ലണ്ടൻ: ലോകകപ്പിൽ അർജന്റീനയുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവും താരത്തിനായിരുന്നു. ലോകകപ്പിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിനായി ആസ്റ്റൺ വില്ലയിലേക്ക് താരം മടങ്ങിയെത്തിയിരുന്നു.

വെസ്റ്റ് മിഡ്ലൻഡിലാണ് മാർട്ടിനസ് താമസിക്കുന്നത്. അതേ സമയം ലോകകപ്പ് മെഡൽ മോഷണം പോകാതിരിക്കാൻ കാവലിനായി 20,000 യൂറോ (19 ലക്ഷം രൂപ) വിലവരുന്ന നായയെ വാങ്ങിയിരിക്കുകയാണ് അർജന്റീനയുടെ സൂപ്പർ ഗോൾകീപ്പർ.

ബ്രിട്ടന്റെ സ്പെഷൽ എയർ സർവീസും (എസ്.എ.എസ്) യുഎസ്. നേവിയും തങ്ങളുടെ ഏറ്റുമുട്ടൽ മേഖലകളിൽ ഉപയോഗിക്കുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായയെയാണ് മാർട്ടിനസ് 19 ലക്ഷം വാരിയെറിഞ്ഞ് സ്വന്തമാക്കിയിരിക്കുന്നത്.

യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളിൽ പലരും അടുത്തിടെ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങൾ ഏറിവരുന്നതിനിടെയാണ് മാർട്ടിനസിന്റെ ഈ നടപടി. ഖത്തർ ലോകകപ്പിനിടെ ആയുധ ധാരികളായ അക്രമികൾ ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ്ങിന്റെ വീട് ആക്രമിച്ചിരുന്നു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് പിയറി ഔബമേയങ്ങിനെയും കുടുംബത്തെയും അക്രമികൾ തോക്കിന്മുനയിൽനിർത്തി സേഫ് തുറപ്പിച്ച് ആഭരണങ്ങളുമായി കടന്നിരുന്നു.

ചെൽസി കോച്ചും മുൻ ഇംഗ്ലണ്ട് താരവുമായ് ഫ്രാങ്ക് ലാംപാർഡിന്റെ വീട്ടിലും മൂന്നുവട്ടം അക്രമികൾ കയറി. ആഭരണശേഖരം അപ്പാടെ കൊണ്ടുപോയി. ബെൻഫിക്കയുടെ ഡിഫൻഡർ നിക്കൊളാസ് ഒട്ടാമെൻഡി 2021 ഡിസംബറിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു.

2022 ജനുവരിയിൽ ബ്രെന്റ്ഫോഡിനെതിരായ മത്സരം കളിച്ചുകൊണ്ടിരിക്കെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സ്വീഡിഷ് താരം വിക്ടോർ ലിൻഡലോഫിന്റെ ലണ്ടനിലെ വസതിയിൽ കൊള്ളക്കാരെത്തിയത്. അക്രമികൾ അകത്തുകയറുംമുമ്പേ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയിൽക്കയറി കുറ്റിയിട്ടു.

പേടിച്ചുമരിച്ചുപോകുന്ന അവസ്ഥയിലായിരുന്നെന്ന് താരത്തിന്റെ ഭാര്യ മാജ പിന്നീട് പറഞ്ഞു.ഡിസംബറിൽ മാഞ്ചെസ്റ്റർ സിറ്റി താരം ജോവോ കാൻലസലോയുടെ മാഞ്ചെസ്റ്ററിലെ വീട്ടിൽ കൊള്ളസംഘമെത്തി. ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് ആക്രമിച്ചു.