരിക്കുകയാണ്.

ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്സിക്കോ സിറ്റിയിൽ കപ്പുയർത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ.

ഏതായാലും ഈ പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം വൈറലായി കഴിഞ്ഞ പോസ്റ്റിന് പതിനയ്യായിരത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് ആളുകൾ പോസ്റ്റിൽ കമന്റിടുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഫുട്‌ബോൾ ആവേശം വരുംദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്‌ബോൾ ലോകകപ്പിനെ വരവരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഉയരും. ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.