ദോഹ: ഖത്തർ ലോക കപ്പിന്റെ അംബാസിഡറായി 10 മില്യൺ പൗണ്ടിന്റെ കരാറാണ് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം ഒപ്പിട്ടിരിക്കുന്നത്. ഖത്തറിൽ നടക്കുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകത്തിന്റെ പല കോണുകളിൽ നിന്നായി മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് ഡേവിഡ് ബെക്കാം ഈ കരാറിൽ ഒപ്പു വച്ചത്. അതോടെ ബെക്കാമിനെതിരെയും പല പ്രതിഷേധങ്ങളും നടന്നു.

അതിൽ നിന്നെല്ലാം വ്യത്യസ്തമായ സമ്മർദ്ദങ്ങളാണ് ഇപ്പോൾ ബെക്കാമിന് മേൽ വന്നിരിക്കുന്നത്. ഖത്തർ നാഷണൽബാങ്കിൽ നിന്നുമെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ രണ്ടു വർഷത്തെ തടവു ശിക്ഷ അഭിമുഖീകരിക്കുന്ന സ്‌കോട്ടിഷ് പൗരനെ ജയിൽ വിമോചിതനാക്കുവാൻ ബെക്കാം ഇടപെടണം എന്നാണ് ഇപ്പോൽ പൂതുജനമദ്ധ്യത്തിൽ നിന്നും ഉയരുന്ന ആവശ്യം.അതിനിടയിലാണ് ഖത്തറിൽ സ്വവർഗ്ഗാനുരാഗികളുടെ അവകാശം കാത്തുസൂക്ഷിക്കുവാൻ പോരാട്ടം നടത്തുന്ന വ്യക്തിയെബെക്കാം ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു എന്ന ആരോപണവും ഉയരുന്നത്.

മൂന്ന് കുട്ടികളുടെ പിതാവായ ബ്രിയാൻ ഗ്ലെൻഡിനിങ് എന്ന 43 കാരൻ ബി പി ഓയിൽ കമ്പനിയിൽ ജോലി ലഭിച്ചതിനാലായിരുന്നു കഴിഞ്ഞ മാസം ഇറാഖിൽ എത്തിയത്. എന്നാൽ, ഖത്തറിൽ നിന്നുള്ള ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖത്തർ നാഷണൽ ബാങ്കിൽ നിന്നും എടുത്ത ഒരു വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട ഒരു കേസാണ് അറസ്റ്റിൽ കലാശിച്ചത്. അന്നു മുതൽ അയാൾ ബാഗ്ദാദിൽ ജയിൽവാസം അനുഷ്ടിക്കുകയാണ്. അയാളുടെ കുടുംബം അയാളുടെ മോചനത്തിനായി എല്ലാ വഴികളും തേടുകയുമാണ്.

ഇതിന്റെ ഭാഗമായി ഇയാളുടെ കുടുംബം തന്നെ ഇപ്പോൾ ബെക്കാമിനോട് നേരിട്ട് ഈ കേസിൽ ഇടപെട്ട് ബ്രിയാന്റെ മോചനം സാധ്യമാക്കണം എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഖത്തറിൽ നിന്നുള്ള പരതിയായതിനാൽ ഇയാളെ ഉടൻ തന്നെ ഇറാഖിൽ നിന്നും നാടുകടത്തും. ലോകകപ്പ് ഫുട്ബോൾ അംബാസിഡർ എന്ന നിലയിൽ ബെക്കാം സഹായിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. നിയമനടപടികൾ തുടർന്ന് കൊണ്ടു പോകുന്നതിനുള്ള 40,000 പൗണ്ട് സ്വരൂപിക്കാൻ തത്രപ്പെടുകയാണ് ഇപ്പോൾ ഈ കുടുംബം.

കൺസ്ട്രകഷൻ എഞ്ചിനീയറായിരുന്ന ബ്രിയാൻ ദോഹയിൽ ജോലി ചെയ്തിരുന്ന സമയത്ത് 2016 ൽ ആയിരുന്നു ബാങ്കിൽ നിന്നും 20,000 പൗണ്ട് വായ്പ എടുത്തത്. എന്നാൽ, അയാൾക്ക് ജോലി നഷ്ടപ്പെടുകയും രോഗബാധിതനാവുകയും ചെയ്തതോടെ വായ്പ തിരിച്ചടക്കാൻ ആകാതെ വരികയയിരുന്നു. തുടർന്നായിരുന്നു ഇയാൾക്കെതിരെ കേസ് എടുത്തത്.

ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ ബെക്കാമിനു മേൽ ഒരു സമ്മർദ്ദമായി ഉയരുന്നതിനിടയിലാണ് ഡോ. നാസ് മുഹമ്മറ്റ് എന്ന 35 കാരൻ ബെക്കാം തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും ബ്ലോക്ക് ചെയ്തു എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഖത്തർ സ്വദേശിയായ ഇയാൾ ആദ്യമായി താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യപ്പെടുത്തിയ ഖത്തർ പൗരൻ കൂടിയാണ്. അമേരിക്കയിൽ അഭയം ലഭിക്കാനായി ശ്രമിക്കുന്ന ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ ഖത്തറിന്റെ സ്വവർഗ്ഗാനുരാഗികളോടുള്ള നിലപാടുകൾ തുറന്നു കാട്ടാറുണ്ട്.

സ്വവർഗ്ഗാനുരാഗം ഖത്തർ നിയമ പ്രകാരം വലിയ ക്രിമിനൽ കുറ്റം തന്നെയാണ്. ഒരുപക്ഷെ വധിശിക്ഷവരെ ലഭിക്കാവുന്ന ഈ നിയമത്തിനെതിരെയാണ് ഡോ. നാസ് പോരാടുന്നത്. ബെക്കാം ഖത്തർ ലോകകപ്പിന്റെ അംബാസിഡർ ആയതോടെ തന്റെ പോസ്റ്റുകൾകൂടൂതൽ ശ്രദ്ധിക്കപ്പെടാനായി ഇയാൾ ബെക്കാമിനെ കൂടെ ടാഗ് ചെയ്യാൻ ആരംഭിച്ചു.ഇത്തരത്തിൽ സ്വവർഗ്ഗാനുരാഗികളെ സഹായിക്കുന്നതിനുള്ള നിരവധി പോസ്റ്റുകളായിരുന്നു ഇയാൾ ബെക്കാമിനെ ടാഗ് ചെയ്തത്.

പ്രേമം ഒരു കുറ്റമല്ല, സ്വവർഗ്ഗാനുരാഗിയാവുക എന്നതും ഒരു കുറ്റമല്ല, എന്നതുൾപ്പടെ നിരവധി പോസ്റ്റുകളിലാണ് ഇയാൾ ബെക്കാമിനെ ടാഗ് ചെയ്തത്. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ തനിക്ക് ബെക്കാമിന്റെ അക്കൗണ്ട് ദൃശ്യമായില്ലെന്നും കൂടുതൽ പരിശോധിച്ചപ്പോൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസ്സിലായെന്നുമാണ് നാസ് പറയുന്നത്. ഇതിനെതിരെയും ബെക്കാമിന് രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്.